പഞ്ചാബിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങ് തടഞ്ഞു; 60 പേർക്കെതിരെ കേസ്

പഞ്ചാബിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങ് തടസപ്പെടുത്താൻ ശ്രമിച്ച 60 പേർക്കെതിരെ കേസ്. ജലന്ധറിലാണ് സംഭവം. രോഗം കൂടുതൽ പേരിലേക്ക് പടരുമെന്ന ഭയത്താലാണ് സംസ്കാര ചടങ്ങ് തടഞ്ഞതെന്നാണ് വിവരം.
ജലന്ധറിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വ്യാഴാഴ്ച മരിച്ചു. മരിച്ചതിന് പിന്നാലെ സംസ്കാരം നടത്താനായിരുന്നു ബന്ധുക്കൾ തീരുമാനിച്ചത്. എന്നാൽ പ്രദേശവാസികൾ ഇടപെട്ട് തടയുകയായിരുന്നു. രണ്ട് മണിക്കൂർ നേരം നീണ്ട വാഗ്വാദങ്ങൾക്കും അപേക്ഷകൾക്കും ശേഷമാണ് മൃതദേഹം സംസ്കരിക്കാൻ സമ്മതിച്ചത്. സംഭവത്തിൽ പരാതി ഉയർന്നതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾ പോലും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുന്ന അവസ്ഥയാണ് പഞ്ചാബിൽ. ദിവസങ്ങൾക്ക് മുമ്പ് വൈറസ് ബാധയേറ്റ് മരിച്ച 69കാരിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച ലുധിയാനയിലെ കുടുംബത്തിന്റെ വാർത്ത ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജില്ലാ ഭരണാധികാരികളോട് വയോധികയുടെ ശവസംസ്കാര ചടങ്ങുകൾ നിർവഹിക്കാനായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവത്കരിക്കാൻ സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ വ്യാഴാഴ്ച കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ആരോഗ്യമന്ത്രി ബൽബിർ സിംഗും വിദ്യാഭ്യാസ മന്ത്രി ചരൺജിത് സിംഗുമാണ് ചടങ്ങിൽ പങ്കെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here