നോവൽ കൊറോണ കരളിനെ ബാധിക്കുമോ?

ചൈനയിലെ വുഹാനിൽ നിന്ന് നോവൽ കൊറോണ വൈറസ് ലോകമെമ്പാടുമുള്ള ഏകദേശം 180 ൽ അധികം രാജ്യങ്ങളിലേയ്ക്ക് സഞ്ചരിച്ചു. ഇതെഴുതുമ്പോൾ 20ലക്ഷത്തിലധികം ആളുകളെ ബാധിച്ചുകഴിഞ്ഞു. ഒന്നേകാൽ ലക്ഷം ആളുകളാണ് ലോകത്തെമ്പാടും മരിച്ചു വീണത്.

വൈറസ് “SARS-CoV-2” എന്നും അതുണ്ടാക്കുന്ന രോഗം “കൊറോണ വൈറസ് ഡിസീസ് 2019” (“COVID-19” എന്ന് ചുരുക്കത്തിൽ) എന്നും അറിയപ്പെടുന്നു. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗം തീവ്രമായ അവസ്ഥയിൽ മറ്റ് അവയവങ്ങളേയും ബാധിച്ചേക്കാം.

നോവൽ കൊറോണ അണുബാധയുണ്ടാകുന്ന എല്ലാവരെയും അത് മരണത്തിലേയ്ക്ക് തള്ളി വിടുമോ?

ഇല്ലേയില്ല. വൈറസ് അണുബാധ വന്ന 80 ശതമാനത്തിലധികം പേരിലും ഒരു സാധാരണ വൈറൽ ഫീവർ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളൂ. ആരോഗ്യമുള്ള ചെറുപ്പക്കാരിൽ ഒരു ജലദോഷപ്പനി, അത്രതന്നെ. 10 മുതൽ 15 ശതമാനം വരെ ആളുകൾക്ക് ആശുപത്രിവാസം വേണ്ടിവന്നേക്കാം. ഇവരിൽ തന്നെ ചിലർക്ക് ഐസിയു ചികിത്സ വേണ്ടിവരുന്ന തീവ്രതയിലേക്ക് രോഗം എത്തിയേക്കാം. രണ്ടു മുതൽ മൂന്നു ശതമാനം വരെയാണ് മരണ നിരക്ക്.

പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഈ വൈറസ് കാരണം മരിക്കാൻ സാധ്യതയുള്ളത് 60 വയസിന് മുകളിൽ പ്രായമുള്ളവർ, മറ്റ് രോഗങ്ങളുള്ളവർ- ഹൈപ്പർ ടെൻഷൻ ഡയബറ്റിസ്, ഹൃദ്രോഗം, ശ്വാസകോശസംബന്ധമായ രോഗം, കരൾ സിറോസിസ് തുടങ്ങിയവ. അവയവ മാറ്റിവയ്ക്കൽ കഴിഞ്ഞവരും അപകടസാധ്യത കൂടുതൽ ഉള്ളവരാണ്. 80 ശതമാനം പേരും ഒരു കുഴപ്പവുമില്ലാതെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന് പറഞ്ഞല്ലോ. ഇവരുടെ മേൽ ഒരു ഭാരിച്ച ഉത്തരവാദിത്വം ഉണ്ട്. ഈ വൈറസ് തങ്ങളുടെ കയ്യിൽ നിന്ന് മുൻ പ്രതിപാദിച്ച, മരണസാധ്യത കൂടിയ മറ്റൊരാളിലേക്ക് എത്തിച്ചേരാതിരിക്കുക എന്ന ഉത്തരവാദിത്വം. സാമൂഹിക അകലം പാലിക്കലും, ഒരു മാസത്തിലധികം കാലം രാജ്യം തന്നെ ലോക്ക് ‍‍‍‍‍ഡൗണിലേക്ക് പോകണം എന്ന് നാം എടുത്ത തീരുമാനവും ഈ സാമൂഹിക വ്യാപനം തടയുന്നതിനും മരണനിരക്ക് പിടിച്ചു നിർത്തുന്നതിനുമാണ്.

