ശമ്പളം തിരിച്ചു കൊടുക്കുന്ന കാര്യം 6 മാസത്തിന് ശേഷം ആലോചിക്കാം : തോമസ് ഐസക്ക്

ശമ്പളം നീക്കിവയ്ക്കൽ ഉത്തരവിലൂടെ പിടിച്ച ശമ്പളം തിരിച്ചു കൊടുക്കുന്ന കാര്യം 6 മാസത്തിനു ശേഷം ആലോചിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ശമ്പളം തിരിച്ചുകൊടുക്കുന്നത് പല രീതിയിൽ ആലോചിക്കാം. മാറ്റി വെച്ച ശമ്പളം പിന്നീട് നൽകാം, പിഎഫിൽ ലയിപ്പിക്കാം, ഇങ്ങനെ നിരവധി മാർഗങ്ങളുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രം ഡിഎ തന്നെ മരവിപ്പിച്ചു എന്നാൽ സംസ്ഥാനം ഡിഎ കുടിശിക നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശമ്പളം നീക്കിവയ്ക്കൽ ഉത്തരവ് കത്തിച്ച നടപടിയെ കുറിച്ചും മന്ത്രി പരാമർശിച്ചു. ഉത്തരവ് കത്തിച്ചവർ വെറുതെ വീട്ടിലിരിക്കുന്ന അധ്യാപകരാണ്. എന്ത് സാമൂഹ്യ ബോധമാണ് ഇവർ പകരുന്നതെന്നും വേതനമില്ലാതെ സാധാരണക്കാർ വീട്ടിലിരിക്കുമ്പോഴാണ് അധ്യാപക സംഘടനയുടെ നടപടിയെന്നും മന്ത്രി തുറന്നടിച്ചു.

ഏപ്രിലിൽ സർക്കാർ വരുമാനം 250 കോടി രൂപയാണ്. കേന്ദ്രം തന്നതടക്കം 2000 കോടിയുണ്ട്. ശമ്പളത്തിന് 2700 കോടി വേണം. പെൻഷൻ തുക വേറെയും കണ്ടെത്തണമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

കെഎസ്ആർടിസിയുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പ് നൽകി. കുടുംബശ്രീക്ക് സഹായം ഇന്നു മുതൽ നൽകുമെന്നും പരമാവധി 20000 രൂപയാകും അനുവദിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാലറി ചലഞ്ച് വേണ്ടെന്ന് വെച്ചത് പ്രതിപക്ഷത്തിന്റെ എതിർപ്പു മൂലമാണെന്നും മന്ത്രി പറഞ്ഞു.

Story Highlights- salary challenge,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top