മലപ്പുറം ജില്ലയിലെ 108 ആംബുലൻസ് ഡൽഹിക്ക് കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞു

മലപ്പുറം ജില്ലയിലെ 108 ആംബുലസുകളിലൊന്ന് ഡൽഹിക്ക് കൊണ്ടുപോകാൻ ആംബുലൻസ് സർവീസ് നടത്തുന്ന കമ്പനിയുടെ ശ്രമം ജീവനക്കാർ തടഞ്ഞു. ഹോട്ട്‌സ്‌പോട്ട് ആയ ജില്ലയിൽ നിന്ന് ആംബുലൻസ് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് ഡ്രൈവർമാരുടെ നിലപാട്. കേരളത്തിൽ നിന്ന് 15 ആംബുലൻസുകൾ ഇത്തരത്തിൽ ഡൽഹിക്ക് കൊണ്ടുപോവാനാണ് കമ്പനിയുടെ നീക്കമെന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
രണ്ട് അധിക സർവീസുകളടക്കം 34 ആംബുലൻസുകളാണ് മലപ്പുറത്തുള്ളത്. ഇതിൽ രണ്ടെണ്ണം കൃത്യ സമയത്ത് സർവീസ് നടത്താതായതോടെ ബ്രേക്ക് ഡൗണായി. ബാക്കിയുള്ള 32 ആംബുലൻസുകളിൽ ഒന്നാണ് ഡൽഹിക്ക് കൊണ്ടു പോകാനായി കമ്പനിയുടെ ജീവനക്കാർ എത്തിയത്. മലപ്പുറം ജില്ല ഹോട്ട്‌സ്‌പോട്ടായി തുടരുന്നതിനാൽ ആംബുലൻസ് കൊണ്ടുപോകുന്നത് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഡൈവർമാർ ഇത് തടഞ്ഞു.
സംസ്ഥാനത്ത് നിന്ന് 15 ആംബുലൻസ് കൊണ്ടുപോകുമെന്ന് കമ്പനി പ്രതിനിധി പറഞ്ഞതായും ആരോപണമുണ്ട്. എന്നാൽ 108 ആംബുലൻസിന്റെ ചുമതലയുള്ള കെഎംസിഎൽ ഒരു ആംബുലൻസും കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. 10000 കിലോ മീറ്റർ ഓടിക്കഴിഞ്ഞാൽ ആംബുലൻസ് സർവീസ് നടത്തേണ്ടതുണ്ടെന്നാണ് കമ്പനിയും ആരോഗ്യ വകുപ്പുമായുമുണ്ടാക്കിയ കരാറിൽ പറയുന്നത്. എന്നാൽ ജില്ലയിലെ 108 ആംബുലസുകളിൽ മിക്കതും 30000ൽ അധികം കിലോമീറ്റർ ഓടിയിട്ടും ഇതുവരെ കമ്പനി സർവീസ് നടത്താൻ തയാറായില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
Story highlights-108 ambulances,malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here