അതിർത്തി കടന്ന് ചികിത്സക്കെത്തിയ കുഞ്ഞു ഫസ്‌റിൻ അമ്മയ്ക്കരികിലേക്ക്

അതീവ ഗുരുതരമായ ഹൃദ്രോഗവുമായി നാഗർ കോവിലിൽ നിന്ന് ചികിത്സക്കായി കൊച്ചിയിലെത്തിച്ച നവജാത ശിശുവിനെ ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കൾക്ക് കൈമാറി. ലിസി ആശുപത്രിയിൽ നിന്നും കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിലെത്തിച്ച കുഞ്ഞിനെ വിളവങ്കോട് എംഎൽഎയുടെയും ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് കൈമാറിയത്. കുഞ്ഞിനെ സർക്കാർ ഇടപെട്ടായിരുന്നു വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തിച്ചത്.

ഈ മാസം 14 നാണു തമിഴ്നാട് സ്വദേശികളായ സോഫിയയുടെയും ഫൈസലിന്റെയും നവജാത ശിശുവിനെ നാഗർകോവിലിലെ ആശുപത്രിയിൽ നിന്നു കൊച്ചിയിലേക്കെത്തിക്കുന്നത്. യാത്രക്ക് ലോക്ക്ഡൗൻ തടസമായപ്പോൾ സർക്കാർ ഇടപെട്ടായിരുന്നു ചികിത്സയ്ക്ക് വഴിയൊരുക്കിയത്. തൊട്ടടുത്ത ദിവസം തന്നെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെയാണ് കുഞ്ഞിനെ തിരിച്ചു തമിഴ്നാട്ടിലേക്കെത്തിക്കാൻ തീരുമാനിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ലിസി ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ് കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കവിളയിലെത്തി. തുടർന്ന് എംഎൽഎയുടെയടക്കം സാന്നിധ്യത്തിൽ കുഞ്ഞിനെ അമ്മയ്ക്ക് കൈമാറി. രോഗം ഭേദമായി കുഞ്ഞിനെ തിരികെ ലഭിച്ചതിൽ സന്തോഷമുണഅടെന്ന് കുഞ്ഞിന്റെ അമ്മ സോഫിയ ഭാനു പറഞ്ഞു.

കുഞ്ഞിന്റെ ആരോഗ്യ നിലയിൽ ഇനി ആശങ്ക വേണ്ടെന്നു ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. ജി.എസ് സുനിൽ പറഞ്ഞു. ആശുപത്രിയിൽ വച്ചു തന്നെയാണ് കുഞ്ഞിന് പേരിട്ടതും. കൊവിഡ് കാലത്ത് അതിർത്തിയിൽ ഇരുസംസ്ഥാനങ്ങളും തമ്മിൽ ചില പ്രശനങ്ങളുണ്ടെങ്കിലും കുഞ്ഞു ഫസ്‌റിനെ തിരികെ അമ്മയുടെ കൈകളിലേൽപ്പിക്കാൻ അതൊന്നും തടസമായില്ല.

Story highlight: fasrin baby after surgery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top