കൊല്ലം ആര്യങ്കാവ് അതിർത്തി വഴി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ആളുകളെ ലോറിയിൽ ഒളിച്ചുകടത്തുന്നു

കൊല്ലം ആര്യങ്കാവ് അതിർത്തി വഴി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും ആളുകളെ ലോറിയിൽ ഒളിച്ചുകടത്തുന്നു. അവശ്യവസ്തുക്കൾ കയറ്റി വരുന്ന ലോറിയിൽ ആളുകളെ കടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ആളുകളെ ഒളിച്ചുകടത്തുന്നവർക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു.
കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാണ് അതിർത്തിയിലൂടെ ഒളിച്ചുകടക്കാൻ ശ്രമിക്കുന്നത്. കേരളത്തിൽ തക്കാളി ഇറക്കിവന്ന ലോറിയുടെ പിന്നിൽ തക്കാളി പെട്ടികൾക്ക് അടിയിൽ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശി പിടിയിലായത്. ഇയാളുടെ ബന്ധുവിന്‍റെ ലോറിയിലാണ് തമിഴ്നാട്ടിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ചത്.
കേരളത്തിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ദിവസത്തിനിടെ നാല് കേസുകള്‍ തെന്മല പൊലീസ് രജിസ്റ്റർ ചെയ്തു. കൊവിഡ് പടർന്നു പിടിക്കുന്ന തെങ്കാശിയിൽ നിന്ന് ഒളിച്ചെത്തുന്നവർ രോഗബാധിതരാകാനുള്ള സാധ്യതയുണ്ട്. ഇതിന്‍റെ പശ്ചാതലത്തിൽ കഴുതുരുട്ടി പാലത്തിന് സമീപം കർശനപരിശോധന നടത്താൻ റൂറൽ എസ്പി ഹരിശങ്കർ നിർദേശിച്ചു. ജനങ്ങളെ ഒളിച്ചുകടത്തുന്ന ലോറിയുടെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ പറഞ്ഞു.
അതേ സമയം, കൊല്ലത്ത് സാമൂഹിക വ്യാപനത്തിന്റെ സാധ്യതയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. കുളത്തൂപ്പുഴയിൽ കൊവിഡ് സ്ഥിരീകരിച്ച രോഗി നിരവധി പേരുമായി സമ്പർക്കം പുലർത്തിയ സാഹചര്യത്തിലാണ് കളക്ടറുടെ പ്രതികരണം.
കുളത്തൂപ്പുഴയിലെ രോഗി 36 പേരുമായാണ് സമ്പർക്കത്തിൽ ഏർപ്പെട്ടത്. ഇവരെ കര്‍ശനമായി ക്വാറന്റീൻ ചെയ്തു. ഇയാള്‍ കൂടുതല്‍ ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. രണ്ട് പ്രാവശ്യം തമിഴ്‌നാട്ടിലേക്ക് പോയി വന്നിരുന്നു. തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും കളക്ടർ പറഞ്ഞു. അതേസമയം രോഗിയുമായി ബന്ധപ്പെട്ട 13 പേരുടെ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കും.
Story Highlights: human trafficking via kerala karnataka border
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here