ഈ അണുബാധ തടയാൻ വാക്സിനുകളില്ല, വൈറസിനെ ഉന്മൂലനം ചെയ്യുവാനോ അടിച്ചമർത്തുവാനോ ഉള്ള ശക്തിമത്തായ മരുന്നുകൾ ഇന്ന് നമ്മുടെ പക്കലില്ല എന്നതാണ് വാസ്തവം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കപട മരുന്നുകൾ പ്രയോജനകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമില്ല ! ആധുനിക വൈദ്യശാസ്ത്രത്തിൽ പത്തിലധികം മരുന്നുകൾ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നതേയുള്ളു. hydroxychloroquine പോലുള്ളവ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, പാശ്ചാത്യരാജ്യങ്ങൾ കൊട്ടിഘോഷിക്കുന്നത് പോലെ ഇത് ഒരു ഒറ്റമൂലി അല്ല. പ്രതിരോധമാണ് പ്രധാനം

കരളും നോവൽ കൊറോണ വൈറസും.

ഫാറ്റിലിവർ ഉൾപ്പെടെ ഇന്ന് കേരളത്തിലെ കരൾ രോഗികളുടെ എണ്ണം ജനസംഖ്യയുടെ 30 ശതമാനം മുതൽ 50 ശതമാനം വരെ വരും. ഇവരിൽ ആയിരത്തിലധികം ആളുകൾ കരൾ മാറ്റിവയ്ക്കപ്പെട്ടവരാണ്. കൊറോണ വൈറസ് കരളിനെ ബാധിക്കുമോ എന്ന ഉത്കണ്ഠ ഇവരിൽ പലർക്കുമുണ്ട്.

മൂന്നു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തലാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം

1. നോവൽ‌ കൊറോണ വൈറസ് കരളിനെ ബാധിക്കുമോ?

2. ഇതിനകം തന്നെ പലതരം കരൾ രോഗങ്ങൾ ഉള്ള ആളുകളെ ഇത് ഏത് രീതിയിൽ ബാധിക്കും ?

3. കരൾ മാറ്റിവയ്ക്കൽ നടന്ന വ്യക്തികളിൽ ഈ വൈറസ് ഏത് രീതിയിലാണ് പ്രവർത്തിക്കുക. കരൾ മാറ്റിവച്ചവർ മുൻകരുതൽ നടപടികൾ എന്തെല്ലാം ആണ് എടുക്കേണ്ടത്?

1. നോവൽ‌ കൊറോണ വൈറസ് കരളിനെ ബാധിക്കുമോ?

പേര് സൂചിപ്പിക്കുന്നതുപോലെ ഇത് പുതിയ കൊറോണയാണ്. ഇതിന് മുൻഗാമികളായ കൊറോണ വൈറസുകൾ ഉണ്ട്. ഘടനയിലെ സമാനതകളും മനുഷ്യശരീരത്തിന് കേടുപാടുകൾ വരുത്തുന്ന രീതിയും പങ്കിടുന്ന മുൻഗാമിയായ വൈറസുകൾ ഇതിന് മുൻപും മഹാമാരികൾ ഉണ്ടാക്കിയിട്ടുണ്ട്.(SARS, MERS തുടങ്ങിയവ)

