‘സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്കായി ട്രോൾ ഫ്രീ നമ്പർ സേവനം ആരംഭിക്കും’: ഡിജിപി ലോക്നാഥ് ബെഹ്റ

സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്കായി ട്രോൾ ഫ്രീ നമ്പർ സേവനം ആരംഭിക്കാൻ പൊലീസ്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ പുതിയ ട്രോൾ ഫീ നമ്പർ പ്രവർത്തന സജ്ജമാകുമെന്നും ഡിജിപി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന പൊലീസ് വകുപ്പിന്റെ നേട്ടങ്ങൾ വിവരിച്ചായിരുന്നു ബെഹ്റയുടെ വാർത്താസമ്മേളനം. സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ കേരള പൊലീസിന് പുതിയ പാഠങ്ങളും അനുഭവങ്ങളും കൂടുതൽ ആത്മവിശ്വാസവും നൽകിയെന്നു ഡിജിപി പറഞ്ഞു.

കൊവിഡ് അതിജീവനത്തിന് നമ്മൾ സ്വീകരിച്ച രീതി കേരള മോഡൽ എന്ന പേരിൽ തന്നെ ലോകമെമ്പാടും സ്വീകരിക്കപ്പെട്ടൂ എന്നത് വലിയ കാര്യമാണെന്നു സംസ്ഥാന പൊലീസ് മേധാവി ചൂണ്ടിക്കാട്ടി. പെട്ടെന്നുണ്ടാവുന്നൊരു മഹാമാരിയെ പ്രതിരോധിക്കാനുള്ള രീതി കേരള പൊലീസിന് പഠിക്കാനായി. ഇത്തരം അവസരങ്ങളിൽ കോമൺസെൻസ് ഉപയോഗിച്ച് പലതും പരീക്ഷിച്ചു നിരീക്ഷിച്ചും പഠിക്കാൻ മാത്രമേ സാധിക്കൂ; ബഹ്റ പറഞ്ഞു.

ഒന്നും ആരെയും അടിച്ചേൽപ്പിക്കാതെ നിയമാനുസൃതം കാര്യങ്ങൾ നടപ്പാക്കുകയാണുണ്ടായതെന്നു ബഹ്റ പറഞ്ഞു. ബോധവത്കരണ പരിപാടികളിലൂടെയും നിയമസംവിധാനങ്ങളിലൂടെയുമാണ് കേരളം ഈ നേട്ടം കൈവരിച്ചതെന്നും അതിൽ പൊലീസ് വഹിച്ച പങ്ക് വളരെ വലുതാണെന്നും ലോക്നാഥ് ബെഹ്റ കൂട്ടിച്ചേർത്തു. പൊതുജനങ്ങൾ ഏറ്റവും നല്ല രീതിയിലാണ് പൊലീസുമായി സഹകരിക്കുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

കേരളത്തിൽ നടപ്പിലാക്കിയ കമ്യണിറ്റി പൊലീസിംഗ് വിചാരിച്ചതിനെക്കാൾ വലിയ വിജയമാണ് ഉണ്ടാക്കിയതെന്നും വാർത്താസമ്മേളനത്തിൽ പൊലീസ് മേധാവി പറഞ്ഞു. ബുധനാഴ്ച്ചവരെയുള്ള കണക്ക് പ്രകാരം കമ്യൂണിറ്റി പൊലീസിംഗിൽപ്പെട്ട ജീവനക്കാർ മൂന്നുലക്ഷത്തി ഇരുപത്തിയേഴായിരം വീടുകൾ സന്ദർശിച്ച് ബോധവത്കരണം നടത്തി. കൂടാതെ ഹൗസ് ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിലും മുതിർന്ന പൗരന്മാരുള്ള വീടുകളിലും പൊലീസ് എത്തി ബോധവത്കരണം നടത്തി. ഒരു കോടിയിലധികം ലൈക്കുകൾ കിട്ടിയ വീഡിയോകൾ ഉൾപ്പെടെ കോവിഡ് 19 ബോധവത്കരണത്തിന്റെ ഭാഗമായി പൊലീസ് ഡിപ്പാർട്ട്മെന്റ് ഇതുവരെ 412 വീഡിയോകൾ ഉണ്ടാക്കി. നൂറുകണക്കിന് പോസ്റ്റുകളും ആയിരക്കണക്കിന് ട്രോളുകളും ബോധവത്കരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കി. സോഷ്യൽ മീഡിയ ബോധവത്കരണ പരിപാടികളിൽ സിനിമ താരങ്ങൾ അടക്കം നിരവധി പ്രശസ്തർ പങ്കാളികളായി. രാജ്യത്ത് മറ്റൊരു പൊലീസ് ഡിപ്പാർട്ട്മെന്റിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളാണിത്; ഡിജിപി പറഞ്ഞു. റെഡ്, ഓറഞ്ച് സോണുകൾ ഉള്ള സംസ്ഥാനമാണ് നമ്മുടേത്. നാല് ജില്ലകളാണ് റെഡ് സോണിലുള്ളത്. റെഡ് സോണിലുള്ള ജില്ലകളിലും ഓറഞ്ച് സോണിലുള്ള ജില്ലകളിലും ഹോട്ട്സ്‌പോട്ടുകളുണ്ട്. ഈ ഹോട്ട്സ്‌പോട്ടുകൾ ഉള്ള സ്ഥലങ്ങളിലെല്ലാം ലോക്ക് ഡൗൺ കർശനമാക്കിയിട്ടുണ്ട്. ഇവിടെ പൊലീസിലെയും ബന്ധപ്പെട്ട പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വോളന്റിയർമാർ അവശ്യസാധനങ്ങളെല്ലാം വീടുകളിൽ എത്തിച്ചു നൽകും. ജനങ്ങൾ ഇതിൽ പൂർണമായും സഹകരിക്കണമെന്നും ഡിജിപി അഭ്യർത്ഥിച്ചു.

ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാരിച്ച ഇളവുകൾ പ്രാവർത്തികമാക്കി തുടങ്ങിയെങ്കിലും ഓരോ ജില്ലകളിലേയും അവസ്ഥകൾ വ്യത്യസ്തമായതിനാൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കാനും ജില്ല കളക്ടർമാരും എസ് പി, ഡിഎംഒ,ഡിസ്ട്രിക് ഡിസാസ്റ്റർ മാനേജ്മമെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർക്കായിരിക്കും അധികാരമെന്നും ഡിജിപി അറിയിച്ചു.

Story highlights-Toll free number service,loknath behra

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top