Advertisement

ന്യൂസ് ചാനലുകളുമായുള്ള പരസ്യ ഇടപാട് പുനഃക്രമീകരിക്കരുത്: കൊവിഡ് പ്രത്യേക സാഹചര്യത്തിൽ അഭ്യർത്ഥനയുമായി എൻബിഎഫ്

April 9, 2020
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ന്യൂസ് ചാനലുകളുമായുള്ള പരസ്യ ഇടപാട് പുനഃക്രമീകരിക്കരുതെന്ന അഭ്യർത്ഥനയുമായി ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷൻ. ബ്രോഡ്കാസ്റ്റിം​ഗ് മേഖലയിലും കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ് എൻബിഎഫ് അഭ്യർത്ഥനയുമായി രം​ഗത്തെത്തിയരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പരസ്യം പിൻവലിക്കുകയോ പുനഃക്രമികരിക്കുകയോ ചെയ്യരുതെന്ന് എൻബിഎഫ് മീഡിയ ഉപഭോക്താക്കളോടും പരസ്യ ഏജൻസികളോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈ, ഡൽഹി, ബം​ഗളൂരു മേഖലകളിലെ മാധ്യമ ഏജൻസികൾ പ്രദേശത്തെ ബ്രോഡ്കാസ്റ്റർമാരുമായി ചർച്ച നടത്തിവരികയാണ്. ഭാവിയിൽ അവരെ ഉൾക്കൊള്ളുന്നതിനായി സാധാരണ നിരക്കിന്റെ 50 ശതമാനം നിരക്ക് കുറയ്ക്കാൻ അവരെ പ്രേരിപ്പിക്കുകയാണ്. ഇത് ശരിയായ നടപടിയല്ല. കൊവിഡിന്റെ വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക് ഡൗണും അതുണ്ടാക്കിയ സാമ്പത്തിക ആഘാതവുമെല്ലാം ദേശീയവും പ്രാദേശികവുമായ വാർത്താ പ്രക്ഷേപകരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഏകദേശം 200 ഒാളം ചാനലുകളാണ് ഉള്ളത്. ഇവയിൽ പലതിന്റേയും നിലനിൽപ് മീഡിയ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ (സംസ്ഥാനം, കേന്ദ്രം) എന്നിവിടങ്ങളിൽ നിന്നുള്ള പരസ്യത്തെ ആശ്രയിച്ചാണെന്നും എൻബിഎഫ് ചൂണ്ടിക്കാട്ടി.

ലോക്ക് ഡൗൺ മൂലം പരസ്യത്തിൽ നിന്നുള്ള മിനിമം പിന്തുണയും ചെലവ് വർധിച്ചതും വാർത്താ പ്രക്ഷേപകർക്കിടയിൽ സാമ്പത്തിക സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ സ്കീമിലുള്ള ഫലപ്രദമായ നിരക്കുകൾ കുറയ്ക്കുന്നത് പ്രാദേശിക വാർത്താ പ്രക്ഷേപകർക്ക് കാര്യങ്ങൾ കൂടുതൽ വഷളാക്കും. കൊവിഡിന് ശേഷമുള്ള അവരുടെ നിലനിൽപിനെ ഇത് ചോദ്യം ചെയ്യുന്നുവെന്നും എൻബിഎഫ് അഭിപ്രായപ്പെട്ടു.

ഈ നിർണായക സമയത്ത് മീഡിയ ഏജൻസികളും പരസ്യദാതാക്കളും വീണ്ടും ചർച്ച നടത്തുകയും ആഴത്തിലുള്ള കിഴിവുകൾ ആവശ്യപ്പെടുകയും ചെയ്യുന്നത് തികച്ചും നീതീകരിക്കാനാവാത്ത കാര്യമാണ്. കൊവിഡ് കാലത്ത് രാവിലെ മുതൽ രാത്രി വരെ ഉപഭോക്താക്കളെ വാർത്താചാനലുകളിലേയ്ക്ക് ആകർഷിക്കുന്നുണ്ട്. ന്യൂസ് ചാനലുകളുടെ റേറ്റിം​ഗ് 251 ശതമാനം വരെ ഉയർന്നു. വാർത്താ പ്രക്ഷേപണ വ്യവസായത്തിന്റെ ചരിത്ര റെക്കോർഡാണിതെന്നും എൻബിഎഫ് പറയുന്നു. കൊവിഡ് 19 ന് ശേഷവും ടെലിവിഷൻ ഉപഭോ​ഗം വർധിച്ചു. 2020 മാർച്ചിൽ 43 ശതമാനം വളർച്ചയാണ് കൈവരിച്ചതെന്നും എൻബിഎഫ് കൂട്ടിച്ചേർത്തു.

എൻബിഎഫ് പ്രസിഡന്റ് അർണാബ് ​ഗോസ്വാമി, സെക്രട്ടറി ജനറൽ ജയ് കൃഷ്ണ, വൈസ് പ്രസിഡന്റ് ശങ്കർ ബി, എൻബിഎഫ് ഔട്ട് റീച്ച് ടാസ്ക് ഫോഴ്സും ട്വന്റിഫോർ ന്യൂസ് ചീഫ് ഒാപ്പറേറ്റിം​ഗ് ഒാഫീസറുമായ അനിൽ അയിരൂർ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു.