വൈറസുകൾ‌ ഇടയ്‌ക്കിടെ അതിന്റെ ഘടനയും രൂപവും മാറ്റുകയും പുതിയ അവതാരങ്ങൾ‌ എടുക്കുകയും ചെയ്യുന്നു(Mutation). നിലവിലെ അവതാരം അതിവേഗം പടരുന്നു. മുൻ തലമുറകളേക്കാൾ മരണനിരക്ക് കൂടുതലുമാണ്. മുമ്പത്തെ എല്ലാ കൊറോണ വൈറസുകളും ശ്വസന രോഗകാരികളായിരുന്നു. മുമ്പത്തെ കൊറോണ വൈറസ്-സാർസ്‌കോവ്(SARS Cov) രോഗികളിൽ 60% വരെ കരൾ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ നോവൽ കൊറോണ (SARS Cov 2) വൈറസിന് മുമ്പത്തെ തലമുറയുമായി (SARS Cov) 80 ശതമാനം ജനിതക സമാനതയുണ്ട് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, അത് മൂലം കരളിന് ഏൽക്കുന്ന ക്ഷതവും പുതിയ വൈറസിന്റെ കാര്യത്തിൽ അങ്ങനെ തന്നെയാണോ?

ചൈനയിൽ നിന്നുള്ള വിവരങ്ങൾ നോക്കാം. COVID-19 ന്റെ തീവ്രമല്ലാത്ത കേസുകളിൽ പരിശോധിച്ചാൽ കരൾ ക്ഷതങ്ങൾ പലപ്പോഴും താത്കാലികമാണ്. പ്രത്യേക ചികിത്സയില്ലാതെ തന്നെ കരൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ബീജിംഗിലെ പി‌എൽ‌എസ് ജനറൽ ഹോസ്പിറ്റലിൽ നിന്നുള്ള ഡാറ്റ പ്രകാരം, 14-53% നോവൽ കൊറോണ ബാധിച്ച രോഗികൾ ലിവർ ഫംഗ്ഷൻ ടെസ്റ്റുകളിൽ (LFT) വ്യതിയാനങ്ങൾ രേഖപ്പെടുത്തി. എസ് ജി ഒ ടി, എസ് ജി പി ടി എന്നീ LFT യിലെ ഘടകങ്ങളാണ് ഉയർന്നതായി കണ്ടത്. കരൾ വീക്കത്തെ സൂചിപ്പിക്കുന്ന ഇത് കരൾ കോശങ്ങളുടെ നേരിട്ടുള്ള അണുബാധ മൂലമാകാം, അല്ലെങ്കിൽ ശരീരത്തിലെ രോഗപ്രതിരോധവ്യവസ്ഥയും വൈറസും തമ്മിലുള്ള യുദ്ധത്തിൽ കരൾ കോശങ്ങൾ കുടുങ്ങിയതുമാകാം. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) 62 ശതമാനത്തിൽ LFT യിൽ വ്യതിയാനം കാണപ്പെട്ടപ്പോൾ ഐസിയുവിൽ പരിചരണം ആവശ്യമില്ലാത്തവരിൽ 25 ശതമാനം മാത്രമാണ് കരൾവീക്കം ഉണ്ടായിരുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, തീവ്രത കൂടിയ രോഗമുള്ളവർക്ക് കരൾ വീക്കത്തിന് സാധ്യതയേറുന്നു. വൈറസ് പരിശോധന പോസിറ്റീവ് ആയ വ്യക്തികളിൽ (സബ്ക്ലിനിക്കൽ ഘട്ടം, കോൺടാക്റ്റ് ട്രേസിംഗ് വഴി തിരിച്ചറിഞ്ഞവരിൽ ), എന്നാൽ രോഗ ലക്ഷണങൾ ഇല്ലത്തവർക്ക് കരളിന്റെ വീക്കം വളരെ കുറവാണെന്ന് പറയാം . ചുരുക്കത്തിൽ, കരൾ ക്ഷതം കൊവിഡിന്റെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു എന്നുസാരം.

കരൾ തകരാറിലായ കേസുകൾ അഥവാ “അക്യൂട്ട് ലിവർ ഫെയിലിയർ”(ALF:Acute Liver Failure) ചൈനയിൽ നിന്നോ മറ്റ് രാജ്യങ്ങളിൽ നിന്നോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്.

2. കരൾ രോഗമുള്ള ആളുകളെ, അഥവാ കരൾ രോഗത്തിന് മുന്നേ തന്നെ ചികിത്സയിൽ ഇരിക്കുന്നവരെ കൊറോണ വൈറസ് എപ്രകാരം ബാധിക്കും ?

