‘ഒരു ദുസ്വപ്‌നത്തിൽ ജീവിക്കുന്നത് പോലെ’; ഋഷി കപൂറിന് അനുശോചനമർപ്പിച്ച് പ്രമുഖർ

ചലച്ചിത്ര താരം ഋഷി കപൂറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. രാഷ്ട്രിയ-സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ നിരവധി പേരാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ വിയോഗമേൽപ്പിച്ച ആഘാതത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുന്നത്.

ഋഷി കപൂറിന്റെ മരണ വാർത്ത ആദ്യം പുറംലോകത്തോട് പങ്കുവയ്ക്കുന്നത് അമിതാഭ് ബച്ചനാണ്. ‘അവൻ പോയി…ഋഷി കപൂർ..പോയി…ഞാൻ തകർന്നുപോയി ‘- എന്നാണ് ബോളിവുഡിന്റെ ബിഗ് ബി ട്വിറ്ററിൽ കുറിച്ചത്.

ബോളിവുഡ് താരം അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചതിങ്ങനെ : ‘നമ്മളൊരു ദുസ്വപ്‌നത്തിന്റെ ഇടയിലാണെന്നത് പോലെ തോന്നുന്നു. ഋഷി കപൂർജിയുടെ മരണവാർത്ത ഇപ്പോഴാണ് അറിഞ്ഞത്. അദ്ദേഹമൊരു ഇതിഹാസമായിരുന്നു. മികച്ച സഹ അഭിനയിതാവും, കുടുംബ സുഹൃത്തുമായിരുന്നു. എന്റെ പ്രാർത്ഥനകൾ ആ കുടുംബത്തിനൊപ്പം’.

എന്തൊക്കെയോ കുറിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മനസും കൈയും ഒരുമിച്ച് പോകുന്നില്ലെന്നായിരുന്നു ഋഷി കപൂറിന്റെ മരണവാർത്തയിൽ നടുക്കം രേഖപ്പെടുത്തിക്കൊണ്ട് ബോളിവുഡ് താരം തപ്‌സി പന്നു പറഞ്ഞത്. ‘ആ ചിരി, നർമബോധം, ഇതെല്ലാം മിസ് ചെയ്യും. ഇതുപോലെ മറ്റാരും ഇല്ല’-തപ്‌സി കൂട്ടിച്ചേർത്തു.

ഒരു യുഗത്തിന്റെ അവസാനം എന്നാണ് പ്രിയങ്ക ചോപ്ര ട്വിറ്ററിൽ കുറിച്ചത്.

‘നടുക്കത്തിന്റെ ഒരു പരമ്പര…ചിന്റുജി, ബേബക്ക്, ഗരംജോഷ് ഓർ സിന്ദാ ദിൽ..ഈ ചിത്രങ്ങൾ കണ്ടാണ് നമ്മൾ വളർന്നത്. ഹം തും, ഫന, ഡൽഹി 6 തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി കാണുന്നു’- എഴുത്തുകാരനും സിബിഎഫ്‌സി ചെയർമാനുമായ പ്രസൂൺ ജോഷി ട്വിറ്ററിൽ കുറിച്ചു.

ഹൃദയം നുറുങ്ങുന്നുവെന്നായിരുന്നു രജനികാന്തിന്റെ ട്വീറ്റ്.

വാർത്ത വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും ചിന്റുജി (ഋഷി കപൂർ) എപ്പോഴും ചിരിച്ചുകൊണ്ടാണ് നിന്നിരുന്നതെന്നും കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

സിനിമാ മേഖലയ്ക്ക് നികത്താനകാത്ത നഷ്ടമെന്നാണ് സംവിധായകൻ മധുർ ഭണ്ഡാർക്കർ ട്വിറ്ററിൽ കുറിച്ചത്.

തന്റെ ബാല്യകാല ഹീറോ ആയിരുന്നു ഋഷി കപൂറെന്ന് മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെയും അദ്ദേഹത്തിന്റെ വിയോഗത്തിൽ വോദന തോന്നുന്നുവെന്ന് വിരേന്ദർ സേവാഗും കുറിച്ചു.

ഇന്ത്യൻ സിനിമയ്ക്ക് ഇത് മോശം ആഴ്ചയാണെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

Story Highlights- Rishi Kapoor,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top