കൊവിഡ് പ്രതിരോധത്തിൽ സർക്കാർ തികഞ്ഞ പരാജയം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി കേന്ദ്ര നേതൃത്വം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി കേന്ദ്ര നേതൃത്വം. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും പരാജയമാണെന്നും കേരളത്തിലെ സ്ഥിതി ആശങ്കാജനകമെന്നും ബിജെപി ആരോപിച്ചു. ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി മുരളീധരനും തമ്മിലുള്ള വാക്പോരിന്റെ തുടര്‍ച്ചയായാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ രംഗപ്രവേശം. പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമാണ് ബിജെപി ദേശീയ സംഘടനാ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായത്. കൊവിഡ് പ്രതിരോധത്തില്‍ വലിയ പാളിച്ചകളാണ് സംസ്ഥാനത്ത് സംഭവിച്ചത്. സര്‍ക്കാരിന്റെ വീഴ്ച മൂലം സംസ്ഥാനം ഏതാണ്ട് പൂര്‍ണമായും റെഡ് സോണിലാണ്. അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോവിഡ് പരിശോധന സംസ്ഥാനത്ത് കുറവാണെന്നും ബിഎല്‍ സന്തോഷ് ഫേസ്ബുക്കിലൂടെ ആരോപിച്ചു.

സര്‍ക്കാര്‍ ജീവിനക്കാരുടെ ശമ്പളം പിടിക്കുന്നതിനെ വിമര്‍ശിച്ച ബിജെപി സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകളെയും വിമര്‍ശിച്ചു. സാമ്പത്തിക പ്രതിസന്ധിയാണെന്ന് അറിയുമെങ്കില്‍ 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത് എന്തിനെന്നായിരുന്നു ചോദ്യം. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 284 പേര്‍ എവിടെയെന്ന ചോദ്യവും ബിഎല്‍ സന്തോഷ് ഉന്നയിച്ചു.

സംസ്ഥാന സര്‍ക്കാരിന്‍റെ കയ്യിലിരിപ്പുകൊണ്ടാണ് രോഗവ്യാപനമുണ്ടായതെന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍റെ പരാമർശം വിവരക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി സ്ഥാനത്തിനു ചേർന്ന ഒരു പ്രതികരണമല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറ്റവും സുരക്ഷിതമായ ഗ്രീൻ സോണാക്കിയായിരുന്നു ഇടുക്കി, കോട്ടയം ജില്ലകളെ കേരളത്തിലെ ഇടതുസർക്കാർ പ്രഖ്യാപിച്ചത്. പറഞ്ഞുതീരുംമുമ്പേ ഗ്രീൻ സോൺ, റെഡ് സോണായി മാറി. ഇത് സംസ്ഥാന സർക്കാരിൻ്റെ ജാഗ്രതക്കുറവാണെന്നായിരുന്നു മുരളീധരൻ്റെ ആരോപണം.

Story Highlights: bjp criticizes cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top