പ്രതിരോധശേഷി കുറഞ്ഞ ആളുകളിലും, അവയവങ്ങളെ ബാധിക്കുന്ന രോഗമുള്ള ആളുകളിലും കൂടുതൽ ഗുരുതരമായ കൊവിഡ്-19 രോഗം വരാനുമുള്ള സാധ്യത ഉണ്ട് .

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) അല്ലെങ്കിൽ അതിന്റെ കരൾ വീക്കത്തിലേക്ക് കടന്ന രൂപമായ നോൺ‌-ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് (NASH), പലപ്പോഴും അമിതവണ്ണം, പ്രമേഹം, രക്താതിസമ്മർദ്ദം, ഹൃദ്രോഗം എന്നിവയുൾപ്പെടുന്ന രോഗമാണ്. COVID-19 സങ്കീർണതകൾക്കുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു. ചൈനയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV) സാധാരണമാണെങ്കിലും, എച്ച്ബിവിയുമായി ബന്ധപ്പെട്ട കരൾ രോഗം കൊവിഡ് -19 രോഗതീവ്രതയെ സ്വാധീനിക്കുന്നുണ്ടോ എന്ന് ഇതുവരെ നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, കരളിൽ വടുക്കളോ(scarring ) സിറോസിസോ ഇല്ലാത്ത കരൾ രോഗികൾക്ക് അണുബാധ കിട്ടാനുള്ള സാധ്യത കൂടുതൽ ഇല്ല.

കരളിന്റെ സിറോസിസ് രോഗമുള്ളവരുടെ സ്ഥിതി അതല്ല- ഫിറോസ് രോഗപ്രതിരോധശേഷി കുറഞ്ഞ ഒരു അവസ്ഥയായി കണക്കാക്കാം. ചികിത്സയിൽ ഇരിക്കുന്നവരും, കരൾ മാറ്റിവയ്ക്കൽ ആസൂത്രണം ചെയ്ത അവയവങ്ങൾക്കായി കാത്തിരിക്കുന്നവരെ കൂടുതൽ അപകടസാധ്യത ഉള്ളവരായി പരിഗണിക്കണം.

കരൾ രോഗമുള്ളവർ, കൊറോണ കരളിൽ പ്രവേശിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന് രക്തപരിശോധനകൾ നടത്തേണ്ടതുണ്ടോ?

വേണ്ട എന്നാണ് വ്യക്തമായ ഉത്തരം. കൊവിഡ് രോഗം ബാധിച്ച വ്യക്തികളിൽ കാണുന്ന LFT യുടെ വ്യതിയാനങ്ങളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. കൊവിഡ് ഒരു ശ്വാസകോശ സംബന്ധമായ അസുഖമാണ്, മാത്രമല്ല ശ്വാസകോശവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും ഉണ്ടാകും. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകളും പനിയും ഇല്ലാതെ മഞ്ഞപ്പിത്തം മാത്രം ആയി കൊവിഡ് ഒരിക്കലും പുറത്തേക്ക് വരില്ല.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗുരുതരമായ രോഗികളിൽ മഞ്ഞപ്പിത്തം ഉണ്ടാകാം. ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ അഭാവത്തിൽ കരൾ രോഗമോ മഞ്ഞപ്പിത്തമോ ഉണ്ടാകാൻ സാധ്യതയില്ല. അതിനാൽ കരൾ രോഗികളിൽ സ്ക്രീനിംഗ് ടെസ്റ്റുകൾ / എൽ‌എഫ്‌ടി എന്നിവ ചെയ്യേണ്ടതില്ല.

3. കരൾ മാറ്റിവെക്കൽ കഴിഞ്ഞവർ എന്തുചെയ്യണം? ഉയർന്ന അപകടസാധ്യത കരൾ മാറ്റിവയ്ക്കൽ കഴിഞ്ഞ വ്യക്തികളിൽ ഉണ്ടോ?

