ഓസോണ്‍ പാളിയിലെ സുഷിരം അടഞ്ഞതിന് കാരണം ലോക്ക്ഡൗണില്‍ അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞതോ…? [24 Explainer]

– മെര്‍ലിന്‍ മത്തായി

കൊവിഡ് കാലത്തെ മാറിയ ജീവിതശൈലിയോടൊപ്പം പലവിധ മാറ്റങ്ങള്‍ പ്രകൃതിയിലും ഉണ്ടായിട്ടുണ്ട്. ഇതിനിടെ, ഓസോണ്‍ പാളിയിലെ സുഷിരം താനേ അടഞ്ഞു എന്ന ആശ്വാസവാര്‍ത്ത പുറത്തുവന്നു. എന്നാല്‍ ഇതിനെ ലോക്ക്ഡൗണുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു പ്രചാരണം നടക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ മൂലം അന്തരീക്ഷ മലിനീകരണത്തോത് കുറഞ്ഞതാണ് ദ്വാരം അടയാന്‍ കാരണം എന്നാണ് പരക്കെ പ്രചരിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് അടക്കമുള്ള അപകടകരമായ രശ്മികളെ തടുത്തുനിര്‍ത്തി, ഭൂമിയെ ഒരു കുട പോലെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു പാളിയാണ് ഓസോണ്‍. സ്‌കിന്‍ ക്യാന്‍സറിന് വരെ കാരണമായേക്കാവുന്ന അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നമ്മെ കാക്കുന്ന സംരക്ഷണ കവചം. ആര്‍ട്ടിക് മേഖലയിലുള്ള ഓസോണ്‍ പാളിയിലെ ഒരു വലിയ ദ്വാരം അടഞ്ഞെന്ന ശുഭകരമായ വാര്‍ത്തയുമായാണ് ഇക്കഴിഞ്ഞ ദിവസം ശാസ്ത്രലോകം എത്തിയത്.

ഏപ്രില്‍ 23നാണ് ഓസോണ്‍ പാളിയിലെ ദ്വാരം അടഞ്ഞതായി യൂറോപ്യന്‍ യൂണിയന്റെ ഭൗമ നിരീക്ഷണ പദ്ധതിയായ കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസ് (COPERNICUS ATMOSPHERE MONITORING SERVICE) കണ്ടെത്തിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം അന്തരീക്ഷ മലിനീകരണത്തോത് കുറഞ്ഞതാണ് ദ്വാരം അടയാന്‍ കാരണം എന്നാണ് പരക്കെ പ്രചരിക്കുന്നത്.

ഇതേതുടര്‍ന്ന്, ലോക്ക്ഡൗണിന് ശേഷമാണ് ഈ മാറ്റമെന്ന വ്യാജപ്രചാരണത്തിനെതിരെ കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസ് തന്നെ രംഗത്തെത്തി. ഓസോണ്‍ പാളിയിലുണ്ടായ വിള്ളല്‍ സ്വയം ഇല്ലാതായെന്നാണ് ഇവരുടെ കണ്ടെത്തല്‍. വീഡിയോ സഹിതമാണ് വിശദീകരണം.

സാധാരണയായി അന്റാര്‍ട്ടിക് മേഖലയിലെ ഓസോണ്‍ പാളികളിലാണ് വിള്ളലുകള്‍ ഉണ്ടാകാറുള്ളതെങ്കിലും, ആര്‍ട്ടിക് മേഖലയില്‍ വിള്ളല്‍ രൂപപ്പെട്ടുവെന്ന അപൂര്‍വ പ്രതിഭാസമാണ് കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോണിറ്ററിംഗ് സര്‍വീസ് കണ്ടെത്തിയത്. തണുത്ത വായു ധ്രുവ പ്രദേശത്തേക്ക് എത്തിക്കുന്ന പോളാര്‍ വൊര്‍ട്ടെക്‌സ്്(Polar Vortex) എന്ന പ്രതിഭാസം വേനല്‍ക്കാലത്ത് ശക്തിപ്രാപിക്കാറില്ല, തണുപ്പ് കാലത്താണ് ശക്തിയാര്‍ജിക്കുക. എന്നാല്‍, ഇത്തവണ പോളാര്‍ വൊര്‍ട്ടെക്‌സ് ശക്തിപ്രാപിക്കുകയും, സ്ട്രാറ്റോസ്‌ഫെറിക് മേഘങ്ങള്‍ ഉണ്ടാവുകയും , ആര്‍ട്ടിക് മേഖലയില്‍ ഓസോണ്‍ സുഷിരം ഉണ്ടാവുകയും ചെയ്തു.

പത്ത് ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയായിരുന്നു ഈ സുഷിരത്തിന്. ഇത് വലുതായി ജനവാസകേന്ദ്രങ്ങള്‍ക്കു മുകളിലേക്കെത്തിയിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നു. പക്ഷേ, കഴിഞ്ഞ വാരം, പോളാര്‍ വൊര്‍ട്ടെക്‌സ് സ്വയം ദുര്‍ബലമാവുകയും, താഴെ നിന്നുള്ള തണുത്ത ചുഴലി മുകളിലേക്ക് എത്തുകയും, ഓസോണ്‍ പാളിയിലെ വിള്ളല്‍ അടയുകയും ചെയ്തു. ആര്‍ട്ടിക് മേഖലയിലെ സുഷിരം സ്ഥിരത കൈവരിച്ചത് കാലാവസ്ഥ പ്രതിസന്ധി നിമിത്തമാണോ എന്നു കണ്ടെത്തുന്നതിന് ഇനിയും പഠനങ്ങള്‍ ആവശ്യമാണെന്നാണ് കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫറിക് മോണിറ്ററിംഗ് സര്‍വീസിന്റെ ഡയറക്ടര്‍ വിന്‍സന്റ് ഹെന്‍ഡ്രി പ്യൂച് പറയുന്നത്. എന്തായാലും ഈ പ്രതിഭാസത്തിന് കൊറോണ വൈറസുമായോ, ലോക്ക്ഡൗണുമായോ യാതൊരു ബന്ധവുമില്ല.

Story Highlights: Lockdown, ozone layer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top