പ്രതിരോധ ശേഷി കൂട്ടാം ചായ കുടിച്ചുകൊണ്ട്; ചില ചായ റെസിപ്പികൾ

ചായ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. ഉറക്കം ഉണരുമ്പോൾ ആവി പറക്കുന്ന കടുപ്പത്തിലൊരു ചായ കിട്ടാൻ ആരാണ് ആഗ്രഹിക്കാത്തത് ? ജോലി ചെയ്ത് മടുക്കുമ്പോൾ ഉന്മേഷം തോന്നാനും ചിലർ ചായ കുടിക്കും. ഒടുക്കം വൈകീട്ട് ഒരു ചെറിയ നാല് മണി പലഹാരത്തിന്റെ സ്വാദിനൊപ്പം ഏലക്കയിട്ട ചായയുടെ നറുമണം…അങ്ങനെ ദിവസവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും നാം ചായ കുടിക്കാറുണ്ട്. എന്നാൽ കുറച്ചുകൂടി ഫലപ്രദമായ രീതിയിൽ നമുക്ക് ചായ കുടിച്ചാലോ ? കൊറോണയെ ചെറുക്കാൻ പ്രതിരോധ ശേഷി കൂട്ടിയേ തീരു. അതുകൊണ്ട് തന്നെ ഈ ചായപ്രേമത്തിലൂടെ നമുക്ക് പ്രതിരോധ ശേഷി കൂട്ടാം. അതിനായി ചില റെസിപ്പികൾ പരിചയപ്പെടാം…

തുളസി ചായ

തുളസിയില, അൽപ്പം മഞ്ഞൾ, ഇഞ്ചി, തേയില എന്നിവ തിളപ്പിക്കുക. മധുരം വേണ്ടവർക്ക് അൽപ്പം ശർക്കര ചേർക്കാം. ലോകപ്രശസ്ഥ പാചകവിദഗ്ധൻ സഞ്ജീവ് കപൂറിന്റെ ഇഷ്ട ചായകളിൽ ഒന്നാണ് ഈ തുളസി ചായ.

‘ഗുഡ് വാലി ചായ’

6-8 ഏലക്ക, 8-10 കുരുമുളക്, ഒരു ടീസ്പൂൺ പെരുംജീരകം എന്നിവ പൊടിക്കുക. രണ്ട് കപ്പ് പാൽ തിളപ്പിച്ച് ഓഫ് ചെയ്ത ശേഷം ഇതിൽ ഒരു കഷ്ണം ഇഞ്ചി ചുരണ്ടിയിടുക. ഇതിലേക്ക് പൊടിച്ചുവച്ച കൂട്ട് ചേർക്കുക. ഇതിലേക്ക് 2-3 ടീസ്പൂൺ തേയില ചേർത്ത് തിളപ്പിക്കുക. 1/4 കപ്പ് ശർക്കര ചേർത്ത് ചായ തയാറാക്കാം.

മസാല ചായ

നാല് ഏലക്ക, 1-2 ഗ്രാമ്പു, ഒരു ഇഞ്ച് പട്ട, ഒരു കുരുമുളക്, ഒരു പിഞ്ച് പെരുംജീരകം എന്നിവ നന്നായി പൊടിക്കുക. ഇവയെല്ലാം വെള്ളത്തിലിട്ട് തിളപ്പിച്ച്, ഇതിലേക്ക് തേയില ചേർക്കുക. ഇതിലേക്ക് ഇഞ്ചി ചതച്ചത് ഇടാം. 1/2 കപ്പ് പാലും ഒന്നര ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് തിളപ്പിക്കു. സ്വാദിഷ്ടമായ മസാല ചായ റെഡി.

കശ്മീരി കഹ്വ

ഒരു പാത്രമെടുത്ത് വെള്ളം തിളപ്പിക്കുക. ഇതിലേക്ക് പൊടിച്ച ഏലക്ക, പട്ട എന്നിവ ചേർക്കുക. കുങ്കൂമപ്പൂവ് അൽപ്പം ചേർക്കാം. ഒരു വലിയ സ്പൂൺ തേയില ചേർത്ത് ഇതിലേക്ക് 5-6 ബദാം അരിഞ്ഞത് ഇടുക. 1/4 കപ്പ് തേൻ കൂടി ചേർത്ത് ഗ്യാസ് ഓഫ് ചെയ്യാം.

Story Highlights- Chai, Tea, Recipe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top