‘ഉപേക്ഷിച്ച മുട്ടകൾ ഒരാഴ്ച കൊണ്ട് തനിയെ വിരിഞ്ഞു’; വ്യാജ വാർത്ത പങ്കുവച്ച് കിരൺ ബേദി

കൊവിഡ് 19 വൈറസ് ബാധ പടരുമ്പോഴും വ്യാജവാർത്തകൾ ഇടതടവില്ലാതെ പ്രചരിക്കുകയാണ്. പല പ്രമുഖരും വ്യാജവാർത്തകൾ പങ്കുവച്ച് അബദ്ധത്തിൽ ചാടാറുണ്ട്. എന്നാൽ പലതവണ അബദ്ധം പറ്റിയിട്ടും പാഠം പഠിക്കാത്ത ഒരാളുണ്ട്, ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസറായ കിരൺ ബേദി. ഇത്തവണ ഉപേക്ഷിച്ച മുട്ടകൾ ഒരാഴ്ച കൊണ്ട് വിരിഞ്ഞെന്ന വ്യാജവാർത്തയുമായാണ് കിരൺ ബേദിയുടെ വരവ്. തന്റെ ട്വിറ്റർ ഹാൻഡിലിലാണ് ബേദി ഇത് പങ്കുവച്ചത്.

കുറേയധികം കോഴിക്കുഞ്ഞുങ്ങൾ പാഞ്ഞു നടക്കുന്ന വീഡിയോ ആണ് ട്വീറ്റിൽ ഉള്ളത്. ‘കൊറോണ കാരണം വലിച്ചെറിഞ്ഞ മുട്ടകൾ ഒരാഴ്ചക്ക് ശേഷം വിരിഞ്ഞു. ജീവിതത്തിന് അതിന്റേതായ നിഗൂഢരീതികളുണ്ട്’- വീഡിയോയ്‌ക്കൊപ്പമുള്ള വിവരണത്തിൽ ബേദി കുറിച്ചു. അതോടെ നിരവധി ഉപയോക്താക്കൾ ബേദിയെ വിമർശിച്ച് രംഗത്തെത്തി. വാട്‌സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യണമെന്നാണ് ചിലർ ബേദിയെ ഉപദേശിച്ചത്. മറ്റു ചിലരാവട്ടെ, കോഴി അടയിരുന്നില്ലെങ്കിൽ മുട്ട വിരിയില്ല എന്ന പ്രപഞ്ച സത്യം ബേദിക്ക് മനസ്സിലാക്കിക്കൊടുത്തു.


എങ്കിലും, ഇതുവരെ ട്വീറ്റ് നീക്കം ചെയ്യാൻ ബേദി തയ്യാറായിട്ടില്ല. നേരത്തെ, കൊറോണ കർമഫലമാണെന്ന ബേദിയുടെ ട്വീറ്റ് ഏറെ വിവാദമായിരുന്നു. സൂര്യൻ ഓംകാരം മന്ത്രിക്കുന്ന വീഡിയോ എന്ന തലക്കെട്ടിൽ നാസ റെക്കോർഡ് ചെയ്തതെന്ന് അവകാശപ്പെട്ട് വീഡിയോ പങ്കുവെച്ചതും വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top