സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. പാലക്കാട് 4, കാസർഗോഡ് മൂന്ന്, മലപ്പുറം, കൊല്ലം ജില്ലകളിൽ ഒന്നു വീതം എന്നിങ്ങനെയാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ച 10 പേരിൽ 9 പേരും വിദേശത്തു നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കം മൂലമാണ് വൈറസ് ബാധയുണ്ടായത്. കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേർ വിദേശത്തു നിന്ന് വന്നവരാണ്. രോഗം സ്ഥിരീകരിച്ചവരിൽ പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിലെ ഓരോരുത്തർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. അതുകൊണ്ട് തന്നെ അതിർത്തിയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കാനുള്ള നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

16 പേർക്കാണ് ഇന്ന് അസുഖം നെഗറ്റീവായത്. കണ്ണൂർ-7, കാസർഗോഡ്-4, കോഴിക്കോട്-4, തിരുവനന്തപുരം-3 എന്നിങ്ങനെയാണ് അസുഖം ഭേദമായത്.

സംസ്ഥാനത്ത് 426 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതിൽ 117 പേർ ചികിത്സയിലാണ്. 36667 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. 36335 പേർ വീടുകളിലും 332 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 102 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതുവരെ 22252 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 19442 എണ്ണം നെഗറ്റീവാണ്.

സംസ്ഥാനത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് കണ്ണൂരിലാണ്. ഇതുവരെ 104 കേസുകളാണ് കണ്ണൂരിൽ റിപ്പോർട്ട് ചെയ്തത്. നിലവിൽ 53 പേരാ്ണ് കണ്ണൂർ ജില്ലയിൽ ചികിത്സയിൽ ഉള്ളത്. അതുകൊണ്ട് തന്നെ രോഗലക്ഷണം ഇല്ലെങ്കിലും മാർച്ച് 12-ഏപ്രിൽ 22 കാലയളവിൽ നാട്ടിലേക്ക് വന്ന പ്രവാസികളുടെയും ഹൈ റിസ്ക് കോണ്ടാക്ടുകളുടെയും സാമ്പിൾ പരിശോധിക്കാൻ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: 19 more covid 19 positive case in kerala today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top