‘ജനം പട്ടിണി കിടന്ന് മരിക്കുമ്പോൾ നിങ്ങൾ പണക്കാരുടെ കൈകൾ വൃത്തിയാക്കുന്നു’; അരിയിൽ നിന്ന് സാനിറ്റൈസർ ഉണ്ടാക്കാനുള്ള നടപടിക്കെതിരെ രാഹുൽ ഗാന്ധി

അരിയിൽ നിന്ന് സാനിറ്റൈസർ ഉണ്ടാക്കാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാവപ്പെട്ടവർ പട്ടിണി കിടന്ന് മരിക്കുമ്പോൾ കേന്ദ്രം പണക്കാരുടെ കൈകൾ വൃത്തിയാക്കുകയാണെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

ട്വീറ്റ് ഇങ്ങനെ :’ ഇന്ത്യയിലെ പാവപ്പെട്ടവർ എപ്പോഴാണ് ഉണരുക ? നിങ്ങൾ പട്ടിണി മൂലം മരിക്കുമ്പോൾ അവർ നിങ്ങൾക്ക് ലഭിക്കേണ്ട അരിയിൽ നിന്ന് സൈനിറ്റൈസർ ഉണ്ടാക്കി പണക്കാരുടെ കൈകൾ വൃത്തിയാക്കുകയാണ്’. ഹിന്ദിയിലായിരുന്ന ട്വീറ്റ്.

രാജ്യത്ത് അധികമായി വരുന്ന അരിയിൽ നിന്ന് സാനിറ്റൈസറിനാവശ്യമായ എത്തനോൾ ഉദ്പാദിപ്പിക്കാമെന്ന തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത് ഇന്നലെയാണ്. പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ എൻബിസിസി (നാഷണൽ ബയോഫ്യുവൽ കോർഡിനേഷൻ കമ്മിറ്റി) അധികൃതരുമായി ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. കേന്ദ്ര ഭക്ഷ്യ വകുപ്പിൽ അധികമായി വരുന്ന അരി ഉപയോഗിച്ച് എത്തനോൾ നിർമിക്കാനായിരുന്നു തീരുമാനം. ഇത് സംബന്ധിച്ച് സർക്കാർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഒരു വിഭാഗം പട്ടിണി കിടക്കുമ്പോഴാണ് അവർക്ക് ലഭിക്കേണ്ട അരി ഇത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതെന്നാണ് ആരോപണം.

Story Highlights- sanitizer, rahul gandhi, rice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top