പ്രതീക്ഷകൾ വിഫലം; കൊവിഡ് മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയം

മനുഷ്യരാശിയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി റെംഡെസിവിയർ മരുന്നിന്റെ ആദ്യ പരീക്ഷണം പരാജയമായി. കൊവിഡ് 19 ചികിത്സിക്കാൻ മരുന്നിന് കഴിയും എന്ന് തന്നെയാണ് അവസാന നിമിഷം വരെ ശാസ്ത്രലോകം പ്രതീക്ഷിച്ചത്.

കൊവിഡിനുള്ള മരുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടക്കം വിശ്വസിച്ചിരുന്ന മരുന്നാണ് റെംഡെസിവിയർ. 237 പേരിലാണ് പരീക്ഷണം നടന്നത്. ചില പാർശ്വ ഫലങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പരീക്ഷണം നിർത്തി. വാർത്ത ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് നീക്കം ചെയ്തു. റിപ്പോർട്ടിൽ ചില പിഴവുകളുണ്ടെന്നും പിഴവുകൾ തിരുത്തി രണ്ടാംത് അപ്ലോഡ് ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘടനാ വാക്താവ് അറിയിച്ചത്.

Read Also : ബ്രിട്ടനിൽ ചികിത്സയിലായിരുന്ന ​രോ​ഗിയെ പ്രത്യേക അനുമതിയോടെ നാട്ടിലെത്തിച്ചു

ജിലിയഡ് സയൻസസ് എന്ന യുഎസ് കമ്പനിയാണ് മരുന്ന് വികസിപ്പിച്ചത്. എബോള ചികിത്സിക്കാൻ വികസിപ്പിച്ച മരുന്നായിരുന്നു ഇത്. എന്നാൽ ആഫ്രിക്കയിൽ എബോളയെ പിടിച്ചുകെട്ടാൻ മരുന്നിനായില്ല. എന്നാൽ രോഗം മൂർച്ഛിക്കാത്ത കൊവിഡ് രോഗികൾക്ക് മരുന്ന് ഉപകാരപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മുമ്പ് ഹൈഡ്രോക്‌സി ക്ലോറോക്വിൻ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കാൻ കഴിയുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ മരുന്നിനുള്ള ആവശ്യം ഇരട്ടിയായി വർധിച്ചിരുന്നു. ഇതെ തുടർന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിൻ മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. ഇതേ വഴിയിലാണ് നിലവിൽ റെംഡെസിവിയറും. മരുന്നിനും ക്ഷാമം നേരിടുന്നുണ്ട്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top