ആളുകളെ വീട്ടിലിരുത്താൻ പ്രേതങ്ങൾ; വ്യത്യസ്ത ആശയവുമായി ഇന്തോനേഷ്യയിലെ ഒരു ഗ്രാമം

കൊറോണക്കാലത്ത് വീട്ടിലിരിക്കുക എന്നതാണ് എറ്റവും ഫലപ്രദമായ പ്രതിരോധ മാർഗം. അതറിഞ്ഞിട്ടും പലരും പുറത്തിറങ്ങുകയും സാമൂഹിക അകലം പാലിക്കാതെ മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്യുന്നു. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇതാണ് അവസ്ഥ. പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും വാക്കുകളൊക്കെ ചിലർ അവഗണിക്കുകയാണ്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് വളരെ വ്യത്യസ്തമായ ഒരു ആശയവുമായി ഇന്തോനേഷ്യയിലെ ഒരു ഗ്രാമം രംഗത്തെത്തിയിരിക്കുന്നത്.
ആളുകളെ വീട്ടിലിരുത്താൻ പ്രേതങ്ങളെയാണ് ഇന്തോനേഷ്യയിലെ കെപു എന്ന ഗ്രാമം രംഗത്തിറക്കിയിരിക്കുന്നത്. ഇന്തോനേഷ്യയിലെ ജാവ ദ്വീപിലാണ് ഈ ഗ്രാമം. ആളുകളെ വീട്ടിലിരുത്താൻ ലോക്കൽ പൊലീസുമായി സഹകരിച്ച് കുറച്ച് യുവാക്കളാണ് പ്രേത രൂപത്തിൽ ഗ്രാമത്തിലൂടെ കറങ്ങി നടക്കുന്നത്. നാടോടിക്കഥകളിൽ പരാമർശിക്കുന്ന പോചോംഗ് എന്ന ഐതിഹ്യത്തിൻ്റെ ചുവടുപിടിച്ചാണ് പ്രേതരൂപങ്ങൾ. മരണപ്പെട്ടവരുടെ ആത്മാക്കളെ പ്രതിനിധാനം ചെയ്യുന്ന രൂപമാണ് പോചോംഗ്.
എന്നാൽ, പ്രേതങ്ങൾ സ്വൈര്യവിഹാരം നടത്തുന്നത് കാണാൻ ആളുകൾ കൂട്ടമായി പുറത്തിറങ്ങിയതോടെ ഈ പദ്ധതി തിരിഞ്ഞു കൊത്തി. ഇതോടെ പ്ലാൻ മാറ്റി സർപ്രൈസ് വിസിറ്റുകളും പട്രോളിംഗും നടത്താൻ തുടങ്ങി.
ഇന്തോനേഷ്യയിൽ ആകെ 6248 കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 325 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ 15 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണം 355 ആയി.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തിന് മുകളിലായി. 1,60,447 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആകെ രോഗ ബാധിതരുടെ എണ്ണം 23,25,170 ആയി. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ പുതിയതായി 6,357 മരണമാണ് റിപ്പോർട്ട് ചെയ്തത്.
Story Highlights: Coronavirus: Indonesian village recruits ‘ghosts’ to scare people into staying at home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here