സാമ്പത്തിക പ്രതിസന്ധി; കേരള നിയമസഭയും ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നു

ലോക്ക് ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരള നിയമസഭയും ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിക്കുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക ബാധ്യത ചുരുക്കുന്നതിനായി നിയമസഭ സെക്രട്ടേറിയേറ്റിന്റെ നടപ്പ് ചെലവിനങ്ങൾ ഇന്റേണൽ സ്‌ക്രൂട്ടിനി വഴി പരിശോധിക്കും. അനിവാര്യമല്ലാത്ത പർച്ചേസിംഗ് ഒഴിവാക്കും. തുടങ്ങി എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കും. ഇക്കാര്യങ്ങൾ തുടങ്ങി പത്ത് ഇന നടപടികൾ നടപ്പാക്കാനാണ് സ്പീക്കർ തീരുമാനം എടുത്തിരിക്കുന്നത്. നിയമസഭയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സ്പീക്കർ അറിയിച്ചു.

ചെലവ് ചുരുക്കലിന്റെ ഭാഗമായി നടപ്പിൽ വരുത്താൻ തീരുമാനിച്ചിരിക്കുന്ന നടപടികൾ ഇവയാണ്;

നിയമസഭ സമിതികളുടെ അന്തർ സംസ്ഥാന പഠനയാത്രകൾ നിയന്ത്രിക്കും

നിയമസഭ സെക്രട്ടേറിയറ്റിൽ പുതിയ തസ്തിക സൃഷ്ടിക്കൽ പൂർണമായി മരവിപ്പിക്കും.

നിയമസഭ സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുള്ള നിർമാണ പ്രവർത്തനങ്ങളിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ഒരു പ്രവർത്തി ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കും

സാമ്പത്തിക ബാധ്യത ചുരുക്കുന്നതിലേക്കായി നിയമസഭ സെക്രട്ടേറിയറ്റിന്റെ നടപ്പ് ചെലവിനങ്ങളുടെ പട്ടിക പരിശോധിച്ച് ഇന്റേണൽ സ്‌ക്രൂട്ടിനി വഴി അനിവാര്യമല്ലാത്ത പർച്ചേസിംഗ് ഉൾപ്പെടെ എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കലിനു വേണ്ടി നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കും.

നിയമസഭ സാമിജകരുടെ വാസസ്ഥലത്ത് ഏറ്റവും അനിവാര്യമായതല്ലാത്ത അറ്റകുറ്റപ്പണികൾ നിയന്ത്രിക്കും

നിയമസഭ സെക്രട്ടേറിയറ്റ് പുതിയ വാഹനങ്ങൾ വാങ്ങില്ല.

വാഹനങ്ങളുടെ വിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.

ആസ്തി വികസന ഫണ്ട് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം മണ്ഡലത്തിലോ അനിവാര്യമായ സാഹചര്യങ്ങളിൽ ജില്ലയിലോ വിനിയോഗിക്കാൻ പ്രത്യേക അനുമതിക്കായി സർക്കാരിനോട് ആവശ്യപ്പെടുമെന്ന് സ്പീക്കർ അറിയിച്ചു. നിയമസഭയിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 24 മണിക്കൂർ ഹെൽപ് ഡെസ്‌കിൽ ഇതിനോടകം മൂവായിരത്തിലധികം പേർ പലതരത്തിലുള്ള സഹായയങ്ങൾക്കായി ബന്ധപ്പെട്ടിട്ടുണ്ട്. നിയമസഭ ജീവനക്കാരുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളയിലേക്ക് എല്ലാ ദിവസവും 200 ഭക്ഷണപ്പൊതികൾ നൽകിവരുന്നുണ്ടെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ അറിയിച്ചു.

Story highlight: Financial crisis; Kerala Legislative Assembly is also taking measures to reduce the cost

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top