മലപ്പുറം സ്വദേശിയുടെ മരണകാരണം കൊവിഡ് അല്ല

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലായിരുന്ന വീരാൻകുട്ടി മരിച്ചത് കൊവിഡ് മൂലമല്ലെന്ന് കണ്ടെത്തൽ. അവസാന സ്രവ പരിശോധനാ ഫലവും നെഗറ്റീവായി രോഗമുക്തി നേടിയിരുന്നുവെങ്കിലും മരണം കൊവിഡ് മൂലമാണോയെന്ന സംശയത്തിനാണ് ഒടുവിൽ വിരാമമായിരിക്കുന്നത്.

കീഴാറ്റൂർ സ്വദേശിയായ വീരാൻകുട്ടി (85)യെ 2020 മാർച്ച് 31 ന് വൈറൽ ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 3 ന് ആലപ്പുഴ എൻഐവിയിൽ നിന്ന് ലഭിച്ച പരിശോധനാ റിപ്പോർട്ടിൽ ഇയാൾക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഏപ്രിൽ 7, 10 തിയതികളിൽ നടത്തിയ തുടർച്ചയായ രണ്ട് പരിശോധനാ ഫലങ്ങളിൽ വൈറസ് ബാധ ഭേദമായതായും സ്ഥിരീകരിച്ചു. മാർച്ച് 11 ന് രോഗിയെ തുടർ നിരീക്ഷണത്തിനായി ഐസൊലേഷനിൽ നിന്ന് സ്‌റ്റെപ് ഡൗൺ ഐസിയുവിലേക്ക് മാറ്റി.

ഏപ്രിൽ 13 ന് വൈകുന്നേരം 4 മണിക്ക് രോഗിക്ക് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡ്യൂട്ടി കാർഡിയോളജിസ്റ്റ് രോഗിയെ പരിശോധിച്ച് ഇ.സി.ജി, എക്കോ പരിശോധനകളിലൂടെ ഹൃദയാഘാതമുണ്ടായതായി കണ്ടെത്തി. ഉടൻതന്നെ അതിനാവശ്യമായ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഏപ്രിൽ 13 ന് മൂന്നാമത്തെ സാമ്പിൾ പരിശോധനാ ഫലത്തിലും കോവിഡ് നെഗറ്റീവായി. ഏപ്രിൽ 14 ന് രോഗിക്ക് മൂത്രത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അക്യൂട്ട് കിഡ്‌നി ഇഞ്ചുറി ഉണ്ടായതായി കണ്ടെത്തി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നെത്തിയ നെഫ്രോളജിസ്റ്റുകളുടെ സംഘം ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തു.

ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായ രോഗിക്ക് ഏപ്രിൽ 16 ന് കഠിനമായ പനി അനുഭവപ്പെടുകയും തുടർ പരിശോധനയിൽ മൂത്രത്തിൽ പഴുപ്പ് ബാധിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് ആശുപത്രി ക്രിട്ടിക്കൽ കെയർ ടീം പരിശോധിച്ച് ചികിത്സ ആരംഭിച്ചു. ഏപ്രിൽ 17 ന് നടത്തിയ പരിശോധനയിൽ രോഗിക്ക് സെപ്റ്റിസീമിയ, മൾട്ടി ഓർഗൻ ഡിസ്ഫങ്ഷൻ സിൻഡ്രോം രോഗങ്ങൾ ബാധിച്ചതായി കണ്ടെത്തി. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെ രോഗി ഏപ്രിൽ 18 ന് പുലർച്ചെ 4 മണിക്ക് മരിക്കുകയായിരുന്നു.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top