Advertisement

‘ബ്രേക്ക് ദ ചെയിൻ’ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി

April 29, 2020
Google News 3 minutes Read

ലോക്ക് ഡൗൺ ഭാഗീകമായി പിൻവലിച്ച് തുടങ്ങിയ സാഹചര്യത്തിൽ ‘ബ്രേക്ക് ദ ചെയിൻ’ രണ്ടാംഘട്ട ക്യാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറിന് ബ്രേക്ക് ദ ചെയിൻ ‘തുടരണം ഈ കരുതൽ’ പോസ്റ്റർ കൈമാറി പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യ സുരക്ഷ മിഷൻ, ആരോഗ്യ കേരളം എന്നിവ സംയുക്തമായാണ് ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

പൊതുസ്ഥലത്ത് തുപ്പുന്നതിനെതിരെ ശക്തമായ ബോധവത്ക്കരണമുണ്ടാക്കാൻ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന സന്ദേശം നൽകി ക്യാമ്പയിൻ സംഘടിപ്പിക്കും. ഇത് കൂടാതെ പൊതുജനങ്ങൾ പാലിക്കേണ്ട പത്ത് പ്രധാന കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികളാണ് നടത്തുക.

ഇതോടൊപ്പം കർശനമായി പാലിക്കേണ്ട 10 കാര്യങ്ങളും നിർദേശിച്ചു

1. സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക
2. മാസ്‌ക് ഉപയോഗിച്ച് മുഖം മറയ്ക്കുക
3. സാമൂഹിക അകലം പാലിക്കുക
4. മാസ്‌ക് ഉൾപ്പെടെ ഉപയോഗിക്കുന്ന വസ്തുക്കൾ വലിച്ചെറിയരുത്
5. പരമാവധി യാത്രകൾ ഒഴിവാക്കുക
6. വയോധികരും കുട്ടികളും ഗർഭിണികളും രോഗികളും വീട് വിട്ട് പുറത്തിറങ്ങരുത്
7. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങൾ തൊടരുത്
8. പൊതുഇടങ്ങളിൽ തുപ്പരുത്
9. പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിർത്തുക
10. ചുമയ്ക്കുമ്പോൾ തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചു പിടിക്കുക

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് ലോകത്തെമ്പാടു നിന്നും വലിയ അഭിനന്ദനമാണ് ലഭിച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദം വൈറസിന്റെ കണ്ണികളെ ബ്രേക്ക് ചെയ്യുക എന്നതാണ്. ലളിതമായ ബോധവത്ക്കരണത്തിലൂടെ കുറഞ്ഞനാളുകൾക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങളും ബ്രേക്ക് ദ ചെയിൻ ഏറ്റെടുക്കുകയായിരുന്നു.

എല്ലാവരും നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ വൈറസ് വ്യാപന തോത് കുറയ്ക്കാൻ സാധിക്കുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. ഇതിന്റെ പ്രചരണാർത്ഥം സംസ്ഥാനത്തുടനീളം വിപുലമായ ക്യാമ്പയിൻ പ്രവർത്തങ്ങൾ സംഘടിപ്പിക്കും. ബ്രേക്ക് ദ ചെയിൻ ‘തുടരണം ഈ കരുതൽ’ ബോർഡുകൾ, പോസ്റ്ററുകൾ, കിയോസ്‌കുകൾ എന്നിവ പ്രധാനസ്ഥലങ്ങളിൽ സ്ഥാപിക്കും. ഈ പ്രചാരണ പ്രവർത്തങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ബോധവത്ക്കരണ വിഡിയോകൾ, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം എന്നിവ വിപുലമായി സംഘടിപ്പിക്കും. എല്ലാവരും ഈ കാമ്പയിൻ ഏറ്റെടുത്ത് കൊറോണ പ്രതിരോധത്തിൽ സ്വയം പങ്കാളികളാകേണ്ടതാണ്. ഇതിലൂടെ സ്വന്തം കുടുംബത്തേയും സമൂഹത്തേയും രക്ഷിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Story highlight: CM launches ‘Break the Chain’ second phase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here