ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് ‘കിടിലന്‍ സമ്മാനം’; ഇത് ഡോക്ടര്‍മാരുടെ ‘സ്‌നേഹം’

ലോക്ക്ഡൗണ്‍ കാലങ്ങള്‍ എങ്ങനെ പ്രയോജനകരമാക്കാമെന്ന ചിന്തയിലാണ് ഇപ്പോള്‍ എല്ലാവരും. ആദ്യമൊക്കെ മടുപ്പ് തോന്നിയെങ്കിലും ലോക്ക്ഡൗണ്‍ എന്ന പേരില്‍ ലഭിച്ച അവധി ദിനങ്ങള്‍ എങ്ങനെ പ്രയോജനകരമാക്കാമെന്ന ചിന്തയിലാണ് പലരും. ഈ ഒരു ചിന്തയില്‍ നിന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ ‘ചുക്കുകാപ്പി’ എന്ന സോഷ്യല്‍മീഡിയ പേജ് ആരംഭിക്കുന്നത്. ചുക്കുകാപ്പിയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ..? മനുഷ്യശരീരത്തിന് ലവലേശം ദോഷമില്ലാത്ത എന്നാല്‍ ഒട്ടനവധി ഗുണങ്ങളുള്ള ഒരു ഒറ്റമൂലിയാണ് ചുക്കുകാപ്പി.

ചുക്കുകാപ്പി സോഷ്യല്‍മീഡിയയില്‍

ചുക്കുകാപ്പി സോഷ്യല്‍മീഡിയിലെ പേജും ഇതുപോലെ തന്നെയാണ്. ഒട്ടും ദോഷവശങ്ങളില്ല. ഗുണങ്ങള്‍ ഏറെയുണ്ടുതാനും. ഒരു ഫേസ്ബുക്ക് പേജില്‍ എന്താണ് ഗുണങ്ങളെന്നല്ലേ…? കൊവിഡ് രോഗത്തിന്റെ വിവരങ്ങള്‍, രോഗം വരാനുള്ള സാധ്യതകള്‍, രോഗം വരാതിരിക്കാന്‍ എന്തൊക്കെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം, ഓര്‍മയില്‍ സൂക്ഷിക്കേണ്ട ഫോണ്‍ നമ്പരുകള്‍ എന്നിങ്ങനെ ഉപകാര പ്രദമായ നിരവധി കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.

ഒപ്പം ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്. ‘ടീം ചുക്കുകാപ്പി’ എന്ന പേരില്‍ കലയും സാഹിത്യവും ചിത്രങ്ങളും ആരോഗ്യ വിവരങ്ങളും കോര്‍ത്തിണക്കി പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ഈ ആരോഗ്യപ്രവര്‍ത്തകര്‍. ലോകം മുഴുവന്‍ കൊവിഡ് എന്ന മഹാമാരിക്കെതിരെ ഒന്നിച്ചു പോരാടുമ്പോള്‍ ആരോഗ്യ സന്ദേശങ്ങളും അറിവുകളും ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വ്യത്യസ്തമായ വഴിയൊരുക്കുകയാണ് ഒരുകൂട്ടം യുവ ആയുര്‍വേദ ഡോക്ടര്‍മാര്‍.

പിന്നണിയില്‍

വെറുതെ വിവരങ്ങള്‍ നല്‍കുകയല്ല ചെയ്യുന്നത്. ആധികാരികമായി ആയുര്‍വേദ വിധികള്‍ പ്രകാരമുള്ള നിര്‍ദേശങ്ങളാണ് നല്‍കുന്നത്. തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഇരുപതോളം സര്‍ക്കാര്‍ സ്വകാര്യ ആയുര്‍വേദ കോളജുകളില്‍ നിന്നായി അന്‍പതോളം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഈ സംരംഭത്തില്‍ പ്രവര്‍ത്തിക്കുന്നത്.

” ആരോഗ്യവിവരങ്ങള്‍ നല്‍കുന്ന ഒരു ഫേസ്ബുക്ക് പേജ് തുടങ്ങണമെന്ന് മുന്‍പ് കരുതിയിരുന്നതാണ്. എന്നാല്‍ ലോക്കഡൗണ്‍ അതിന് അനുയോജ്യമായ സമയമാണെന്ന് തോന്നുകയായിരുന്നു” വെന്ന് ആയുര്‍വേദ ഡോക്ടറും ചുക്കുകാപ്പി പേജിന്റെ അമരക്കാരനുമായ ഡോ.നിസാര്‍ മുഹമ്മദ് ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കൊവിഡിനെ സംബന്ധിച്ച ദിവസേനയുള്ള വിവരങ്ങള്‍, ആയുഷ് വകുപ്പിന്റെ ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍, രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ആയുര്‍വേദ മാര്‍ഗങ്ങള്‍, ടെലി കൗണ്‍സിലിംഗ് സംബന്ധിച്ചുമുള്ള വിവരങ്ങള്‍ എന്നിവ ചുക്ക് കാപ്പിയുടെ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ആയുര്‍വേദ രീതിയില്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശസ്ത്രീയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുന്ന യൂ ടൂബ് ചാനലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് വ്യത്യസ്തമായ ആശയവുമായി ചുക്കുകാപ്പി ടീം രംഗത്ത് എത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 രൂപയില്‍ കുറയാതെ സംഭാവന ചെയ്ത് രസീത് അയച്ച് നല്‍കുന്നവര്‍ക്ക് അവരുടെ ചിത്രം കാരിക്കേച്ചറായോ ബോട്ടില്‍ ആര്‍ട്ടായോ നല്‍കും. രസീത് അയച്ചുനല്‍കുന്നവരുടെ താത്പര്യമനുസരിച്ചായിരിക്കും ഏത് രീതിയിലാണ് ചിത്രം നല്‍കേണ്ടതെന്ന് ചുക്കുകാപ്പിയിലെ കലാകാരന്മാര്‍ തീരുമാനിക്കുക.

ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും വേണ്ടി കണ്‍സപ്റ്റ് പിക്ച്ചറിംഗ്, പോസ്റ്റര്‍ ഡിസൈനിംഗ്, കണ്‍സപ്റ്റ് നറേഷന്‍, വെബ് ഡിസൈനിംഗ്, കണ്ടന്റ് എഡിറ്റിംഗ് എന്നിവയ്ക്കുള്ള സാങ്കേതിക സഹായവും ചുക്കുകപ്പിയിലെ യുവ ഡോക്ടര്‍മാര്‍ ചെയ്തു നല്‍കുന്നുണ്ട്.

ഡോക്ടറും ഗായകനുമായ അരുണ്‍ ഗോപന്‍, ആര്‍ജെ ശ്രുതി തുടങ്ങിയ പ്രശസ്ത വ്യക്തികളും ഈ ടീമിന്റെ ഭാഗമാണ്. ഡോ. ജാക്വിലിന്‍ ദിലീപ് , ഡോ.സിജിന്‍ സൂര്യ, ഡോ.ഷാന്‍ അബൂ ഹസന്‍, ഡോ. സ്‌കന്ദേഷ്, ഡോ. ഡോണ ഡേവിസ് , ഡോ. ജിഷ്ണു.എസ് , ഡോ. ലിന്‍ഡ ജോണ്‍സ് തുടങ്ങി കേരളത്തിന് അകത്തും പുറത്തും ജോലി ചെയ്യുന്ന ഇരുപതോളം ഡോക്ടര്‍മാരടങ്ങിയ അഡ്മിന്‍ ഗ്രൂപ്പാണ് ചുക്ക് കാപ്പിക്ക് നിലവിലുള്ളത്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top