ലോക്ക് ഡൗണിൽ തീരുമാനമായില്ല; ജില്ലാന്തര യാത്രകളിൽ ഇളവ് വേണ്ടെന്ന് ധാരണ
സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവിൽ ഇന്നും തീരുമാനമായില്ല. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. ജില്ലാന്തര യാത്രകളിൽ ഇളവ് നൽകേണ്ടതില്ലെന്ന് ധാരണയായി.
കേന്ദ്ര തീരുമാനം വന്ന ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേന്ദ്ര തീരുമാനത്തിന് മുൻപ് കേരളം മാത്രമായി ഇളവുകൾ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും ഇന്ന് ചേർന്ന യോഗത്തിൽ അഭിപ്രായം ഉയർന്നു.
ഒറ്റയടിക്ക് വിലക്കുകൾ പിൻവലിക്കുന്നത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. കൊവിഡ് പ്രതിരോധത്തിൽ നിലവിൽ ആശങ്ക വേണ്ട. കാസർഗോഡ് അടക്കം സ്ഥിതി ആശ്വാസകരമാണ്. അതേസമയം ജാഗ്രതയിൽ വിട്ടു വീഴ്ച പാടില്ലെന്നും യോഗം വിലയിരുത്തി.
ഏപ്രിൽ 14നാണ് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവ് തീരുകയുള്ളൂ. എന്നാൽ, ചില വിട്ടുവീഴ്ചകളോടെ രണ്ടാഴ്ച കൂടി നീട്ടുമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരോടുള്ള വീഡിയോ കോൺഫറൻസിൽ അറിയിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here