അതെ, തീർച്ചയായും ഉണ്ട്. കരൾ മാറ്റിവയ്ക്കലിന് ശേഷം രോഗപ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകൾ (ആന്റി റിജക്ഷൻ മരുന്നുകൾ) കഴിക്കുന്നവർക്ക് തീർച്ചയായും ഈ അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. കഠിനമായ രോഗം വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. (രോഗപ്രതിരോധ ശേഷി കുറഞ്ഞത് കാരണം വൈറസിനെതിരെ പൂർണ്ണമായി പ്രവർത്തിക്കാൻ രോഗപ്രതിരോധ സംവിധാനത്തിന് കഴിയില്ല ). രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾക്ക് വൈറസിനെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കില്ല. അതിനാൽ കരൾ മാറ്റിവയ്ക്കപ്പെട്ട രോഗികൾക്ക് വൈറസ് വരാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ വിരോധാഭാസമെന്ന് പറയട്ടെ ! ട്രാൻസ്പ്ലാന്റ് കഴിഞ്ഞവർ കടുത്ത ലക്ഷണങ്ങൾ പ്രകടിപ്പിച്ചേക്കില്ല! പനി ഉണ്ടാകണമെന്നില്ല, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ആരംഭഘട്ടത്തിൽ കഠിനമായിരിക്കില്ല. കൂടാതെ, വൈറസ് കൂടുതൽ നാൾ ശരീരത്തിൽ നിലനിൽക്കാനുള്ള സാധ്യതയും ഉണ്ട്. അതുവഴി മറ്റുള്ളവരിലേക്ക് പകരാൻ ഉള്ള സാധ്യതയും കൂടുതലാണെന്ന് വേണം കരുതാൻ.

പതിവായി സോപ്പു കൊണ്ട് കൈകഴുകുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക- ഈ രണ്ട് കരുതൽ നടപടികൾക്ക് പ്രാധാന്യം ഏറെയുണ്ട് . ഒന്നര മാസത്തോളം ലോക്ക് ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് കഴിഞ്ഞുള്ള ആഴ്ചകളിലും ട്രാൻസ്പ്ലാന്റ് കഴിഞ്ഞ രോഗികൾ സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തുക തന്നെ വേണം. വൈറസിന്റെ സാമൂഹിക വ്യാപനം ഇന്ത്യ പോലെ വളരെയധികം ജനസംഖ്യയുള്ള രാജ്യത്ത് തീർച്ചയായും ഇതിനോടകം സംഭവിച്ചു കഴിഞ്ഞിരിക്കും എന്ന് ഊഹിക്കാം . ആളുകൾ കൂടാൻ സാധ്യത ഉള്ള സ്ഥലങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണത്തിന് സിനിമ തിയേറ്റർ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവ ഒഴിവാക്കാൻ ശ്രമിക്കണം. അനിവാര്യമല്ലാത്ത എല്ലാ യാത്രകളും റദ്ദാക്കുക. അന്താരാഷ്ട്ര യാത്രകൾ ഉൾപ്പെടെ നിയന്ത്രിക്കണം. ട്രാൻസ്പ്ലാന്റ് കഴിഞ്ഞ ആളുകളുടെ കുടുംബാംഗങ്ങളും ഉയർന്ന അപകട സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അനിവാര്യമല്ലാത്ത യാത്ര മാറ്റിവയ്ക്കുന്നതാണ് അഭികാമ്യം.

പ്രതിരോധം, ചികിത്സ

1. സാമൂഹിക അകലം പാലിക്കുക.

അവശ്യ സന്ദർഭങ്ങളിൽ പുറത്തേക്കിറങ്ങുമ്പോൾ മറ്റുള്ളവരുമായി കുറഞ്ഞത് 1 മീറ്റർ ദൂരം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം. അടഞ്ഞ മുറിക്കുള്ളിൽ വൈറസിന്റെ വ്യാപനം വേഗം നടക്കും. എസി കാർ, വിമാനം എന്നിവയും അടഞ്ഞ മുറിക്ക് സമാനം തന്നെ.

