രാജ്യത്ത് കൊവിഡ് കേസുകളില്‍ 45 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് ആറ് നഗരങ്ങളില്‍ നിന്ന്

രാജ്യത്തെ കൊവിഡ് കേസുകളുടെ 45 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് ആറ് നഗരങ്ങളില്‍ നിന്ന്. മുംബൈയും ഡല്‍ഹിയുമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഡല്‍ഹിയില്‍ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 89 ആയി. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20471 ആയി ഉയര്‍ന്നു. 652 പേരാണ് ഇതുവരെ മരിച്ചത്.

മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ഇന്‍ഡോര്‍, പൂനെ, ജയ്പൂര്‍ എന്നീ നഗരങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷം. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 45 ശതമാനവും ഈ ആറ് നഗരങ്ങളില്‍ നിന്നാണ്. മുംബൈയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം മൂവായിരം കടന്നു. രാജ്യത്തെ അറുപത് ശതമാനം പോസിറ്റീവ് കേസുകളും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, ലോക്ക്ഡൗണ്‍ നീട്ടിയതോടെ രോഗവ്യാപനത്തിന്റെ വേഗത കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകളുടെ എണ്ണം 1500ലേക്ക് അടുക്കുകയാണ്. പത്ത് ജില്ലകള്‍ കൊവിഡ് മുക്ത ജില്ലകളായി പ്രഖ്യാപിച്ചു. ഇതിനിടെ ഡല്‍ഹി എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് കൊവിഡ് ബാധിതന്‍ രംഗത്തെത്തി.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top