Advertisement

ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനയിൽ 2865 കിലോ മത്സ്യം പിടികൂടി

April 5, 2020
Google News 2 minutes Read

മത്സ്യങ്ങളിൽ വിവിധതരം രാസവസ്തുക്കൾ ചേർത്ത് വിൽപന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപറേഷൻ സാഗർറാണി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ അറിയിച്ചു. ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളിൽ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു.

സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളിൽ 14 സ്ഥലങ്ങളിൽ നോട്ടീസ് നൽകുകയും ചെയ്തു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മത്സ്യങ്ങളിൽ മായം ചേർക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഓപറേഷൻ സാഗർ റാണി ശക്തിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം 12, കൊല്ലം 26, പത്തനംതിട്ട 14, ആലപ്പുഴ 10, കോട്ടയം 13, ഇടുക്കി 4, എറണാകുളം 11, തൃശൂർ 12, പാലക്കാട് 15, മലപ്പുറം 12, കോഴിക്കോട് 24, വയനാട് 5, കണ്ണൂർ 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പരിശോധനകൾ നടത്തിയത്. ഇതിൽ കൊല്ലം 9, പത്തനംതിട്ട 1, ആലപ്പുഴ 2, എറണാകുളം 2 എന്നിങ്ങനെയാണ് നോട്ടീസ് നൽകിയത്.

2018ൽ ആരംഭിച്ച ഓപറേഷൻ സാഗർ റാണി മൂന്ന് ഘട്ടങ്ങളായാണ് നടപ്പിലാക്കിയത്. മത്സ്യബന്ധന തൊഴിലാളികൾ, ഫിഷ് മർച്ചന്റ് അസോസിയേഷൻ അംഗങ്ങൾ എന്നിവർക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ബോധവത്കരണം നടത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്. റസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ എന്നിവരുടെ സഹായത്താൽ മത്സ്യ ഉപഭോതാക്കൾക്കും ഇത് സംബന്ധിച്ച് ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മത്സ്യബന്ധന വിതരണ കേന്ദ്രങ്ങൾ പരിശോധിച്ച് മത്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകൾ ശേഖരിച്ച് അവയുടെ കെമിക്കൽ, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാം ഘട്ടത്തിൽ ചെയ്തത്. ഇതിൽ കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കർശനമായ പരിശോധന നടത്തുകയായിരുന്നു മൂന്നാം ഘട്ടത്തിൽ ചെയ്തത്.

Story highlight: Operation Sagar Rani, strengthened, 2865 kg of fish were caught

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here