1000 രൂപയുടെ കിറ്റിൽ 750 രൂപയുടെ സാധനങ്ങൾ പോലുമില്ല; സൗജന്യ റേഷൻ കിറ്റ് തട്ടിപ്പെന്ന് കേരള കോൺഗ്രസ്

സർക്കാർ നൽകുന്ന സൗജന്യ റേഷൻ കിറ്റ് തട്ടിപ്പെന്ന് കേരള കോൺഗ്രസ്. 1000 രൂപയുടെ കിറ്റെന്ന് പറഞ്ഞിട്ട് 750 രൂപയുടെ സാധനങ്ങൾ പോലുമില്ലെന്ന് കേരള കോൺഗ്രസ് എം ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് ആരോപിച്ചു. 250 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഭക്ഷ്യമന്ത്രിയെ മാറ്റി നിർത്തി അന്വേഷിക്കണമെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.

നേരത്തെ, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉയർത്തിയിരുന്നു. ഭക്ഷ്യകിറ്റ് തട്ടിപ്പാണെന്നും രാവിലെ മുതല്‍ കിറ്റ് വാങ്ങാനെത്തിയ പലരും കിറ്റ് കിട്ടാതെ തിരിച്ച് പോകുന്ന സ്ഥിതിയാണ് ഉള്ളതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കമ്മ്യൂണിറ്റി കിച്ചന്‍ പലയിടത്തും ജനതാ കിച്ചനായി മാറ്റിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതേ സമയം, സംസ്ഥാനത്ത് ഈ മാസം 96.66 ശതമാനം കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ആകെയുള്ള 87 ലക്ഷത്തി ഇരുപത്തി ഒൻപതിനായിരം കാർഡ് ഉടമകളിൽ 84 ലക്ഷത്തി നാല്പത്തിഅയ്യായിരം കാർഡ് ഉടമകൾക്ക് സൗജന്യ റേഷൻ നൽകിയെന്നാണ് അദ്ദേഹം അറിയിച്ചത്.

27 മുതൽ സംസ്ഥാന സർക്കാരിൻ്റെ പലവ്യഞ്ജന കിറ്റ് പിങ്ക് കാർഡുകാർക്ക് വിതരണം ചെയ്യും. 22 മുതൽ 26 വരെ യഥാക്രമം 1-2, 3-4, 5-6, 7-8, 9-0 എന്നിങ്ങനെ ഈ അക്കങ്ങളിൽ അവസാനിക്കുന്ന കാർഡ് ഉടമകൾക്കാവും റേഷൻ വിതരണം. അതിഥി തൊഴിലാളികൾക്ക് ഇതുവരെ 742 മെട്രിക് ടൺ അരിയും രണ്ട് ലക്ഷത്തി 3400 കിലോ ആട്ടയും നൽകി. റേഷൻ കാർഡ് ഇല്ലാത്ത 25906 കുടുംബങ്ങൾക്ക് സൗജന്യമായി 316 മെട്രിക് ടൺ അരി വിതരണം ചെയ്തു എന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: kerala congress against free ration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top