Advertisement

പെൺകുട്ടി ആയതു കൊണ്ടുള്ള അരുതുകൾ ഉണ്ടായിരുന്നു; കേരള അണ്ടർ 24 വനിതാ ടീം ക്യാപ്റ്റൻ മിന്നു മണിയുമായി നടത്തിയ അഭിമുഖം

April 28, 2020
Google News 1 minute Read

മിന്നു മണി/ബാസിത്ത് ബിൻ ബുഷ്റ

ക്വാറന്റീൻ കാലത്തിനു ശേഷമുള്ള ക്രിക്കറ്റ്? എങ്ങനെയാണ് തയ്യാറെടുക്കുന്നത്?

ഇപ്പോൾ സാധാരണ പരിശീലനം നടക്കില്ല. പക്ഷേ, എപ്പോൾ വേണമെങ്കിലും ഗ്രൗണ്ടിലേക്ക് ഇറങ്ങി കളിക്കാൻ കഴിയുന്ന രീതിയിൽ നമ്മുടെ ശരീരത്തെ തയ്യാറാക്കി നിർത്തണം. ടീം ട്രെയിനർ വീട്ടിൽ നിന്ന് ചെയ്യാൻ കഴിയുന്ന ഫിസിക്കൽ ട്രെയിനിംഗുകൾ പറഞ്ഞ് തന്നിട്ടുണ്ട്. അതിനനുസരിച്ച് പരിശീലിക്കുന്നുണ്ട്. സ്കിൽ ട്രെയിനിംഗ് ആണെങ്കിൽ ഷാഡോ പ്രാക്ടീസ് ചെയ്യാറുണ്ട്. കോച്ച് സുമൻ ശർമ്മ ഓരോരുത്തരും ശ്രദ്ധിക്കേണ്ട ഇടങ്ങൾ പറഞ്ഞ് തന്നിട്ടുണ്ട്. അതിനനുസരിച്ചാണ് ഷാഡോ പ്രാക്ടീസ്. അങ്ങനെയാകുമ്പോൾ തെറ്റുകൾ തിരുത്തി ബാറ്റിംഗ് മെച്ചപ്പെടുത്താൻ കഴിയും.‌

ക്രിക്കറ്റിലേക്കുള്ള കടന്നുവരവ്?

ആൺകുട്ടികളുടെ കൂടെ കളിച്ചാണ് തുടങ്ങിയത്. ഞാൻ എസ്ടി കുറിച്യർ വിഭാഗത്തിൽ പെടുന്ന ആളാണ്. അതുകൊണ്ട് തന്നെ കുടുംബത്തിൽ ശക്തമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. കാരണം പെൺകുട്ടികൾ ചാടിക്കളിക്കാനോ ഓടിക്കളിക്കാനോ പാടില്ല, ആൺകുട്ടികളുമായി കളിക്കാൻ പാടില്ല, അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കണം അങ്ങനെയൊക്കെ ആയിരുന്നു. എങ്കിലും ഞാൻ ഈ കളിയോടുള്ള ഇഷ്ടം കാരണം കളിക്കാൻ പോകുമായിരുന്നു. നല്ല തല്ല് കിട്ടിയിട്ടുണ്ട്. എങ്കിലും പോകുമായിരുന്നു. അങ്ങനെയാണ് കളി‌ തുടങ്ങിയത്. പ്രൊഫഷണൽ കളി 14ആം വയസ്സിലാണ് തുടങ്ങിയത്.

ഒപ്പം കളിച്ച ആൺകുട്ടികൾ പിന്തുണച്ചിരുന്നോ?

ഇവിടെ അടുത്ത് തന്നെയുള്ള കുറച്ച് ചേട്ടന്മാർക്കൊപ്പമാണ് കളിച്ചിരുന്നത്. അവര് നല്ല പിന്തുണ ആയിരുന്നു. ജില്ലാ ടീമിൽ അവസരം ലഭിച്ചപ്പോൾ വീട്ടുകാർക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. പെൺകുട്ടി ആയതു കൊണ്ട് തീരെ താത്പര്യം ഉണ്ടായൊരുന്നില്ല. അപ്പോൾ ഒപ്പം കളിച്ച ഈ ചേട്ടന്മാർ വീട്ടുകാരോട് സംസാരിച്ചിട്ടാണ് അവരെ സമ്മതിപ്പിച്ചത്.

