ഈ വൈറലായ ചിത്രങ്ങൾക്ക് പിന്നിലുള്ളത് അരുൺ ലാൽ എന്ന കലാകാരന്റെ കൈയ്യൊപ്പ്

അബ്ദുൽ കലാം, കോലി, പിണറായി വിജയൻ, ധോനി, അമിത് ഷാ…തിരുവനന്തപുരം സ്വദേശിയായ അരുൺ ലാൽ ചിത്രം വരച്ച് നൽകിയവരുടെ പട്ടിക അങ്ങനെ നീണ്ടുപോകും. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രരചനയിൽ നിന്ന് ‘ലീഫ് ആർട്ടിലേക്ക്’ കളം മാറ്റി ചവിട്ടിയിരിക്കുകയാണ് അരുൺ ലാൽ.
ചെറുപ്പം മുതലേ ചിത്രരചന
സ്‌കൂൾ കാലം മുതൽ ചിത്ര രചന അരുണിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. മിക്ക കുട്ടികളും കലയോടുള്ള ചെറുപ്പകാലത്തെ പ്രണയം പാതി വഴിയിൽ ഉപേക്ഷിച്ച് ജിവിതത്തിലെ തിരക്കുകളിലേക്ക് നടന്നുപോകാറാണ് പതിവ്. എന്നാൽ അരുൺ തന്നോടൊപ്പം തന്റെ ചിത്ര രചനയേയും മാറോടണച്ച് വളർത്തി.
മുൻ രാഷ്ട്രപതി അബ്ദുൽ കലാം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി അമിത് ഷ്, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, മഹേന്ദ്ര സിംഗ് ധോനി എന്നിങ്ങനെ അരുണിന്റെ വിരൽ തുമ്പിൽ പിറന്നത് നിരവധി പ്രശ്‌സതരാണ്. ഇവരുടെയെല്ലാം ചിത്രം അവർക്ക് സമ്മാനിച്ചിട്ടുമുണ്ട് അരുൺ. മുഖ്യമന്ത്രിയുടെ കുറേ നാളത്തെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചറായിരുന്നു അരുൺ വരച്ച് നൽകിയ ചിത്രം.
അരുൺ ചിത്ര പ്രദർശനവും ഒരുക്കാറുണ്ട്. കലാ യുഗം എന്നാണ് ചിത്ര പ്രദർശനത്തിന് അരുൺ നൽകിയിരിക്കുന്ന പേര്.
ലോക്ക്ഡൗൺ എന്നെ ‘ലീഫ് ആർട്ടിസ്റ്റ്’ ആക്കി
കാഞ്ഞിരപ്പള്ളി സ്വദേശിയായ അരുൺ ലാൽ തിരുവനന്തപുരത്താണ് ജോലി ചെയ്യുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നാട്ടിൽ പെട്ടുപോയ അരുണിനാകട്ടെ സമയം കൊല്ലാൻ ചിത്രരചനയ്ക്ക് ഉപയോഗിക്കുന്ന ബ്രഷോ, മറ്റ് ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഇല അരുണിന്റെ കണ്ണിലുടക്കുന്നത്.
ആദ്യം പ്ലാവിലയിലാണ് രൂപം തീർത്തത്. ദുൽഖർ സൽമാനെയാണ് അരുൺ ആദ്യം വരച്ചത്. ഇത് വിജയിച്ചതോടെ ആത്മവിശ്വാസമായി. തുടർന്ന് വലുപ്പകൂടുതലുള്ള തേക്കിലയിലായി പരീക്ഷണം. തേക്കിലയിൽ ആദ്യം വിരിഞ്ഞത് ഷൈലജ ടീച്ചറുടെ മുഖമാണ്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിങ്ങനെ അരുൺ ഇലയിൽ വെട്ടിയുണ്ടാക്കിയത് നിരവധി പേരെയാണ്. ഇന്ന് അന്തരിച്ച ഇർഫാൻ ഖാനെയാണ് അരുൺ ഒടുവിലായി ഇലയിൽ വെട്ടിയുണ്ടാക്കിയത്. അഞ്ച് മണിക്കൂറെടുത്താണ് ഓരോ കലാസൃഷ്ടിയും പൂർത്തിയാക്കുന്നത്.
മൂന്ന് ദിവസമേ ആയുള്ളു അരുൺ ഇലയിലുള്ള ഈ അഭ്യാസം തുടങ്ങിയിട്ടെന്നത് ഈ മുപ്പത്തിമൂന്നുകാരന്റെ കലാസൃഷ്ടി കണ്ടാൽ വിശ്വസിക്കുക പ്രയാസം.
അരുൺ എന്ന മിമിക്രി കലാകാരൻ
ചിത്രരചന മാത്രമല്ല, മിമിക്രി രംഗത്തും സജീവമാണ് അരുൺ. ഫഌവേഴ്‌സ് ടിവിയുടെ കോമഡി ഉത്സവത്തിന്റെ 32-ാം എപ്പിസോഡിൽ എത്തി പ്രേക്ഷഹൃദയം കീഴടക്കിയിട്ടുണ്ട് അരുൺ. ആ വരവിൽ ഫഌവേഴ്‌സ് എംഡി ആർ ശ്രീകൺഠൻ നായർക്കും അരുൺ ചിത്രം വരച്ച് നൽകിയിട്ടുണ്ട്.
റെക്കോർഡുകൾ ഏറെ
കലാകാരനായ അരുൺ നിരവധി റെക്കോർഡുകൾക്കും ഉടമയാണ്. 12 മിനിറ്റിൽ 180 പേരുടെ ശബ്ദം അനുകരിച്ചതിന് യുആർഎസിന്റെ ഏഷ്യൻ റെക്കോർഡ് അരുണിന് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അബ്ദുൽ കലാമിന്റെ ചിത്രം വരച്ചതിനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് അരുണിനെ തേടിയെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഒൻപതോളം മറ്റ് റെക്കോർഡുകളും അരുൺ സ്വന്തമാക്കിയിട്ടുണ്ട്.
അച്ഛൻ, അമ്മ, ഭാര്യ, അനിയൻ, അനിയന്റെ ഭാര്യ എന്നിവരടങ്ങുന്ന കൊച്ചു കുടുംബമാണ് അരുണിന്റേത്. മികച്ച പിന്തുണയാണ് അരുൺ എന്ന കലാകാരന് ഈ കുടുംബം നൽകുന്നത്.
Story Highlights- Drawing, artist
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here