ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി സഹകരണം; വിജയമെങ്കിൽ കൊവിഡ് വാക്‌സിൻ മൂന്ന് ആഴ്ചയ്ക്കകം: ഇന്ത്യൻ കമ്പനി

ഓക്സ്ഫോർഡ് സർവകലാശാലയിൽ ഗവേഷകർ കണ്ടെത്തിയ കൊവിഡ് വാക്സിൻ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ നിർമിക്കാനുള്ള പദ്ധതിയുമായി ഇന്ത്യയിലെ വാക്സിൻ നിർമാതാക്കൾ. സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത വാക്സിൻ നിലവിൽ മനുഷ്യനിൽ പരീക്ഷണം നടത്തി വരുന്നുണ്ട്. പരീക്ഷണ ഫലം പുറത്തായിട്ടില്ല. മനുഷ്യരിലെ വാക്‌സിൻ പരീക്ഷണം വിജയിക്കുകയാണെങ്കിൽ ഒക്ടോബറോടെ കൊവിഡ് വാക്സിൻ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.

സെറം ഇൻസ്റ്റിറ്റ്യൂട്ട് സംഘം ഓക്സ്ഫോർഡ് സർവകലാശാലയിലെ ഡോ.ഹില്ലുമായി സഹകരിച്ചാണ് പരീക്ഷണത്തില്‍ പ്രവർത്തിക്കുന്നത്. രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ വാക്സിൻ ഉത്പാദിപ്പിക്കാനാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യ (എസ്‌ഐഐ) സിഇഒ അദാർ പൂനവല്ല പറയുന്നു. ആദ്യത്തെ ആറ് മാസത്തേക്ക് പ്രതിമാസം അഞ്ച് ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടുന്നത്. തുടർന്ന് ഇത് പ്രതിമാസം പത്ത് ദശലക്ഷം ഡോസായി ഉയർത്താമെന്നും വിചാരിക്കുന്നു.

മലേറിയ വാക്സിൻ പദ്ധതിക്കായും തങ്ങൾ സർവകലാശാലക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും പൂനവല്ല. പരീക്ഷണങ്ങൾ വിജയിച്ചാൽ കൊവിഡ് വാക്സിൻ സെപ്റ്റംബറിലോ ഓക്ടോബറിലോ വിപണിയിൽ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ. അവശ്യസുരക്ഷയും ഫലപ്രാപ്തിയും ഉറപ്പിച്ച ശേഷം അടുത്ത രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ വാക്സിനായുള്ള പരീക്ഷണങ്ങൾ ആരംഭിക്കും.

ബ്രിട്ടനിലെ പരീക്ഷണങ്ങളെയായിരിക്കും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ ആശ്രയിക്കുക. ശേഷം കമ്പനിയുടെ ഉത്തരവാദിത്തത്തിൽ ഉത്പാദനം തുടങ്ങാനുള്ള തീരുമാനമായിട്ടുണ്ട്. ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയമായാൽ വാക്‌സിൻ നിർമാണം കൂട്ടി ആവശ്യമായ അളവിൽ ലഭ്യമാക്കാനും ആകും. ഇന്ത്യയിൽ പരീക്ഷണങ്ങൾ നടത്താനുള്ള ആവശ്യമായ നടപടികളെടുത്തു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തുന്നതെങ്കിലും ഉത്പാദനം കൂട്ടേണ്ടതായാല്‍ മറ്റ് പങ്കാളികളുടെ പിന്തുണ തേടുമെന്നും പൂനവല്ല. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏഴ് വാക്‌സിൻ നിർമാണ സ്ഥാപനങ്ങളിലൊന്നായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഓക്സ്ഫോർഡ് സർവകലാശാലയുമായി സഹകരണമുണ്ട്.

 

coronavirus, vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top