‘അവരുടെ മുഖമൊന്നു കാണാൻ എനിക്ക് അവസരം കിട്ടിയില്ല, ശബ്ദം മാത്രമാണ് കേട്ടിരുന്നത്’;കൊവിഡ് രോഗമുക്തി നേടിയ ഹർഷ പറയുന്നു

‘അവരുടെ മുഖമൊന്നു കാണാൻ എനിക്ക് അവസരം കിട്ടിയില്ല. മുഖത്ത് മാസ്‌ക് ധരിച്ച് ശരീരം മുഴുവൻ മൂടിയായിരുന്നു അവർ എന്റെ മുറിയിൽ പ്രവേശിച്ചിരുന്നത്. ചികിത്സയ്ക്കിടയിൽ ഞാനവരുടെ ശബ്ദം മാത്രമാണ് കേട്ടത്. അവരോട് നന്ദി പറയേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയില്ല’. ആന്ധ്രപ്രദേശ് സ്വദേശി പാണ്ഡ്യാല ഹർഷ എന്ന വിദ്യാർത്ഥിയുടെതാണ് ഈ വാക്കുകൾ.

കൊവിഡ് എന്ന മഹാമാരിയിൽ നിന്നും തന്നെ രക്ഷിച്ച ഡോക്ടർമാരോടും നഴ്സുമാരോടും ആരോഗ്യപ്രവർത്തകരോടുമുള്ള നന്ദി പ്രകടിപ്പിക്കാൻ വാക്കുകളില്ലാതെ ഹർഷ കുഴയുന്നത്. ആന്ധ്രയിൽ കൊവിഡിൽ നിന്നും രോഗവിമുക്തി നേടിയ രണ്ടാമത്തെ വ്യക്തയാണ് ഹർഷ.

ലണ്ടനിലെ കിംഗ്സ് കോളജിൽ എംബിഎ വിദ്യാർത്ഥിയായിരുന്നു ഹർഷ. യുകെയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ഇന്ത്യൻ വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങിയതിന്റെ കൂട്ടത്തിലാണ് ഹർഷയും തിരികെയെത്തുന്നത്. മാർച്ച് പതിനേഴിന് ഹർഷ ഹൈദരാബാദിൽ തിരിച്ചെത്തി. വിദേശത്തു നിന്നും വന്നതിനാൽ ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയത് മടികൂടാതെ അനുസരിച്ചു. 14 ദിവസത്തെ ക്വാറന്റീനിൽ കഴിയുന്നതിനിടയിലാണ് ഹർഷയെ സുഹൃത്ത് വിളിച്ച് അയാൾക്ക് കൊറോണ വൈറസ് ബാധിച്ചതായി അറിയിക്കുന്നത്. പിന്നെയൊട്ടും വൈകിയില്ല, ഹർഷയും പരിശോധനയ്ക്ക് വിധേയനായി. ‘പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ആദ്യം ഭയപ്പെട്ടെങ്കിലും ഈ അവസ്ഥ മറികടക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. മാതാപിതാക്കളെയും കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി; ഹർഷ പറയുന്നു. ആന്ധ്രാപ്രദേശിന്റെ കൊവിഡ് രോഗബാധിതരുടെ ലിസ്റ്റിൽ എട്ടാമനായിരുന്നു പാണ്ഡ്യാല ഹർഷ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.

തന്റെ അനുഭവം ഹർഷ എല്ലാവരോടുമായി പങ്കുവയ്ക്കുന്നുണ്ട്. ‘കൊവിഡ് 19 പതിവായി നമുക്ക് വരുന്ന വൈറസ് ഇൻഫക്ഷൻ പോലെയല്ല. പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഇതിനില്ല. എന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. ആശുപത്രിയിൽ എനിക്കൊപ്പം ഉണ്ടായിരുന്ന രോഗികളിൽ പലരുടെയും കാര്യവും വ്യത്യസ്തമായിരുന്നില്ല. രോഗലക്ഷണങ്ങൾ ഇല്ലാത്തതുകൊണ്ട് ഇത് കൈകാര്യം ചെയ്യാൻ എളുപ്പമാണന്നും ധരിക്കരുത്. എപ്പോഴാണ് ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഈ വൈറസ് തകരാറിലാക്കുകയെന്നറിയിൻ കഴിയില്ല. അതുവഴി മരണത്തിലേക്കും അവ നിങ്ങളെ നയിക്കും’ ഹർഷ മുന്നറിയിപ്പോടെ പറയുന്നു.

രോഗം മറികടക്കാമെന്ന ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നാണ് പാണ്ഡ്യാല ഹർഷ പറയുന്നത്. രോഗത്തെക്കുറിച്ചോർത്ത് പരിഭ്രാന്തരാവുകയല്ല വേണ്ടത്, ഈ പോരാട്ടം ജയിക്കുന്നതിന് മാനസിക ധൈര്യം ഉണ്ടാക്കുക. ഈ അസുഖത്തിന് ചികിത്സ തേടി ആശുപത്രിയിൽ പോകുന്നത് നാണക്കേടാണെന്നു വിചാരിക്കരുത്. നിങ്ങൾ ചുറ്റുമുള്ളവരെ അകറ്റി നിർത്തി രക്ഷിക്കുകയാണെന്നോർത്ത് അഭിമാനിക്കണം. എന്തു ചെയ്യണമെന്നത് ചിന്തിച്ചു ചെയ്യണം. പക്ഷേ, സമയത്ത് തന്നെ ചെയ്യണം, പിന്നീടൊരവസരം കിട്ടണമെന്നില്ല.

Story highlight: Harsha, andrapradesh,covid 19നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More