ഞാനൊരു ഡോക്ടറല്ല, പക്ഷേ കൊറോണയെ തുരത്താൻ അണുനാശിനി കുത്തിവെക്കണമെന്നാണ് എന്റെ അഭിപ്രായം: ഡോണൾഡ് ട്രംപ്

കൊവിഡ് 19 പ്രതിരോധത്തിനായി അണുനാശിനി കുത്തുവെക്കുന്ന കാര്യം പരിഗണിക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതോടൊപ്പം പ്രകാശം ഏതെങ്കിലും രീതിയിൽ ശരീരത്തിലേക്ക് ശക്തിയായി അടിച്ച് കയറ്റുന്ന കാര്യം പരിഗണിക്കണമെന്നും ട്രംപ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി തലവൻ വില്യം ബ്രയാനുമായുള്ള വാർത്താ സമ്മേളനത്തിനിടെയായിരുന്നു ട്രംപിൻ്റെ വിചിത്ര വാദം.
“അള്‍ട്രാ വയലറ്റ് വെളിച്ചമോ മറ്റേതെങ്കിലും ശക്തിയേറിയ വെളിച്ചമോ ശരീരത്തിലേക്ക് നേരിട്ട് അടിക്കുകയാണെന്ന് വിചാരിക്കുക.’ അത് പരിശോധിച്ചിട്ടില്ലെന്നും പരിശോധിക്കുന്നത് ആലോചനയിൽ ഉണ്ടെന്നുമല്ലേ പറഞ്ഞത്? ഇനി ഈ വെളിച്ചം തൊലിയിലൂടെയോ മറ്റേതെങ്കിലും മാർഗങ്ങൾ വഴിയോ ശരീരത്തിനുള്ളിലെത്തി എന്ന് കരുതുക. നിങ്ങൾ അതും പരീക്ഷിക്കുമെന്നാണ് ഞാൻ കരുതുന്നത്. അത് കൊള്ളാം. അണുനാശിനികൾ വൈറസിനെ ഒരു മിനിട്ട് കൊണ്ട് പുറത്തു ചാടിക്കുമെന്ന് എനിക്കറിയാം. അണുനാശിനികള്‍ കുത്തിവയ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാലോ? അത് പരീക്ഷിക്കുന്നതും നന്നാവും. നോക്കൂ, അണുനാശിനി ശ്വാസകോശത്തിൽ എത്തിയാലോ? അതൊക്കെ അറിയാൻ എനിക്ക് താല്‍പര്യമുണ്ട്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷേ, കാര്യങ്ങൾ അറിയാവുന്ന ഒരാളാണ്.”- ട്രംപ് പറഞ്ഞു.
“ഞാൻ പുതുവഴികൾ നിർദ്ദേശിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. കാരണം, ഈ വൈറസിനെ ഓടിക്കണമെങ്കിൽ നാം പുതുവഴികൾ തേടണം. ചൂടത്ത്, സൂര്യ താപമേറ്റ് കൊറോണ വൈറസ് നശിക്കുമെന്നത് ശരിയാണെങ്കിൽ അത് നല്ലതല്ലേ?”- ട്രംപ് ചോദിച്ചു.
സൂര്യതാപം കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന പുതിയ പഠന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. അണുനാശിനികൾ കൊവിഡ് 19 വൈറസിനെ കൊല്ലുമെന്നും പഠനത്തിൽ പ്രതിപാദിച്ചിരുന്നു. ഇത് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി തലവൻ വില്യം ബ്രയാൻ വാർത്താ സമ്മേളനത്തിനിടെ പ്രതിപാദിക്കുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ട്രംപിൻ്റെ വാദങ്ങൾ.
Story highlights-rump suggests injecting disinfectant as treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here