കൊവിഡ് ബാധ രൂക്ഷമല്ലാത്ത സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഇളവുകൾ നടപ്പാക്കി തുടങ്ങി

മഹാരാഷ്ട്രയും ഗുജറാത്തും ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും, കൊവിഡ് രൂക്ഷമല്ലാത്ത‌ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ നടപ്പാക്കി തുടങ്ങി. ഹരിയാനയിൽ ഇന്ന് മുതൽ വാണിജ്യ, വ്യവസായ മേഖലകളിൽ പ്രവർത്തനം തുടങ്ങും. ഡൽഹിയിൽ 15 സിആർപിഎഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24,942 ആയി. 779 പേർ മരിച്ചു.

ഹരിയാനയിലെ 12 ജില്ലകളെ ഗ്രീൻ സോണുകളായി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പ്രഖ്യാപിച്ചു. ഇവിടുത്തെ കടകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. വ്യവസായ ശാലകൾക്കും ഉപാധികളോടെ ഇളവ് നൽകി.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. ഇതുവരെ 3071 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചെന്നും 133 പേർ മരിച്ചെന്നും ഗുജറാത്ത് സർക്കാർ വ്യക്‌തമാക്കി.

ഡൽഹിയിൽ ഒരു നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഹിന്ദു റാവു ആശുപത്രി താൽക്കാലികമായി പൂട്ടി. 24 മണിക്കൂറിനിടെ 111 പുതിയ കേസുകളും ഒരു മരണവുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശിലെ കാൺപൂരിൽ മാധ്യമപ്രവർത്തകനും വാരണാസിയിൽ ഏഴ് പൊലീസുകാർക്കും കൊവിഡ് സ്ഥിരീകരിച്ചു. തെലങ്കാനയിൽ പോസിറ്റീവ് കേസുകളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. തമിഴ്നാട്ടിൽ ചെന്നൈ അടക്കം അഞ്ച് നഗരങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കി തുടങ്ങി.

Story Highlights: lockdown relaxation in various states

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top