അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചയക്കുക പ്രായോഗികമല്ല, സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്ര തീരുമാനം വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെ ബസ് മാര്‍ഗം തിരിച്ചയക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ കേരളത്തിലുള്ള അതിഥി തൊഴിലാളികളുടെ കാര്യത്തില്‍ അത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ നോണ്‍ സ്റ്റോപ്പ് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്നും അതിന് റെയില്‍വേയോട് നിര്‍ദേശിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തില്‍ മൂന്ന്‌ലക്ഷത്തി അറുപതിനായിരം അതിഥി തൊഴിലാളികളാണുള്ളത്. അവര്‍ ഇരുപതിനായിരത്തി എണ്ണൂറ്റിഇരുപത്താറ് ക്യാമ്പുകളിലായാണ് ഇപ്പോള്‍ കഴിയുന്നത്. അവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. ബംഗാള്‍, ആസാം, ഒഡീഷ, ബീഹാര്‍, യുപി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇവരെ കൊണ്ടുപോകാന്‍ സ്‌പെഷ്യല്‍ നോണ്‍ സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് നേരത്തെ അഭ്യര്‍ത്ഥിച്ചതാണ്. ഇത്രയധികം ആളുകളെ ഇത്രയും ദൂരം ബസ് മാര്‍ഗം കൊണ്ടുപോകല്‍ പ്രയാസമാകും. ബസ് മാര്‍ഗം പോയാല്‍ അത് ഉണ്ടാക്കുന്ന വിഷമവും വലുതാണ്. രോഗം പിടിപെടാനുള്ള സാഹചര്യവും കൂടുതലാണ്. ഇതെല്ലാം കണക്കിലെടുത്താണ് സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്ത് അയച്ചിട്ടുണ്ട്.

ശാരീരിക അകലം പാലിച്ച് വേണം തൊഴിലാളികളെ കൊണ്ടുപോകാന്‍. ട്രെയിനിലായാല്‍ റെയില്‍വേ സംവിധാനത്തില്‍ തന്നെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശോധന നടത്താന്‍ സാധിക്കും. ഭക്ഷണവും വെള്ളവും ട്രെയിനില്‍ നല്‍കാനും സാധിക്കും. ഇതും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് പോകാനുള്ള ആവശ്യം കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ആ സാഹചര്യത്തില്‍ അവര്‍ക്ക് പോകാനുള്ള സാഹചര്യം ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan, coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top