സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ കടകളിൽ വൻ തിരക്ക്

സംസ്ഥാനത്ത് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നതോടെ കടകളിൽ വൻ തിരക്ക്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കടകളെല്ലാം അണുവിമുക്തമാക്കിയ ശേഷമാണ് പ്രവർത്തനം തുടങ്ങിയതെങ്കിലും പലയിടത്തും സാമൂഹ്യ അകലം അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. നിരത്തുകളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് മേഖല ഒഴിച്ചുള്ള സ്ഥലങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കാം എന്ന ഉത്തരവ് വന്നതിന് പിന്നാലെ വൻ തിരക്കാണ് പലയിടത്തും അനുഭവപ്പെടുന്നത്. കൂടുതലും ആളുകളും എത്തുന്നത് മൊബൈൽ ഷോപ്പുകളിലേക്കാണ്.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കടകളെല്ലാം രാവിലെ തന്നെ അണുവിമുക്തമാക്കി. മാസ്‌ക്കും സാനിറ്റൈസറും ഉൾപ്പടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് കടകൾ പ്രവർത്തിക്കുന്നതും. സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്നതിനായും തിരക്ക് നിയന്ത്രിക്കുന്നതിനുമായി പൊലീസും രംഗത്തുണ്ട്.

അതേസമയം, പലയിടങ്ങളിലും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും പരാതികൾ ഉയരുന്നുണ്ട്. മാർക്കറ്റുകളിലും വലിയ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയാണ് കടകളുടെ പ്രവർത്തന സമയം. കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി.

Story highlights- lockdown concessions,  shops are crowded

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top