ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമയിൽ വിശ്വാസികൾ ഇന്ന് ഓശാന ആചരിക്കുന്നു

യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഓശാന ആചരിക്കുന്നു. ഈസ്റ്ററിന് മുന്നോടിയായുള്ള വിശുദ്ധ വാരത്തിന്റെ തുടക്കം കൂടിയാണ് ഓശാന ഞായർ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ജന പങ്കാളിത്തമില്ലാതെയാണ് പള്ളികളിൽ ഓശാന തിരുക്കർമ്മങ്ങൾ നടന്നത്.
യേശുക്രിസ്തുവിനെ ജനക്കൂട്ടം ഒലിവിൻ ചില്ലകളും ആർപ്പ് വിളികളുമായി ജറുസലേമിലേക്ക് വരവേറ്റതിന്റൈ ഓർമ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ ആചരിക്കുന്നത്. ഇക്കുറി പക്ഷേ കോവിഡ് വ്യാപന ഭീഷണിയും ലോക്ക് ഡൗൺ നിയന്ത്രണങ്ങളും ഓശാന ദിനത്തിലും വിശ്വാസികളെ വീട്ടിലിരുത്തി. പരമാവധി അഞ്ച് പേർക്ക് മാത്രമാണ് പള്ളികളിലെ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നത്. പുരോഹിതരും സഹശുശ്രൂഷികളും മാത്രമാണ് കുർബാനയും ഇതര ചടങ്ങുകളും നടത്തിയത്. ഓശാന പെരുന്നാൾ ദിനത്തിലെ പ്രധാന ചടങ്ങായ കുരുത്തോല വിതരണവും പ്രദിക്ഷണവും ഇക്കുറിയുണ്ടായില്ല. എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി
പാളയം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പ്രാർത്ഥനകൾക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം സൂസേപാക്യം നേതൃത്വം നൽകി.
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ബസേലിയോസ് മാർ ക്ലിമീസ് ഓശാന ദിന പ്രാർത്ഥനകൾ നിർവഹിച്ചു. തിരുവാങ്കുളം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നടന്ന ഓശാന ദിന പ്രാർത്ഥനകൾക്ക് യാക്കോബായ സഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് നേതൃത്വത്വം നൽകി.
പരുമല പള്ളിയിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിദീയൻ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഓശാനയ്ക്ക് പിന്നാലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കുന്ന പെസഹ, കുരിശു മരണത്തിന്റെ ദുഖവെള്ളി, ഉയിർപ്പിന്റെ സ്മരണയായ ഈസ്റ്റർ ആചരണം എന്നിവയിലേക്ക് ക്രൈസ്തവ വിശ്വാസികൾ കടക്കും.
Story highlight: Believers, today celebrate, the entry of Christ into Jerusalem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here