സംസ്ഥാന ടീമിൽ അവസരം ലഭിച്ചതിനെപ്പറ്റി?

കളി തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും എനിക്ക് കേരള ടീമിൽ ഇടം ലഭിച്ചു‌. അപ്പോൾ പ്രൊഫഷണൽ ക്രിക്കറ്റിനെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നു. വെറുതെ പോകുന്നു, കളിക്കുന്നു എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സന്തോഷം തന്നെ ആയിരുന്നു അപ്പോഴും. സംസ്ഥാന ടീമിൽ രണ്ട് കൊല്ലം കളിച്ചു. അത് കഴിഞ്ഞ് ഇന്ത്യൻ സൗത്ത് സോൺ ക്യാമ്പ്. അങ്ങനെ പുറത്ത് പോയി ക്യാമ്പുകളിലൊക്കെ പങ്കെടുത്ത് കഴിഞ്ഞപ്പോഴാണ് പ്രൊഫഷണൽ ക്രിക്കറ്റിനെപ്പറ്റി കൂടുതൽ മനസ്സിലായത്. അങ്ങനെയാണ് കളി കൂടുതൽ ഗൗരവമായി എടുത്തത് ആ തരത്തിൽ സമീപിക്കാൻ തുടങ്ങിയത്.

ക്രിക്കറ്റിലേക്ക് വരാനുള്ള പ്രചോദനം?

അങ്ങനെ ഒരാൾ ഇല്ല. ചെറുപ്പം മുതൽ കളി കാണുമായിരുന്നു. എങ്കിലും ഇൻസ്പിറേഷൻ എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. എട്ടാൻ ക്ലാസിൽ മാനന്തവാടി ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവിടുത്തെ പിടി ടീച്ചർ എൽസമ്മയാണ് ക്രിക്കറ്റിലേക്ക് വഴി കാട്ടുന്നത്.

അണ്ടർ 23 കേരള ടീം ക്യാപ്റ്റൻ ആണല്ലോ. ക്യാപ്റ്റൻ എന്ന രീതിയിലെ ഉത്തരവാദിത്തങ്ങൾ?

ക്യാപ്റ്റൻ എന്ന് പറയുമ്പോൾ ടീമിന്റെ മുഴുവൻ ഉത്തരവാദിത്തം ഉണ്ടാവും. പക്ഷേ, അത് സമ്മർദ്ദം ഒന്നും ഉണ്ടാക്കിയിട്ടില്ല.

ഇന്ത്യ എ ടീമിൽ കളിച്ചല്ലോ? അതിനെപ്പറ്റി?

ആദ്യം ക്യാമ്പ് ഉണ്ടായിരുന്നു. 20 പേരായിരുന്നു ക്യാമ്പിൽ ഉണ്ടായിരുന്നത്. അതിൽ നിന്ന് ഒരു മാസത്തെ ക്യാമ്പിനു ശേഷം 15 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശിലും ശ്രീലങ്കയിലും വെച്ചായിരുന്നു മത്സരങ്ങൾ. എല്ലാ മത്സരങ്ങളും കളിക്കാൻ സാധിച്ചു. കിട്ടിയ അവസരങ്ങളൊക്കെ നല്ല രീതിയിൽ ഉപയോഗിച്ചു. ബാറ്റ് ചെയ്തപ്പോൾ പലപ്പോഴും നോട്ടൗട്ട് ആയിരുന്നു. ടീമിനെ വിജയിപ്പിക്കാൻ സാധിച്ചു. പന്തെറിയാൻ അധികം അവസരം ലഭിച്ചില്ല. സംസ്ഥാന ടീമിൽ നിന്ന് ഇന്ത്യൻ ടീമിലേക്കെത്തിയപ്പോഴും ബുദ്ധിമുട്ട് തോന്നിയില്ല. ക്യാമ്പ് നന്നായി ഗുണം ചെയ്തു.

ദേശീയ ടീമിൽ കൗമാരക്കാരായ താരങ്ങൾ കൂടുതലായി എത്തുന്നു. അത് ശരിക്കും നല്ല കാര്യമല്ലേ?

