ബാർബർ ഷോപ്പ് തുറക്കില്ല; ഹോട്ടലുകളിൽ ഭക്ഷണം വിളമ്പില്ല; ലോക്ക്ഡൗൺ ഇളവുകൾ ഭേദഗതി ചെയ്ത് കേരളം

കേരളത്തിന് കേന്ദ്രം നൽകിയ മുന്നറിയിപ്പിന് പിന്നാലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ തിരുത്തി കേരളം. ബാർബർ ഷോപ്പുകൾ, ഹോട്ടലുകൾ, വാഹന ഗതാഗതം എന്നിവയിൽ കേരളം ഇളവുകൾ പ്രഖ്യാപിച്ചതിലാണ് കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചത്. ഇതിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് നിലവിൽ സംസ്ഥാന സർക്കാർ.

ഭേദഗതി പ്രകാരം ഇന്ന് മുതൽ ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കില്ല. ഹോട്ടലുകളിൽ ഇരുന്ന ഭക്ഷണം കഴിക്കാനുള്ള അനുമതിയും ഉണ്ടാകില്ല. മാത്രമല്ല സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിന് സംസ്ഥാനം പുറത്തിറക്കിയ ഇളവുകളും ഭേദഗതി ചെയ്തിട്ടുണ്ട്.

Read Also : മാർഗനിർദേശങ്ങൾ ലംഘിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകി; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഇന്ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവരുന്നത്. ഭക്ഷണശാലകൾ, കച്ചവട സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, വാഹനങ്ങൾ എന്നിവ അനുവദിക്കുന്നത് വഴി കേരളം ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെടുത്തുകയാണെന്ന് കേന്ദ്രം കത്തിൽ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി ഇന്നലെ രാത്രി തന്നെ വിശദമായി സംസാരിച്ചുവെന്നും കേന്ദ്ര ആഭ്യന്തര വകുപ്പ് അയച്ച കത്തിന് മറുപടി നൽകിയിട്ടുണ്ടെന്നും ടോം ജോസ് പറഞ്ഞു. എല്ലാ തീരുമാനങ്ങളും കേന്ദ്രത്തെ അറിയിച്ചാണ് കൈകൊണ്ടിട്ടുള്ളതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ അവശ്യ വസ്തുക്കളല്ലാത്ത വ്യാപാര സ്ഥാപനങ്ങൾ തുറക്കാനും, രോഗ വ്യാപനം വേഗത്തിലാക്കാൻ സാധ്യതയുള്ള ബാർബർ ഷോപ്പ് പോലുള്ള സ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതി നൽകാനും സംസ്ഥാനങ്ങൾക്കാകില്ല. പുസ്തകശാലകൾ തുറക്കുന്നതും ചട്ടലംഘനമാണെന്ന് കേന്ദ്രം പറയുന്നു. കേന്ദ്ര ചട്ടങ്ങൾ മറികടന്ന് കേരളം പുറപ്പെടുവിച്ച എല്ലാ ഇളവികളും പിൻവലിക്കണമെന്നാണ് കേന്ദ്രം ഉത്തരവിട്ടിരിക്കുന്നത്.

കേരളത്തിലെ ഏഴ് ജില്ലകളിലാണ് ഇന്ന് മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് സോണുകളായി തിരിച്ച സംസ്ഥാനത്തെ പച്ച, ഓറഞ്ച് ബി സോണുകളിലാണ് ഇന്നുമുതൽ ഇളവുകൾ ഉണ്ടാവുക. പച്ച മേഖലയിൽ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയിൽ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Story Highlights- Lockdown,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top