2011 ലോകകപ്പ് മുതൽ 2019 ലോകകപ്പ് വരെ; രോഹിത് ശർമ്മ ക്രിക്കറ്റ് ലോകത്തിനു നൽകുന്നത്

‘2011 ലോകകപ്പ് ടീമിൽ ഉൾപ്പെടാൻ കഴിയാത്തതിൽ എനിക്ക് കടുത്ത വിഷമം ഉണ്ടായിരുന്നു.’- രോഹിത് ശർമ്മയുടെ വാക്കുകളാണ്. സച്ചിൻ്റെ പിൻഗാമി എന്ന് വിശേഷിപ്പിക്കപ്പെട്ട പലരിൽ പെട്ട ഒരുവൻ. സച്ചിൻ്റെ നാട്ടുകാരൻ. യൂത്ത് ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ ബലത്തിൽ 2007ൽ ടീമിലെത്തുകയും വിനോദ് കാംബ്ലിയെപ്പോലെ പ്രതിഭ തുലച്ചവനെന്ന് 6 കൊല്ലത്തോളം പഴി കേൾക്കുകയും ചെയ്തവൻ. ഇന്ന് അവൻ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ്. 2011 ലോകകപ്പിൽ ഇടം നേടാനായില്ലെന്ന് സങ്കടപ്പെട്ടവൻ 2019 ലോകകപ്പിൽ ഏറ്റവുമധികം റൺ നേടിയ താരമായി. അഞ്ച് സെഞ്ചുറികളും ഒരു ഫിഫ്റ്റിയും അടക്കം 81 ശരാശരിയിൽ 648 റൺസ്. ലോകത്തെ ഏറ്റവും മികച്ച ഓപ്പണറാണ്. ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ്. മൂന്ന് ഇരട്ട സെഞ്ചുറികൾ ഏകദിനത്തിൽ സ്വന്തമായി ഉള്ളയാളാണ്. 4 ഐപിഎൽ കിരീടങ്ങൾ ഉള്ള ക്യാപ്റ്റനാണ്. രോഹിത് ഗുരുനാഥ് ശർമ്മ. ജീവിതം എംഎസ് ധോണിയുടെ രൂപത്തിൽ രണ്ടാമത് ഒരു അവസരം നൽകിയപ്പോൾ ഇരു കയ്യും നീട്ടി സ്വീകരിച്ച സാക്ഷാൽ ഹിറ്റ്മാൻ.

2007 ജൂണിൽ അയർലൻഡിനെതിരെയാണ് രോഹിത് ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. മധ്യനിരയിൽ എലഗൻ്റായ, നയനാനന്ദകരമായ ബാറ്റിംഗ് ശൈലിയുള്ള ഒരു താരം എന്ന നിലയിലാണ് അന്ന് 20കാരനായ രോഹിത് അറിയപ്പെട്ടിരുന്നത്. തരക്കേടില്ലാത്ത പ്രകടനങ്ങൾ അതിനു സഹായകരമാവുകയും ചെയ്തു. 2007-2008 സിബി സീരീസിൽ സച്ചിനൊപ്പം ചേർന്ന് ഇന്ത്യയെ വിജയിപ്പിച്ച പ്രകടനങ്ങൾ അതിന് അടിവരയിട്ടു. പരമ്പരയിൽ 2 അർദ്ധസെഞ്ചുറികൾ അടക്കം രോഹിത് മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീടങ്ങോട്ട് റൺ വരളച്ചയുടെ കാലമായിരുന്നു. ഇതിനിടെ വിരാട് കോലി ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരുന്നു. രോഹിതിൻ്റെ മോശം പ്രകടനങ്ങൾ സുരേഷ് റെയ്നക്ക് വഴി തെളിച്ചു. രണ്ട് സെഞ്ചുറികൾ തുടർച്ചയായി നേടിയെങ്കിലും 2010 ലോകകപ്പിനു തൊട്ടുമുൻപ് നടന്ന ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ പരാജയപ്പെട്ട രോഹിത് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. 2012ൽ 12.92 ശരാശരിയിൽ രോഹിത് നേടിയത് വെറും 168 റൺസ്. പക്ഷേ, ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിക്ക് മറ്റുചില ഉദ്ദേശ്യങ്ങളാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത വർഷം, 2013 ചാമ്പ്യൻസ് ട്രോഫിയിൽ രോഹിതിനെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ അയച്ചു. അവിടം മുതൽക്കാണ് കളി മാറിയത്.

