ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലെത്തിക്കാൻ സാധിക്കില്ല; വി മുരളീധരൻ

പ്രവാസികളെ കൊണ്ടുവരാത്തതിന് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങളുടെ കാര്യത്തിൽ ഉറപ്പ് വരുത്താതെ പ്രവാസികളെ കൊണ്ടുവരുന്നത് അവരെ പ്രശ്‌നത്തിലാക്കുമെന്നാണ് മുരളീധരൻ പറയുന്നത്. ജനങ്ങളും സുരക്ഷയും ജീവനും ബലി കൊടുത്തുള്ള ഒരു പരീക്ഷണത്തിനും കേന്ദ്രം തയാറല്ലെന്നും ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടന്നും മന്ത്രി. ടിക്കറ്റിന്റെ പണം തിരിച്ചുകൊടുക്കുന്നതിന്റയും എമർജൻസി സർട്ടിഫിക്കറ്റിന്റെയും കാര്യം ഉദാഹരിച്ചാണ് മുരളീധരൻ കാര്യങ്ങൾ വ്യക്തമാക്കിയത്.

കുറിപ്പ് താഴെ,

കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രവാസികളുടെ നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ എന്റെ മുന്നിലെത്തിയത്. നേരിട്ടും ചാനൽ വഴിയും വിദേശകാര്യ മന്ത്രാലയം വഴിയും എനിക്കു മുന്നിൽ വന്ന പ്രവാസ ലോകത്തെ ആശങ്കകളിൽ ഏറെയും നാട്ടിലേക്ക് മടങ്ങുന്നതിനെ കുറിച്ചായിരുന്നു. അടിയന്തരമായി പ്രവാസികളെ കേരളത്തിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ കത്തയപ്പും പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്പെടലുകളും ഒക്കെ കാണുന്നുണ്ട്. അവർക്കത് പറയാം, കേന്ദ്രത്തെ കുറ്റപ്പെടുത്തി കയ്യടിയും വാങ്ങാം. പക്ഷേ, കൊവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ പ്രശ്‌നങ്ങളിലേക്ക് അവരെ തള്ളി വിടും എന്നറിയാവുന്നതുകൊണ്ടാണ് കേന്ദ്ര സർക്കാർ എടുത്തുചാടി നടപടികൾ എടുക്കാത്തത്.

ജനങ്ങളുടെ സുരക്ഷയും ജീവനും ബലി കൊടുത്തുള്ള പരീക്ഷണങ്ങൾക്ക് നരേന്ദ്ര മോദി സർക്കാർ ഒരു കാരണവശാലും തയ്യാറല്ല. എന്നാൽ, പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കൃത്യമായ ഇടപെടലും നടത്തുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്
ലോക്ക് ഡൗൺ കാലയളവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകണമെന്ന വിമാനക്കമ്പനികളോടുള്ള നിർദേശം.

ലോക്ക് ഡൗൺ കാലയളവിൽ റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് തുക മടക്കി നൽകില്ലെന്നും മറ്റൊരു തീയതിയിൽ യാത്ര അനുവദിക്കുമെന്നുമായിരുന്നു വിമാന കമ്പനികൾ നേരത്തെ യാത്രക്കാരെ അറിയിച്ചത്. ഇത് സാധാരണക്കാരായ നിരവധി പ്രവാസികൾ എന്നെ അറിയിച്ചപ്പോൾ പ്രധാനമന്ത്രിയുടെയും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടേയും മുഴുവൻ തുകയും തിരിച്ചു നൽകണമെന്നാണ് കേന്ദ്രം ഇപ്പോൾ വിമാനക്കമ്പനികളോട് നിർദേശിച്ചിരിക്കുന്നത്.

അതു പോലെ തന്നെ, കൊവിഡിന്റെ പശ്ചാത്തലത്തിൽ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയിൽ വരുന്ന നമ്മുടെ പൗരന്മാർക്ക് മടക്കയാത്രയ്ക്ക് വേണ്ട എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് ഈടാക്കുന്ന ഫീസ് സംബന്ധിച്ചും ഇടപെടൽ തേടി പലരും ബന്ധപ്പെട്ടിരുന്നു. എമർജൻസി സർട്ടിഫിക്കറ്റ് ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം ഇന്നലെ അംഗീകാരം നൽകിയിട്ടുണ്ട്. മലയാളികളടക്കം കുവൈറ്റിലെ 25000 ഓളം ഇന്ത്യൻ പൗരന്മാർക്ക് ഇത് പ്രയോജനപ്പെടും.

ഇന്നലെ സംഭവിച്ച രണ്ട് കാര്യങ്ങൾ ഞാൻ സാന്ദർഭികമായി ഉദാഹരിച്ചുവെന്നേയുള്ളൂ. ഇത്തരത്തിൽ, ഓരോ വിഷയത്തിലും കൃത്യമായ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും, അത് മറച്ചു വച്ച് തെറ്റിധാരണ പരത്താൻ ബോധപൂർവ്വമുള്ള ചർച്ചകൾ കണ്ടതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നത് .അത്തരം ചർച്ചകൾ നടത്തുന്ന മാധ്യമങ്ങൾ അതൊക്കെ ഒരു ഭാഗത്ത് സൗകര്യം പോലെ നടത്തിക്കോളൂ… പക്ഷേ മറുഭാഗത്ത് പ്രവൃത്തികളിലൂടെ പ്രവാസികൾക്കൊപ്പം കേന്ദ്ര സർക്കാരുണ്ടാകും എന്നു കൂടി ഓർത്താൽ നന്ന്.

 

Story highlights-v muralidharan,lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top