2. ചുമ, തുമ്മൽ മര്യാദകൾ

നിങ്ങളുടെ ചുമ / തുമ്മൽ മറയ്ക്കാൻ തൂവാലയോ, ടിഷ്യൂ പേപ്പറോ, കൈമുട്ടിലെ ഉൾഭാഗമോ ഉപയോഗിക്കുക. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് എല്ലായിപ്പോഴും ധരിക്കേണ്ടതുണ്ട്.

3. സോപ്പും സാനിറ്റൈസറും ശീലമാക്കുക

സോപ്പു കൊണ്ട് കൈ കഴുകുന്നതും ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ‘ഹാൻഡ് റബ്/ സാനിറ്റൈസർ ഉപയോഗിക്കുന്നത് അഭികാമ്യമാണ്. സോപ്പിന്റെ പ്രാധാന്യം പ്രത്യേകിച്ച് എടുത്തു പറയേണ്ടതുണ്ട്. പലരും ധരിക്കുന്നത് പോലെ ഒരു പൊതുവായ ശുചീകരണ പ്രക്രിയ എന്ന രീതിയിലല്ല സോപ്പിനെ കൊറോണ കാലത്ത് ഉപയോഗിക്കുന്നത്. കൊറോണ വൈറസിന്റെ ആവരണം ഒരു പ്രത്യേകതരം കൊഴുപ്പ് തന്മാത്രകൾ (lipid bilayer) കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. സോപ്പിലെ കൊഴുപ്പ് തന്മാത്രകൾ വൈറസിന്റെ ആവരണത്തിൽ കടന്നുകയറി അതിനെ ശിഥിലമാക്കുന്നു. കൊറോണാ വൈറസിന്റെ തൊലി ഉരിക്കൽ ആണ് അക്ഷരാർത്ഥത്തിൽ സോപ്പ് ചെയ്യുന്നത്! അതുകൊണ്ട് കുറഞ്ഞത് 20 സെക്കൻഡ് സോപ്പ് കൊണ്ട് കൈ കഴുകുന്നത് പ്രതിരോധത്തിന് മാറ്റുകൂട്ടും.

4. നിങ്ങളുടെ കണ്ണുകളിലോ മൂക്കിലോ വായിലോ സ്പർശിക്കുന്നത് ഒഴിവാക്കുക, കാരണം

വൈറസ് എല്ലായ്പ്പോഴും വായുവിൽ തുടരണമെന്നില്ല, പ്രതലങ്ങളിൽ വന്നു പതിക്കാം. ഇത് ഉപരിതലങ്ങളിൽ- ഫർണിച്ചർ, പുസ്‌തകങ്ങൾ, ഗാഡ്‌ജെറ്റുകൾ എന്നിവയിൽ മണിക്കൂറോളം ഒരുപക്ഷേ രണ്ടോ മൂന്നോ ദിവസം വരെയും സജീവമായി തുടരുകയും ചെയ്യാം. ഒരു വ്യക്തി രോഗാണുക്കളാൽ മലിനമായ ഏതെങ്കിലും പ്രതലം സ്പർശിക്കുകയും അതിനുശേഷം സ്വന്തം കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായിൽ സ്പർശിക്കുകയും ചെയ്യുമ്പോൾ രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നു.

5. കൊറോണയ്ക്കെതിരെ മരുന്നുകൾ ഉണ്ടോ?

ഡിസംബറിൽ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മരുന്നുകൾ വികസിപ്പിച്ചെടുക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. പത്തോളം മരുന്നുകൾ പരീക്ഷണ നിരീക്ഷണങ്ങൾക്ക് വിധേയമാവുകയും ചെയ്തു. ഇവയിൽ 4 മരുന്നുകൾ ഫലവത്തായേക്കും എന്ന് സൂചനകളുണ്ട്.