സെഞ്ചുറികളും ഇരട്ടസെഞ്ചുറികളുമായി (രണ്ടെണ്ണം) 2014 പൂർത്തിയാക്കിയ രോഹിത് പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. രൊഹിത് ശർമ്മയിൽ ഹിറ്റ്മാനിലേക്കുള്ള വളർച്ച വളരെ വേഗത്തിലായിരുന്നു. പതിഞ്ഞ തുടക്കം, ലേസി എലഗൻസിൻ്റെ ചാരുത. 50 കടക്കുന്നു. ഗിയർ ഷിഫ്റ്റ്. 100 കടക്കുന്നു. ടോപ്പ് ഗിയർ. പിന്നെ ഒരു പോക്കാണ്. എതിർ പാളയത്തിൽ മുച്ചൂടും നാശം വിതച്ച് രോഹിത് ശർമ്മ പവലിയനിലേക്ക് മടങ്ങുമ്പോൾ ബ്രൂട്ടൽ പവറിൻ്റെ ഞെട്ടലല്ല, ഐ പ്ലീസിംഗ് എലഗൻസ് കണ്ടതിൻ്റെ മയക്കമാണ് കാണികൾക്കും എതിർ ടീമിനും ഉണ്ടാവുക. 50നടുത്താണ് ഏകദിനത്തിൽ രോഹിതിൻ്റെ ശരാശരി.

2007 ടി-20 ലോകകപ്പിൽ അരങ്ങേറി, എണ്ണം പറഞ്ഞ മികച്ച ഇന്നിംഗ്സുകളിലൂടെ രോഹിത് കുട്ടി ക്രിക്കറ്റിലും മികവ് തുടരുക തന്നെയാണ്. ഏറ്റവുമധികം ടി-20 റണ്ണുകളെന്ന നേട്ടത്തിൽ വിരാട് കോലിയുമായി എലിയും പൂച്ചയും കളിക്കുന്ന രോഹിത് 4 തവണ 100 എന്ന മാന്ത്രിക അക്കം കടന്നു. 2013ൽ സച്ചിൻ്റെ വിടവാങ്ങൽ മത്സരത്തിലാണ് രോഹിത് ടെസ്റ്റിൽ അരങ്ങേറുന്നത്. രണ്ട് സെഞ്ചുറികളുമായി റെഡ് ബോൾ ക്രിക്കറ്റിൽ പിച്ചവച്ചു തുടങ്ങിയ രോഹിതിന് മികവ് തുടരാനായില്ല. ടീമിൽ വന്നും പോയിയും ഇരുന്നു. വല്ലപ്പോഴും മാത്രം തിളങ്ങുന്ന രോഹിത് ടെസ്റ്റ് ടീമിൽ ഇനിയൊരിക്കലും കളിക്കില്ലെന്ന വിലയിരുത്തൽ ശക്തമായ കാലത്ത് തിരികെ വന്ന് ഓപ്പണറായി സെക്കൻഡ് ഇന്നിംഗ്സ്. അവിടെ അടുത്ത ഫെയറി ടെയിൽ തുടങ്ങുകയാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഷോർട്ട് ബോളുകൾ ഇത്ര ഫലപ്രദമായി കളിക്കുന്ന മറ്റൊരു ബാറ്റ്സ്മാൻ ഇല്ല. സാക്ഷാൽ വിരാട് കോലി പോലും ഷോർട്ട് ബോളുകളിൽ ഇത്ര ആധിപത്യം പുലർത്താറില്ല. കോപ്പിബുക്ക് ശൈലിയിൽ കളിക്കുന്ന സ്റ്റൈലിഷായ ബാറ്റ്സ്മാൻ എന്ന ലേബലിലും ഇത്ര അനായാസമായി സിക്സറടിക്കാൻ മറ്റാർക്കും കഴിയണമെന്നില്ല. അവിടെയും വിരാട് പിന്നിലാവുന്നു. എഫർട്ട്ലസ് ഹിറ്റിംഗിൽ രോഹിത് തന്നെ മുന്നിൽ. അതു കൊണ്ട് തന്നെയാണ് ഇന്ത്യക്കായി ഏറ്റവുമധികം സിക്സറുകൾ നേടിയത് എന്ന റെക്കോർഡും രോഹിതിൻ്റെ പേർക്ക് എഴുതപ്പെട്ടിരിക്കുന്നത്. വിരാടിൻ്റെ അഭാവത്തിൽ ഇന്ത്യയെയും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെയും വിജയകരമായി നയിച്ച അയാൾ ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ എന്ന വിശേഷണവും അനായാസം നേടിയെടുത്തതല്ല.

