രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24,000ലേക്ക് അടുക്കുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24,000ലേക്ക് അടുക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 23,452 ആയി ഉയർന്നു. 723 പേർ മരിച്ചു. 24 മണിക്കൂറിനിടെ 1752 പുതിയ കേസുകളും 37 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹി മാക്‌സ് ആശുപത്രിയിലെ അഞ്ച് മലയാളി നഴ്സുമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം, കൊവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 80 ജില്ലകളിൽ പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തീവ്ര കൊവിഡ് ബാധിത മേഖലകളായ അഹമ്മദാബാദ്, സൂറത്ത്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കാൻ നാല് നിരീക്ഷക സംഘങ്ങളെ കേന്ദ്രസർക്കാർ നിയോഗിച്ചു. കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും 5000 പരിശോധന വരെയെങ്കിലും പ്രതിദിനം നടത്തണമെന്നും കേന്ദ്രസംഘം പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി.

ഗുജറാത്തിൽ 24 മണിക്കൂറിനിടെ 191 പോസിറ്റീവ് കേസുകളും 15 മരണവും റിപ്പോർട്ട് ചെയ്തു. അഹമ്മദാബാദിൽ മാത്രം 169 പോസിറ്റീവ് കേസുകളും 14 മരണവുമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. അഹമ്മദാബാദിൽ രോഗവ്യാപനം ഇപ്പോഴത്തെ തോതിൽ പോകുകയാണെങ്കിൽ മേയ് പകുതിയോടെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷവും മേയ് 31ന് എട്ടുലക്ഷവും കടന്നേക്കാമെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ കമ്മീഷണർ വിജയ് നെഹ്‌റ മുന്നറിയിപ്പ് നൽകി. രാജസ്ഥാനിൽ ഇന്ന് നാല് പേർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 2000 കടന്നു. ഇൻഡോറിൽ കണ്ടെന്റ്‌മെന്റ് സോണുകളുടെ എണ്ണം 171 ആയി. കർണാടകയിൽ കൊവിഡ് ബാധിതരുടെ എണ്ണം 474 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച 72ൽ 52ഉം ചെന്നൈയിലാണ്.

Story highlight: The number of covid-infected people in the country is  24,000

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top