1. Hydroxy chloroquine sulphate(HCQS)

2.Ritonavir+Lopinavir

3.Azithromycin

Chloroquine ഗുളികകൾ മലേറിയക്കും ആമവാതത്തിനും ഇതിന് മുന്നേ ഉപയോഗിച്ചിട്ടുണ്ട്. Chloroquine ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മുൻകരുതൽ നടപടി എന്നോണം ഉപയോഗിക്കാമെന്ന് ICMR(Indian council of Medical Research) വ്യക്തമാക്കുന്നു. ചില പാർശ്വഫലങ്ങൾ ഉള്ള മരുന്നാണിത്. 80 ശതമാനത്തോളം കൊവിഡ് രോഗികൾ സ്വയമേ തന്നെ രോഗശാന്തിയിൽ എത്തും എന്നുള്ളതിനാൽ എല്ലാ രോഗികളിലും ഇത് ഉപയോഗിക്കേണ്ടതില്ല. കരൾ മാറ്റിവയ്ക്കൽ കഴിഞ്ഞ വ്യക്തികൾ Tacrolimus എന്ന മരുന്ന് റിജെക്ഷൻ വരാതിരിക്കാനായി സ്ഥിരമായി ഉപയോഗിക്കുന്നു. ഇത് Chloroquine ഒപ്പം ഉപയോഗിച്ചാൽ ഹൃദയതാള സംബന്ധമായ പ്രശ്നങ്ങൾ(Arrythmia) ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അസിത്രോമൈസിൻ രക്തത്തിലെ tacrolimusന്റെ അളവിനെ ബാധിക്കാം. ഹൃദയതാള സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ കൊവിഡിന് എതിരെയുള്ള മരുന്നുകൾ ഒരു ട്രാൻസ്പ്ലാന്റ് ഫിസിഷ്യന്റെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

6. Covid ന് എതിരെ വാക്സിനേഷൻ ഉണ്ടോ?

അമേരിക്കയിലും ജർമനിയിലും, ചില ഏഷ്യൻ രാജ്യങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾ പ്രതീക്ഷ നൽകുന്നു. മൃഗങ്ങളിലെ പരീക്ഷണങ്ങൾ കഴിഞ്ഞു. ഇനി മനുഷ്യരിലെ പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏതാനും മാസങ്ങൾക്ക് ശേഷം ഈ വാക്സിൻ പുറത്തു വന്നാലും നോവൽ കൊറോണക്ക് കാലാകാലങ്ങളിൽ രൂപമാറ്റം സംഭവിക്കുന്നതുകൊണ്ട് ഈ വാക്സിൻ എപ്പോഴും ഫലപ്രദമാകണമെന്നില്ല. കരൾ മാറ്റിവയ്ക്കൽ കഴിഞ്ഞ രോഗികളിൽ രോഗപ്രതിരോധശക്തി കുറവായതുകൊണ്ട് വാക്സിൻ കുത്തിവയ്പ് എടുത്താലും മതിയായ അളവിൽ ആന്റിബോഡി ഉണ്ടാവണമെന്നില്ല

ഇതെല്ലാം വിരൽചൂണ്ടുന്നത്പ്രതിരോധമാണ് പ്ര ധാനം എന്നതിലേക്ക് തന്നെയാണ്.

ഡോ. ഹരികുമാർ ആർ നായർ എംഡി, എംആർസിപി (യുകെ), ഡിഎം, എഫ്ആർസിപി (എഡിൻ)

സീനിയർ കൺസൾട്ടന്റ് ഹെപ്പറ്റോളജിസ്റ്റ് & ലിവർ ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ
ഗ്ലെനെഗൽസ് ഗ്ലോബൽ ഹെൽത്ത് സിറ്റി, ചെന്നൈ,
കിൻഡർ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കൊച്ചി

www.drharikumar.com

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top