അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ വേണം; നിലപാടിൽ ഉറച്ച് കേരളം

അതിഥി തൊഴിലാളികളെ നാടുകളിലേക്ക് എത്തിക്കാന്‍ പ്രത്യേക ട്രെയിനുകൾ വേണമെന്ന നിലപാടിൽ ഉറച്ച് കേരളം.
ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്തു നല്‍കി. അതിഥി തൊഴിലാളികളെ റോഡ് മാർ​ഗം കൊണ്ടു പോകാനാകില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണനും വ്യക്തമാക്കി

20,826 ക്യാമ്പുകളിലായി മൂന്നുലക്ഷത്തി അറുപതിനായിരം അതിഥി തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇവരിൽ 99 ശതമാനംപേരും അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നുമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയവർക്ക് കേന്ദ്രം യാത്രാനുമതി നല്‍കിയെങ്കിലും, ബസുകളില്‍ ഇവരെ നാടുകളിലെത്തിക്കണമെന്നതാണ് കേന്ദ്രനിർദേശം.

എന്നാല്‍, ലക്ഷണക്കിന് അതിഥി തൊഴിലാളികളെ ബസുകളിൽ കൊണ്ടുപോകുന്നത് അപ്രായോഗികമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. രോഗവ്യാപന സാധ്യതയും സംസ്ഥാനം മുന്നില്‍ക്കാണുന്നുണ്ട്. അതുകൊണ്ടുതന്നെ അതിവേഗ – നോൺ – സ്‌റ്റോപ്പ് ട്രെയിനുകൾ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ട്രെയിനുകളിൽ ആവശ്യമായ ഭക്ഷണവും വെള്ളവും ആരോഗ്യ സംഘത്തെയും അനുവദിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top