ഗായിക കനികാ കപൂറിന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്

ബോളിവുഡ് ഗായിക കനികാ കപൂറിന്റെ കൊവിഡ് പരിശോധനാ ഫലം ഒടുവിൽ നെഗറ്റീവ്. മുൻപ് നടത്തിയ നാല് പരിശോധനകളും ഫലം പോസിറ്റീവായിരുന്നു. എന്നാൽ ഒരു തവണ കൂടി കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞാൽ മാത്രമേ രോഗം ഭേദമായെന്ന് സ്ഥിരീകരിക്കാനാകുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അതിനാൽ കനിക ആശുപത്രിയിൽ തന്നെ തുടരും.
നാലാമത്തെ കൊവിഡ് ടെസ്റ്റും പോസിറ്റീവായതിനെ തുടർന്ന് വികാരനിർഭരമായ കുറിപ്പ് കനിക സമൂഹ മാധ്യമത്തിൽ കുറിച്ചിരുന്നു. അടുത്തഫലം നെഗറ്റീവായിരുന്നെങ്കിലെന്ന് അവർ കുറിപ്പിൽ പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ മാസം 20നാണ് കൊവിഡ് സ്ഥിരീകരിച്ച ഗായികയെ ലഖ്‌നൗവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതിനിടെ കനികാ കപൂറിനെതിരേ ആശുപത്രിയധികൃതർ രംഗത്തെത്തിയിരുന്നു. കനിക ഒരു രോഗിയെപോലെ പെരുമാറണമെന്നും താരജാട ഒഴിവാക്കണമെന്നുമാണ് ഗായിക ചികിത്സയിൽ കഴിയുന്ന ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ സയൻസ് അധികൃതർ പറഞ്ഞത്.
‘കനിക ഞങ്ങളോട് ഒരു രോഗിയെന്ന പോലെ സഹകരിക്കണം, പിടിവാശികൾ ഉപേക്ഷിക്കണം. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഞങ്ങൾ അവർക്ക് നൽകുന്നത്. ആശുപത്രിയുടെ അടുക്കളയിൽ നിന്നുള്ള ഭക്ഷണം, ടോയ്ലെറ്റോട് കൂടി ഐസോലേറ്റഡ് എസി റൂം, കിടക്ക, ടെലിവിഷൻ എന്നിവയെല്ലാം അവർക്കായി സജ്ജമാക്കിയിട്ടുണ്ട്. കനിക തീർച്ചയായും ഞങ്ങളോട് പരമാവധി സഹകരിച്ചേ മതിയാകൂ. അങ്ങേയറ്റത്തെ പരിചരണം ഞങ്ങൾ അവർക്ക് നൽകുമ്പോൾ, അവരൊരു രോഗിയാണെന്ന ബോധ്യത്തിലാണ് ഇവിടെ കഴിയേണ്ടത്, അല്ലാതെ താരമായിട്ടല്ല; ആശുപത്രി ഡയറക്ടർ ഡോ. ആർകെ ധിമൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒൻപതാം തിയതി ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ ഇവർ നിരീക്ഷണത്തിൽ കഴിയാതെ പാർട്ടികളിൽ പങ്കെടുത്തത് വിവാദമായിരുന്നു. ഇവർ പാർട്ടികളിൽ പങ്കെടുത്തിനെ തുടർന്ന് കനികയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട നിരവധി സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും നിരീക്ഷണത്തിലായി. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലും കനിക സഹകരിച്ചിരുന്നില്ല.
kanika kapoor, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here