കോട്ടയത്ത് ‘സ്നേഹക്കൂട്’ ട്രസ്റ്റിന്റെ തട്ടുകട സാമൂഹിക വിരുദ്ധർ തല്ലി തകർത്തു

കോട്ടയം കഞ്ഞിക്കുഴിയിലെ സ്നേഹക്കൂട് അഗതിമന്ദിരത്തിലെ അന്തേവാസികൾ ചേർന്ന് നടത്തുന്ന തട്ടുകട സാമൂഹിക വിരുദ്ധർ തല്ലി തകർത്തു. ഇതോടെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട അമ്മമാർക്ക് സംരക്ഷണം നൽകുന്ന സ്നേഹക്കൂടിൻ്റെ ഏകവരുമാന മാർഗമാണ് ഇല്ലാതായത്.

ഫ്ലവേഴ്സ് ഫാമിലി ക്ലബ് മെംബറും സ്നേഹക്കൂട് അഭയമന്ദിരം ഡയറക്ടറുമായ നിഷയുടെ നേതൃത്വത്തിലാണ് കളത്തിപ്പടിയിൽ കഞ്ഞി കഫേ എന്ന പേരിൽ തട്ടുകട നടത്തിയിരുന്നത്. ഉപേക്ഷിക്കപ്പെട്ട 25 അമ്മമാർക്ക് സംരക്ഷണം നൽകുന്ന സ്നേഹക്കൂടിൻ്റെ ചെലവുകൾക്ക് പണം എത്തിയിരുന്നത് കളത്തിപ്പടിയിലെ തട്ടുകടയിൽ നിന്നായിരുന്നു. ലോക്ക് ഡൗൺ മൂലം രണ്ടാഴ്ചയായി അടഞ്ഞു കിടക്കുകയായിരുന്ന തട്ടുകട ഇന്നലെ രാത്രി ചിലർ അടിച്ചു തകർത്തത്. ലോക്ക് ഡൗൺ നീങ്ങിയാലും നിലവിലെ സാഹചര്യത്തിൽ തട്ടുകട പ്രവർത്തിക്കാനാവില്ല. ഇതോടെ അന്തേവാസികളുടെ പരിപാലനത്തിനുള്ള പണം കണ്ടെത്താൻ മറ്റു മാർഗങ്ങൾ തേടേണ്ട സ്ഥിതിയിലാണ് സ്നേഹക്കൂട് കൂട്ടായ്മ.

സമീപത്തെ മറ്റു കടകളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവികൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം.

കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന മൺകോപ്പച്ചട്ടി, പാത്രങ്ങൾ, ലൈറ്റുകൾ, ബെഞ്ച്, ഡെസ്ക്, കസേരകൾ വെള്ള ടാങ്ക് എന്നിവയും സാമൂഹ്യ വിരുദ്ധർ തകർത്തു. ഏകദേശം അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സ്നേഹക്കൂട് ഡയറക്ടർ നിഷ അറിയിച്ചത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More