ഷഫാലി വർമ്മ, ജമീമ റോഡ്രിഗസ് തുടങ്ങിയ താരങ്ങളുമായി ഒരുമിച്ച് കളിച്ചിട്ടുണ്ട് ഞാൻ. നമ്മോടൊപ്പം കളിച്ച താരങ്ങൾ ഇന്ത്യൻ ടീമിൽ കളിച്ചു എന്നറിയുമ്പോൾ നമുക്കും അവിടെ വരെ എത്താനാവും എന്ന ആത്മവിശ്വാസമുണ്ട്. നമ്മൾ മെച്ചപ്പെടേണ്ടത് എവിടെയാണെന്ന് മനസ്സിലാക്കി അതിനനുസരിച്ച് പരിശീലിച്ചാൽ തീർച്ചയായും ഇന്ത്യൻ ടീമിൽ എത്താൻ കഴിയുമെന്ന വിശ്വാസമുണ്ട്.

ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോൾ ആയിരുന്നല്ലോ? കേരള ടീമിൽ ടോപ്പ് ഓർഡറും. തമ്മിൽ ഏതാണ് മിന്നുവിന് കൂടുതൽ വഴങ്ങുന്നത്?

അങ്ങനെ പ്രത്യേക റോൾ എന്നില്ല. ടോപ്പ് ഓർഡറിലോ മിഡിൽ ഓർഡറിലോ ലോവർ ഓർഡറിലോ ടീമിന്റെ ആവശ്യത്തിന് അനുസരിച്ച് കളിക്കാൻ കഴിയും.‌ കേരള ടീമിൽ ടോപ്പ് ഓർഡർ ആണെങ്കിലും ഇന്ത്യൻ ടീമിൽ കിട്ടിയത് ലോവർ ഓർഡർ ആയിരുന്നു. ആങ്കർ ചെയ്ത് കളിക്കണമെങ്കിൽ അങ്ങനെയും അടിച്ച് കളിക്കണമെങ്കിൽ അങ്ങനെയും എനിക്ക് സാധിക്കും.

ഇപ്പോഴത്തെ മികച്ച വനിതാ താരം ആരാണ്?

സ്മൃതി മന്ദന. എന്നെപ്പോലെ ലെഫ്റ്റ് ഹാൻഡറാണ്. ടീമിന്റെ ആവശ്യമനുസരിച്ച് കളിക്കുന്ന താരമാണ്. സ്മൃതിയെയാണ് ഞാൻ റോൾ മോഡലാക്കാൻ ശ്രമിക്കുന്നത്.

വനിതാ-പുരുഷ താരങ്ങൾക്ക് തുല്യ വേതനം എന്ന അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു?

ശരിക്കും പുരുഷ താരങ്ങളെക്കാൾ വളരെ കുറവ് പ്രതിഫലമാണ് വനിതാ താരങ്ങൾക്ക് ലഭിക്കുന്നത്. തുല്യ വേതനം ഉണ്ടായില്ലെങ്കിലും അല്പം കൂടി മെച്ചപ്പെട്ട പ്രതിഫലം നൽകുന്നത് വലിയ ഉപകാരമായിരിക്കും. അപ്പോൾ കൂടുതൽ വനിതാ താരങ്ങൾ കളിയിലേക്ക് ആകർഷിക്കപ്പെടും.

ഇപ്പോൾ മിന്നുവിനൊപ്പം കളിക്കുന്നവരിൽ ദേശീയ ടീമിൽ കളിക്കാൻ യോഗ്യതയുണ്ടെന്ന് കരുതുന്ന താരങ്ങൾ ആരൊക്കെയുണ്ട്?

കഴിഞ്ഞ വർഷം ചലഞ്ചർ ട്രോഫി കളിച്ച ജിൻസി ജോർജ്. അതിനു മുൻപുള്ള വർഷം ചലഞ്ചർ ട്രോഫി കളിച്ച രണ്ട് പേരുണ്ട്. ദൃശ്യ, അക്ഷയ. ദൃശ്യ വയനാടും അക്ഷയ കണ്ണൂരും ജിൻസി കൊല്ലം സ്വദേശിയുമാണ്. ഇവരൊക്കെ ഉയർന്നു വരേണ്ടവരാണ്.

വീടും വീട്ടുകാരും?

അച്ഛൻ, അമ്മ, അനിയത്തി, അച്ഛന്റെ അമ്മ. വീട് വയനാട് മാനന്തവാടി ഒണ്ടേങ്ങാടി എടപ്പടി കോളനിയിലാണ് വീട്.

Story Highlights: cricketr minnu mani interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here