തമിഴ്നാടിനായി കൊവിഡ് വിസ്ക് യൂണിറ്റുകൾ നിർമിച്ചു നൽകി കേരളം

തമിഴ്നാടിനായി കൊവിഡ് വിസ്ക് യൂണിറ്റുകൾ നിർമിച്ചു നൽകി കേരളം. തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ ശെൽവത്തിൻറെ മകനും തേനി എംപിയുമായ രവീന്ദ്ര കുമാറിൻ്റെ ആവശ്യപ്രകാരമാണ് യൂണിറ്റുകൾ നൽകുന്നത്. 18 കൊവിഡ് വിസ്ക്‌ യൂണിറ്റുകളാണ് കൈമാറിയത്.

കൊവിഡ് രോഗികളിൽ നിന്നോ രോഗം സംശയിക്കുന്നവരിൽ നിന്നോ പരിശോധക്കായി സ്രവം ശേഖരിക്കുന്നതിന്‌ വേണ്ടിയാണ് കൊവിഡ് വിസ്ക് യൂണിറ്റ് അഥവാ കിയോസ്ക് വികസിപ്പിച്ചെടുത്തത്. വില കൂടിയ പിപിഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനം. സുരക്ഷിതമായി രണ്ടു മിനിറ്റിനുള്ളിൽ കൊവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകളുടെ സാമ്പിളുകൾ ശേഖരിക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. തമിഴ്നാട് ഉപമുഖ്യമന്ത്രി പനീർ ശെൽവത്തിൻറെ മകനും തേനി എംപിയുമായ രവീന്ദ്ര കുമാറിൻറെ ആവശ്യപ്രകാരമാണ് കേരളം തമിഴ്നാടിനായി 18 വിസ്കുകൾ നിർമ്മിച്ചു നൽകിയത്.

തിരുവണ്ണാമലൈ, തേനി, വെല്ലൂർ എന്നീ ആശുപത്രികളിലേക്കാണ് ആദ്യഘട്ടത്തിൽ വിസ്കുകൾ നൽകിയത്. 35,000 രൂപയാണ് ഒരു കൊവിഡ് വിസ്ക് യൂണിറ്റിന്റെ നിർമ്മാണച്ചെലവ്. തമിഴ്നാടിന് പിന്നാലെ മറ്റു സംസ്ഥാനങ്ങളും കൊവിഡ് വിസ്ക് യൂണിറ്റ് നിർമ്മാണത്തിനായി കേരളത്തെ സമീപിച്ചിട്ടുണ്ട്.

അതേ സമയം, സംസ്ഥാനത്ത് വൈറസ് ബാധ സാവധാനം ഒഴിയുകയാണ്. 2 പേർക്ക് മാത്രമാണ് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 36 പേർ രോഗമുക്തി നേടി. നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇനി 1187 ഫലങ്ങളാണ് വരാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top