പകുതി ശമ്പളം മാത്രം നൽകാൻ നിർദേശം; തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി. ആശുപത്രി വികസന സൊസൈറ്റി വഴി നിയമിച്ച 180 ഓളം ജീവനക്കാർക്ക് പകുതി ശമ്പളം മാത്രം നൽകാൻ സൂപ്രണ്ട് നിർദ്ദേശിച്ചു. മാസത്തിൽ 15 ദിവസം ജോലിക്കെത്തിയാൽ മതിയെന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകി. ശുചീകരണവിഭാഗം ജീവനക്കാരുൾപ്പെടെ മാറിനിൽക്കേണ്ടിവരുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കും.

കൊവിഡ് 19 രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടെയാണ് എസ്എടി ആശുപത്രിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത്. ആശുപത്രി വികസന സമിതി വഴി നിയമിച്ച ജീവനക്കാർ ഇതോടെ പ്രതിസന്ധിയിലായി. വാഹന പാർക്കിംഗ് ഫീസ്, സന്ദർശക പാസ്, ഫാർമസി, ലബോറട്ടറി, സാധനങ്ങൾ വിൽക്കുന്ന ഔട്ട്‌ലെറ്റുകൾ എന്നിവയിലെ വരുമാനമാണ് വികസന സമിതിക്കുള്ളത്.

Read Also : പ്രതീക്ഷകൾ വിഫലം; കൊവിഡ് മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയം

രോഗികൾ കുറഞ്ഞതോടെ വികസന സമിതിയുടെ വരുമാനം വൻതോതിൽ കുറഞ്ഞു. സമിതി വഴി കരാർ നിയമനം നേടിയ 180 ഓളം ജീവനക്കാരിൽ ഡോക്ടറും നഴ്‌സുമാരും ശുചീകരണ ജീവനക്കാരുമുണ്ട്. ഇവർക്ക് ഒരു മാസം ശമ്പളം നൽകാൻ 18 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. നിലവിൽ അഞ്ചു ലക്ഷം രൂപ മാത്രമേ സമിതിക്ക് വരുമാനമായി ലഭിച്ചിട്ടുള്ളൂ. തുടർന്നാണ് 15 ദിവസത്തെ ശമ്പളം മാത്രം നൽകാൻ ആശുപത്രി സൂപ്രണ്ട് നിർദേശം നൽകിയത്.

ജീവനക്കാർ 15 ദിവസം മാത്രം ജോലിക്ക് വന്നാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. വരുമാനം കുത്തനെ കുറഞ്ഞെന്നും മറ്റു മാർഗങ്ങൾ തേടുകയോ സർക്കാർ സഹായിക്കുകയോ മാത്രമാണ് പോംവഴിയെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. ശുചീകരണ വിഭാഗം ജീവനക്കാരുൾപ്പെടെ ജോലിയിൽ നിന്ന് മാറിനിൽക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും.

Story Highlights- coronavirus, thiruvananthapuram sat hospital

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top