Advertisement

കൊറോണ; സാമ്പിള്‍ ശേഖരണത്തിന് കോട്ടയത്തും കിയോസ്‌ക്

April 14, 2020
Google News 1 minute Read

കൊവിഡ് പരിശോധനാ സാമ്പിള്‍ ശേഖരണത്തിനുള്ള പ്രത്യേക കിയോസ്‌ക് കോട്ടയം ജനറല്‍ ആശുപത്രിയില്‍ സജ്ജമായി. പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് (പിപിഇ) ഉപയോഗിക്കാതെ രണ്ടു മിനിറ്റിനുള്ളില്‍ സാമ്പിള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. വൈറസിന്റെ സമൂഹ വ്യാപനം ഉണ്ടാകുന്ന പക്ഷം കൂടുതല്‍ പേരില്‍നിന്ന് കുറഞ്ഞ സമയത്തിനുള്ളില്‍ സ്രവം ശേഖരിക്കാന്‍ കിയോസ്‌ക് ഉപകരിക്കും. പിപിഇ കിറ്റിന്റെ ലഭ്യതക്കുറവിനും ഇത് ധരിക്കുന്നതിന് വേണ്ടിവരുന്നസമയ നഷ്ടത്തിനും ഉപയോഗിക്കുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കും പരിഹാരമാണ് പുതിയ സംവിധാനം.

കിയോസ്‌കില്‍ സാമ്പിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നുണ്ട്. പുറത്തുനിന്ന് അകത്തേക്കോ അകത്തുനിന്ന് പുറത്തേക്ക് വായു കടക്കില്ല. നാലടി നീളവും മൂന്നടി വീതിയും ഏഴ് അടി ഉയരവുമുള്ള കിയോസ്‌ക് അലുമിനിയം, മൈക്ക, ഗ്ലാസ് എന്നിവ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. എക്‌സ്‌ഹോസ്റ്റ് ഫാനും ലൈറ്റും പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ട്.

മുഖാവരണവും കൈയ്യുറയും മാത്രം ധരിച്ച് കിയോസ്‌കിനുള്ളില്‍ പ്രവേശിക്കുന്നയാള്‍ മുന്നിലെ ഗ്ലാസ് ബോര്‍ഡില്‍ ഘടിപ്പിച്ചിട്ടുള്ള ഗ്ലൗസിലൂടെ കൈകള്‍ കടത്തിയാണ് പുറത്തിരിക്കുന്നയാളുടെ സാമ്പിള്‍ ശേഖരിക്കുന്നത്. സാമ്പിള്‍ നല്‍കാനെത്തുന്നയാള്‍തന്നെയാണ് ശേഖരിക്കുന്നതിനുള്ള വൈറല്‍ മീഡിയം അടങ്ങിയ ട്യൂബ് പിടിക്കുക. ശേഖരിക്കുന്ന സാമ്പിള്‍ ട്യൂബിലാക്കി നല്‍കുമ്പോള്‍ ട്യൂബ് അടച്ച് സമീപത്തെ സ്റ്റാന്‍ഡില്‍ വച്ചശേഷം മടങ്ങാം.

ഓരോ തവണ സാമ്പിള്‍ ശേഖരിച്ചശേഷവും കിയോസ്‌കിന്റെ ഉള്‍വശവും പുറത്തെ കൈയ്യുറയും സാമ്പിള്‍ നല്‍കുന്നവര്‍ ഇരിക്കുന്ന കസേരയും അണുവിമുക്തമാക്കും. ജില്ലാ ടിബി ഓഫീസര്‍ ട്വിങ്കിള്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25000 രൂപ ചിലവിട്ടാണ് കൊറിയന്‍ സാങ്കേതിക വിദ്യ പിന്തുടര്‍ന്ന് കിയോസ്‌ക് നിര്‍മിച്ചത്.

ആയിരം രൂപയോളം വില വരുന്ന പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് ഒരു തവണ മാത്രമേ ഉപയോഗിക്കാനാകൂ. കിറ്റ് കൂടുതല്‍ സമയം ധരിച്ചു നില്‍ക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സാമ്പിള്‍ ശേഖരണത്തിന് ഉപയോഗിക്കുന്നത് ഒഴിവാക്കിയാല്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ കിറ്റ് യഥേഷ്ടം ലഭ്യമാക്കാനും കഴിയും.

ജില്ലാ ആശുപത്രിയില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡിന് സമീപം സജ്ജീകരിച്ചിരിക്കുന്ന കിയോസ്‌കിലെ ആദ്യ സാമ്പിള്‍ ശേഖരണം ഇന്ന് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരിയുടെ സാമ്പിളാണ് ആദ്യം ശേഖരിച്ചത്.

പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും വൈക്കം താലൂക്ക് ആശുപത്രിയിലും കിയോസ്‌ക് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

Story Highlights: coronavirus, kottayam,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here