ലോക്ക് ഡൗൺ; സ്മൃതി മന്ദന സമയം ചെലവഴിക്കുന്നത് ഇങ്ങനെ: വീഡിയോ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലോകമെമ്പാടുമുള്ള കായിക മത്സരങ്ങൾ അനിശ്ചിതത്വത്തിലായിരുന്നു. താരങ്ങളൊക്കെ വീട്ടിൽ തന്നെ കഴിയുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ ഇൻസ്റ്റഗ്രാം ചാറ്റും മറ്റും ചെയ്ത് സമയം ചെലവഴിക്കുകയാണ്. വനിതാ ക്രിക്കറ്റർമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിനിടെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദന തൻ്റെ ലോക്ക് ഡൗൺ എങ്ങനെയാണെന്ന് വിവരിച്ച് രംഗത്തെത്തിയത്. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഓൺലൈൻ ലുഡോ ആണ് ലോക്ക് ഡൗൺ കാലത്തെ സ്മൃതിയുടെ പ്രധാന നേരമ്പോക്ക്. സുഹൃത്തുക്കളുമായി ചേർന്ന് ലുഡോ കളിക്കുമെന്നും പരസ്പര ആത്മബന്ധം നിലനിർത്താൻ അത് സഹായിക്കുമെന്നും സ്മൃതി പറയുന്നു. ഒപ്പം, വീട്ടിൽ തയ്യാറാക്കിയിട്ടുള്ള ജിമ്മിൽ താൻ വർക്കൗട്ട് ചെയ്യാറുണ്ടെന്നും ഫിറ്റായിരിക്കേണ്ടത് അത്യാവശ്യമാണെന്നും സ്മൃതി കൂട്ടിച്ചേർക്കുന്നു. ചീട്ടുകളി, പാചക പരീക്ഷണമൊക്കെ മുറക്ക് നടക്കുന്നു. പാത്രം കഴുകലൊക്കെ ഇപ്പോ ദിനചര്യയായി മാറിയിരിക്കുന്നു. സഹോദരനെ ശല്യപ്പെടുത്തുക എന്നതാണ് തനിക്ക് ഏറെ താത്പര്യമുള്ള സംഭവമെന്നും സ്മൃതി പറയുന്നു.

സിനിമകൾ ഇഷ്ടമാണ്. അപ്പോൾ സമയം ചെലവിടാനുള്ള മറ്റൊരു മാർഗം സിനിമ കാണലാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ സിനിമകൾ കാണും. അതിലേറെ സിനിമകൾ കാണാമെങ്കിലും കുടുംബവുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള താത്പര്യം കാരണം എണ്ണം കുറച്ചു. ഒപ്പം, ദിവസേന 10 മണിക്കൂർ ഉറക്കം നിർബന്ധമാണെന്നും ഇന്ത്യൻ ഓപ്പണർ പറയുന്നു.

Story Highlights: smriti mandhanas lockdown video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top