കൊവിഡ് പരിശോധന കൂടുതൽ വ്യാപകമാക്കും; ജില്ലാ ഭരണകൂടങ്ങൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി

കൊവിഡ് പരിശോധന കൂടുതൽ വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. അതിർത്തിയിലെ പരിശോധനകൾ കൂടുതൽ കർക്കശനമാക്കണം. ഹോട്ട്സ്പോട്ടുകളിൽ എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടങ്ങളുമായുള്ള യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് നടന്ന യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ. രോഗലക്ഷണങ്ങളില്ലാത്തവരിൽ ഉൾപ്പെടെ പരിശോധന വ്യാപകമാക്കണം. നിലവിൽ പ്രതിദിനം ശരാശരി അഞ്ഞൂറു പരിശോധനകളാണ് നടത്തുന്നത്. സംസ്ഥാനത്തിന് നാലായിരം പരിശോധനകൾ നടത്താനുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. റാൻഡം കിറ്റ് ഉപയോഗിക്കാൻ ഐ.സിഎംആർ അനുമതി നൽകാത്ത സാഹചര്യത്തിൽ നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കണം പരിശോധന. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും കൊവിഡ് സ്ഥീരികരിക്കുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നിർദേശം.

അയൽ സംസ്ഥാനങ്ങളിൽ നിന്നുവന്നവരിൽ കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ചെറുവഴികളിലൂടെ കടന്നുവരുന്നവരെ തടയാനുള്ള പരിശോധനകൾ കൂടുതൽ കർക്കശമാക്കണം. വനാതിർത്തികളിൽ ഫോറസ്റ്റ് പൊലീസ് സംയുക്ത പരിശോധന നടത്തണം. ലോക്ഡൗണിൽ ജനങ്ങളുടെ ബുദ്ധിമുട്ട് ഉദ്യോഗസ്ഥർ മനസിലാക്കണം. കർശന നിലപാടിനൊപ്പം സഹാനുഭൂതിയും കാട്ടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് കൂടുതൽ സൗകര്യങ്ങളൊരുക്കണം. താമസത്തിന് കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തണമെന്നും നിർദേശമുണ്ട്. ജില്ലാ കലക്ടർമാർക്കും എസ്.പിമാർക്കും ഡി.എം.ഒമാർക്കും പുറമെ റവന്യൂ ആരോഗ്യമന്ത്രിമാരും ചീഫ് സെക്രട്ടറിയും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top