Advertisement

സിഎസ്ആർ സംഭാവന സ്വീകരിക്കാനുള്ള പട്ടികയിലേക്ക് കേരളത്തെ കൂടി ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

April 13, 2020
Google News 2 minutes Read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കൂടി സിഎസ്ആർ ( സാമൂഹിക ഉത്തരവാദിത്ത ഫണ്ട്) ഫണ്ടിന് അർഹതയുള്ള പട്ടികയിലേക്ക് മാറ്റാൻ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ട് കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കമ്പനി നിയമത്തിലെ ഏഴാം ഷെഡ്യൂൾ പ്രകാരം പ്രധാനമന്ത്രിയുടെ ദുരിതനിവാരണ ഫണ്ടും അവശ വിഭാഗങ്ങളുടെ ഉന്നമനത്തിന് കേന്ദ്രം രൂപീകരിക്കുന്ന ഫണ്ടുകളും സിഎസ്ആർ യോഗ്യതയുള്ളതാണ്. ഇതിൽ പ്രകടമായ അപാകതയുണ്ടെന്നാണ് കേരളം പറയുന്നത്. ഫെഡറൽ തത്വങ്ങൾ പാലിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കൂടി സിഎസ്ആർ ഫണ്ടിന് അർഹതയുള്ള പട്ടികയിലേക്ക് മാറ്റണമെന്നാണ് പ്രധാനമന്ത്രിയോട് സംസ്ഥാനം കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കമ്പനി കാര്യമന്ത്രാലയം ഇറക്കിയ സർക്കുലർ അനുസരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയോ കൊവിഡ്-19 നേരിടാനുള്ള സംസ്ഥാന റിലീഫ് ഫണ്ടുകളോ കമ്പനീസ് ആക്ടിലെ സിഎസ്ആർ ഫണ്ടിന് അർഹമല്ലായിരുന്നു. എന്നാൽ, പിന്നീട് ഇറക്കിയ വിശദീകരണ കുറിപ്പിൽ പിഎം കെയേഴ്സ് ഫണ്ടിനെ സിഎസ്ആർ ഫണ്ടിന് അർഹതയുള്ളവയുടെ പട്ടികയിൽപ്പെടുത്തി. സംസ്ഥാനങ്ങളെ ഒഴിവാക്കി കൊണ്ടുള്ള ഈ നടപടിയിൽ അപാകതയുണ്ടെന്നാണ് കേരളം പറയുന്നത്.

ഫെഡറൽ സംവിധാനത്തിൽ പൊതു ആവശ്യത്തിന് സംസ്ഥാനങ്ങൾ രൂപീകരിക്കുന്ന ദുരിതാശ്വാസ ഫണ്ടിനെ സിഎസ്ആറിന്റെ പരിധിയിൽനിന്ന് ഒഴിവാകുന്നത് ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക ഞെരുക്കം വർധിപ്പിക്കുന്ന ഈ നടപടി തിരുത്തണമെന്നു പ്രധാനമന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Story highlight: Kerala to be included in CSR donation list; CM letter to PM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here