കൊവിഡിനെ അതിജീവിച്ച് ന്യൂസീലൻഡ്; ഇന്ന് റിപ്പോർട്ട് ചെയ്തത് മൂന്ന് കേസുകൾ മാത്രം

കൊവിഡ് 19 രോഗബാധ അതിജീവിച്ച് ന്യൂസീലൻഡ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഒറ്റയക്കത്തിൽ ഒതുങ്ങുകയാണ്. ഇന്ന് മൂന്ന് കേസുകൾ മാത്രമാണ് രാജ്യത്ത് റിപ്പോട്ട് ചെയ്തത്. എങ്കിലും പൂർണമായി കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെന്നും ജനം ഇനിയും സഹകരിക്കണമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡൻ പറഞ്ഞു.

അഞ്ച് ആഴ്ചകളായി തുടർന്ന് വന്നിരുന്ന ലോക്ക് ഡൗൺ ഇന്നലെയാണ് രാജ്യത്ത് അവസാനിച്ചത്. രോഗബാധയുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടതോടെ രാജ്യത്തെ അലർട്ട് ലെവൽ നാലിൽ നിന്ന് മൂന്നിലേക്കെത്തി. ഇന്ന് മുതൽ രാജ്യത്ത് ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നു. രാജ്യത്തെ സാമ്പത്തിക രംഗത്തിൻ്റെ 75 ശതമാനവും ഇന്ന് മുതൽ പ്രവർത്തിച്ചു തുടങ്ങും. ഓഫീസുകൾ തുറന്നിട്ടുണ്ട്. ചെറിയ രീതിയിലുള്ള സംസ്കാര ചടങ്ങുകളും ചെറിയ ആൾക്കൂട്ടങ്ങളും അനുവദിക്കും.

ഇതുവരെ ന്യൂസീലൻഡിൽ 19 പേരാണ് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടത്. രോഗബാധ സ്ഥിരീകരിച്ച 1472 പേരിൽ 1214 പേരും (82 ശതമാനം) സുഖം പ്രാപിച്ചു.

ഫെബ്രുവരി 28നാണ് രാജ്യത്ത് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അന്ന് മുതൽ പ്രധാനമന്ത്രി ജസീന്ത ആർഡൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. മാർച്ച് 14ന് രാജ്യത്തേക്ക് വരുന്ന ആളുകൾ രണ്ടാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം നൽകി. അപ്പോൾ 6 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. മാർച്ച് 19ന് മറ്റു രാജ്യങ്ങളിൽ നിന്ന് രാജ്യത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. അപ്പോൾ 28 കേസുകളാണ് ഉണ്ടായിരുന്നത്. മാർച്ച് 23 ആയപ്പോഴേക്കും രോഗബാധ 103 ആയി ഉയർന്നു. അന്ന് ലോക്ക് ഡൗൺ ഏർപ്പെടുത്തുകയും ചെയ്തു.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top