മുംബൈയിലെ ഒറ്റമുറി ഫ്ലാറ്റിൽ താമസിച്ച ഒരു ഭൂതകാലം രോഹിതിന് ഓർത്തെടുക്കാനുണ്ട്. അച്ഛനു വരുമാനം കുറവായതിനാൽ മുത്തച്ഛൻ്റെയും മുത്തശ്ശിയുടെയും ഒപ്പം താമസിച്ച ഒരു കഥ ഇടക്കൊക്കെ അദ്ദേഹം ഒരു പുഞ്ചിരിയോടെ പറയാറുണ്ട്. 1999ൽ അമ്മാവൻ്റെ പണം കൊണ്ടാണ് രോഹിത് ക്രിക്കറ്റ് പഠിക്കാൻ ക്യാമ്പിൽ ചേരുന്നത്. തുടർന്നുള്ള നാല് വർഷം ബാല്യകാല പരിശീലകൻ ദിനേഷ് ലഡ് ആണ് രോഹിതിൻ്റെ സ്കൂൾ ചെലവുകൾ വഹിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് അത്രത്തോളം ഉണ്ടായിരുന്ന കാലം രോഹിത് ഇപ്പോൾ വിവരിക്കുന്നത് ചെറു ചിരിയോടെയാണ്. പലവട്ടം തോല്പിക്കാൻ ശ്രമിച്ച ജീവിതത്തിനു മുകളിൽ, ഹെല്മറ്റ് അഴിച്ച് കൈ വിടർത്തി നിൽക്കുകയാണ് അയാൾ.

ക്രിക്കറ്റർ എന്ന ഭാരിച്ച സെലബ്രിറ്റി പട്ടത്തിൻ്റെ -പ്രത്യേകിച്ചും ഇന്ത്യയിൽ- കനം ഏറെയൊന്നും തലയിൽ കൊണ്ടുനടക്കാത്ത ഒരാൾ കൂടിയാണ് രോഹിത്. ഏറ്റവും അവസാനമായി ‘മനുഷ്യന്മാർ ജീവിതത്തിലേക്ക് തിരികെ വരട്ടെടോ, എന്നിട്ട് ക്രിക്കറ്റിനെപ്പറ്റി ചിന്തിക്കാം’ എന്ന് പറഞ്ഞ മനുഷ്യനാണ്. അതിൻ്റെ പിറ്റേന്ന് കൊറോണ പ്രതിരോധത്തിന് സംഭാവന ചെയ്ത തുകയിൽ ഒരു വിഹിതം തെരുവു നായ്ക്കൾക്ക് വേണ്ടി മാറ്റിവെക്കാൻ മാത്രം കരുതൽ അയാൾ കാണിച്ചു.

ജന്മദിനാശംസകൾ പ്രിയപ്പെട്ട രോഹിത്!

Story Highlights: rohit sharma birthday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top