ഡോക്ടർക്ക് കൊവിഡ്; ഇടുക്കി ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം അടയ്ക്കും

ഇടുക്കി ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം താത്കാലികമായി അടയ്ക്കും. ഇവിടെ ജോലി ചെയ്തിരുന്ന ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. പരിശോധനയ്ക്ക് മുൻപ് ഡോക്ടർ സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്.

ഏലപ്പാറ പിഎച്ച്‌സിയിലെ 41കാരിയായ വനിതാ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൈസൂരിൽ നിന്നെത്തിയ രോഗബാധിതന്റെ അമ്മയുമായി ഇവർ സമ്പർക്കം പുലർത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ ഇന്നും ഏലപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യകേന്ദ്രം താത്കാലികമായി അടയ്ക്കാൻ തീരുമാനിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച രോഗിയെ മാർച്ച് പതിനഞ്ചിനാണ് ഡോക്ടർ പരിശോധിച്ചത്. ഇതിന് ശേഷം ആശുപത്രിയിലെത്തിയ രോഗികളുടെ കണക്കെടുക്കാൻ തീരുമാനിച്ചു. ഡോക്ടറുമായി സമ്പർക്കം പുലർത്തിയ എല്ലാ ആരോഗ്യപ്രവർത്തകരേയും നിരീക്ഷണത്തിലാക്കാനാണ് തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top