അർണാബ് ​ഗോസ്വാമി,
പ്രസിഡന്റ് (എൻബിഎഫ് ), എംഡി ആൻഡ് എഡിറ്റർ ഇൻ ചീഫ് (റിപ്പബ്ലിക് ടിവി)

വാർത്താ ചാനലുകൾ എല്ലാ പരസ്യദാതാക്കൾക്കും അവിശ്വസനീയമായ മൂല്യവും ആർഒഐയുംനൽകുന്നു. ഈ ശ്രമകരമായ സമയങ്ങളിൽ അവശ്യ സേവനമെന്ന നിലയിൽ അവിശ്വസനീയമായ ജോലി ചെയ്യുന്നുവെന്നത് മാത്രമല്ല. കൊവിഡ് യോദ്ധാക്കളായി മുന്നിൽ നിന്ന് നയിക്കുന്ന വാർത്താ വിഭാഗത്തിലെ എല്ലാ പ്രക്ഷേപകരിലും ഞങ്ങൾ അഭിമാനിക്കുന്നു. ഇതോടൊപ്പം വാർത്താ പ്രക്ഷേപകരെ പിന്തുണയ്ക്കാൻ പരസ്യദാതാക്കളോടും മാധ്യമ ഏജൻസികളോടും അഭ്യർത്ഥിക്കുന്നു.

ജയ് കൃഷ്ണ
സെക്രട്ടറി ജനറൽ (എൻബിഎഫ്)

ലോക്ക് ഡൗൺ കാലത്ത് വാർത്താ പ്രക്ഷേപകർ കാഴ്ചക്കാരുടെ എണ്ണത്തിൽ ചരിത്രപരമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി സാധാരണ പൗരന്മാർ ടി വി ന്യൂസ് ചാനലുകളെ ആശ്രയിക്കുന്നു എന്നതാണ് അതിന് കാരണം. വാർത്താ പ്രക്ഷേപകർ വഴി ഉപഭോക്താക്കളിലേയ്ക്ക് എത്തുന്നതിലൂടെ പരസ്യദാതാക്കൾക്കും ഏജൻസികൾക്കും അവരുടെ ബ്രാൻഡ് നിർമിക്കാനുള്ള സുവർണാവസരമാണിത്.

ശങ്കർ ബി
വൈസ് പ്രസിഡന്റ് (എൻബിഎഫ്), സിഇഒ (ഫോർത്ത് ഡയമെൻഷൻ മീഡിയ സൊലൂഷൻ)

നിലവിലെ പ്രത്യേക സാഹചര്യത്തിൽ വാർത്താ ചാനലുകൾ ശരിയായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. പരിമിതമായ മാർ​ഗങ്ങൾ കൊണ്ട് ഇൗ മണിക്കൂറുകളെ കീഴ്പ്പെടുത്തുക എന്നത് ശ്രമകരമായ കാര്യമാണ്. നിരക്കുകളും വാണിജ്യ നിബന്ധനകളും പുനരാലോചിക്കുന്നത് ഞങ്ങളുടെ മനോഭാവത്തെ മന്ദീഭവിപ്പിക്കുകയും ബിസിനസ് മോഡലിനെ അപ്രാപ്‌തമാക്കുകയും ചെയ്യും. അതിന് കാരണം നമ്മളിൽ ഭൂരിഭാഗവും എഫ്‌ടി‌എ വാർത്താ പ്രക്ഷേപകരാണ് എന്നതാണ്.

അനിൽ അയിരൂർ

ഔട്ട് റീച്ച് ടാസ്ക് ഫോഴ്സ് (എൻബിഎഫ് ), സിഒഒ (ട്വന്റിഫോർ)

നിരക്കുകൾ ഇപ്പോൾ തന്നെ കുറവാണ്, ഇനിയും കുറയ്ക്കുന്നത് പ്രാദേശിക വാർത്ത ചാനലുകളെ തകർക്കും. ഇത് അധിക സമ്മർദവും നൽകും. ജിഇസിയിൽ പരസ്യങ്ങൾ കുറഞ്ഞതിന് പിന്നാലെ വനിതാ വിഭാഗത്തിലും പ്രേക്ഷകരുടെ എണ്ണം വർധിച്ചത് ക്ലയന്റുകൾ പരിഗണിക്കണം, അതുകൊണ്ട് തന്നെ സ്ത്രീകൾക്കായുള്ള ഉത്പന്നങ്ങൾ വാർത്താ മേഖലയിൽ വർധിപ്പിക്കണം. പുരുഷന്മാർക്ക് പുറമേയുള്ള ടാർഗറ്റ് വിഭാഗങ്ങളിലേക്ക് ക്ലയന്റുകൾക്ക് കടന്നു ചെല്ലാൻ ഇത് ലാഭകരമാക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement