കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവ്; എന്നിട്ടും ഹൃദ്രോഗിയായ ഉപ്പള സ്വദേശിക്ക് മംഗളുരുവിൽ ചികിത്സ നിഷേധിച്ചു

കൊവിഡ് 19 പരിശോധന ഫലം നെഗറ്റീവായിട്ടും കാസർഗോട് ഉപ്പള സ്വദേശിയായ ഹൃദ്രോഗിക്ക് മംഗളുരുവിൽ ചികിത്സ നിഷേധിച്ചു. കൊവിഡ് സംശയത്തിൻ്റെ പേരിൽ മൂന്നുദിവസമാണ് ഇവരുടെ ചികിത്സ വൈകിപ്പിച്ചത്. മംഗളുരുവിൽ വച്ച് നടത്തിയ പരിശോധന ഫലം നെഗറ്റീവായിട്ടും അടിയന്തര ചികിത്സ ലഭിക്കാത്തതിനാൽ ഇവർ ആശുപത്രിയിൽ നിന്ന് മടങ്ങി.

ഹൃദയാഘാതത്തെ തുടർന്ന് മംഗളുരുവിലെത്തിയ കാസർകോട് ഉപ്പള സ്വദേശിയായ സ്ത്രീയ്ക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയം പറഞ്ഞ് മംഗളുരു വെന്റ്ലോക്ക് ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടിരുന്നു. എന്നാൽ വെൻറ് ലോക്ക് അധികൃതർ പ്രാഥമിക ലക്ഷണങ്ങളിലെന്ന് പറഞ്ഞ് സാമ്പിൾ ശേഖരിച്ച് ഇവരെ തിരിച്ചയച്ചു. ഏപ്രിൽ 8 ന് ആശുപത്രിയിലെത്തിയിട്ടും മൂന്ന് ദിവസമാണ് അടിയന്തര ചികിത്സ ലഭിക്കാതെ ഹെഗ്ഡെ ആശുപത്രിയിൽ കഴിയേണ്ടിവന്നത്. ഇന്നലെ വൈകിട്ടോടെ പരിശോധനാ ഫലം വന്നു. കൊവിഡ് രോഗമില്ലെന്ന് നേരിട്ട് വ്യക്തമായിട്ടും ചികിത്സ നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് രോഗിയുടെ മകൻ പറഞ്ഞു.

അതിർത്തിയിലെ കർശന പരിശോധനകൾക്ക് ശേഷമാണ് അടിയന്തര ചികിത്സക്കായി മംഗളുരുവിലെത്തിയത്. കൊവിഡ് ലക്ഷണങ്ങളില്ലെന്ന മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ടായിരുന്നു. എന്നാൽ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണെങ്കിൽ മാത്രം ചികിത്സ നൽകാമെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ഫലം വന്നിട്ടും ചികിത്സ ലഭിക്കാതായതോടെ ദേർലക്കട്ടയിലെ ആശുപത്രിയിൽ നിന്നും മടങ്ങിയ ഇവർ രാത്രിയോടെ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

Story Highlights: covid 19 negative heart patient denied treatment in mangaluru

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top